ദോഹ: ഉൗർജ മേഖലയിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതിവാതകം (എൽ.എൻ.ജി) വാങ്ങുമെന്നും ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി. കുമരൻ പറഞ്ഞു. ഇന്ത്യയുടെ ഉൗർജ പങ്കാളിയായി ഖത്തറിനെയാണ് പരിഗണിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യരായ പ്രകൃതിവാതക കയറ്റുമതിരാജ്യമാണ് ഖത്തറെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഉൗർജ്ജരംഗത്തെ ആവശ്യങ്ങൾ ഭീമമായ തോതിലാണ്. ഇതിനാൽ തന്നെ ഖത്തറിൽ നിന്നും നിലവിലുള്ളതിനേക്കാൾ ഇരട്ടി പ്രകൃതിവാതകം ഇന്ത്യക്ക് ആവശ്യമായി വരുന്നുണ്ട്. ഉൗർജ്ജാവശ്യങ്ങൾ പരിഹരിക്കുന്നതിൽ ഖത്തറിനെ ഇന്ത്യ അംഗീകരിച്ചിരിക്കുകയാണ്. ഭാവിയിലും ഇത് തുടരുമെന്നും പി. കുമരൻ സൂചിപ്പിച്ചു.
ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള വാണിജ്യവ്യാപ്തി ഈയടുത്തായി വർധിച്ചിട്ടുണ്ടെന്നും വാർഷിക വ്യാപാര കണക്കുകൾ പുറത്തുവിടാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തർ ഹോസ്പിറ്റാലിറ്റി പ്രദർശനം 2017നോടനുബന്ധിച്ച് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ അംബാസഡർ. നിരവധി ഇന്ത്യൻ ഭക്ഷ്യ കമ്പനികൾ ഖത്തർ വിപണിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കുകയാണ്. ഇന്ത്യക്കും ഖത്തറിനും ഇടയിൽ നേരിട്ടുള്ള കപ്പൽപാത തുറന്നു. ഇതിനാൽ തന്നെ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഭാവിയിൽ തന്നെ വലിയ വർധനവ് പ്രതീക്ഷിക്കാവുന്നതാണ്.
പ്രദർശനത്തിലെ ഇന്ത്യൻ കമ്പനികളുടെ വർധിച്ച സാന്നിധ്യം ഇതാണ് വ്യക്തമാക്കുന്നത്. ഇത് ഇന്ത്യക്കും ഖത്തറിനും ഒരുപോലെ ഗുണകരമാകും. ഖത്തറിൽ ഉൽപാദന യൂണിറ്റ് ആരംഭിക്കുന്നത് സംബന്ധിച്ച് ചില ഇന്ത്യൻ കമ്പനികൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അംബാസഡർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.