അൽ മഹാസീലിലെ പുഷ്പ പ്രദർശനം
ദോഹ: പ്രാദേശിക ഫാമുകളിൽ നിന്നുള്ള പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിപണന കേന്ദ്രമെന്ന നിലയിൽ ആരംഭിച്ച മഹാസീൽ മേള ഖത്തറിന്റെ കാർഷിക പൈതൃകം പകർന്നുനൽകുന്ന സാംസ്കാരിക വേദിയായി മാറിയിരിക്കുന്നുവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷികകാര്യ വിഭാഗം മേധാവി യൂസുഫ് ഖാലിദ് അൽ ഖുലൈഫി.
പ്രാദേശിക ഉൽപാദന മുന്നേറ്റത്തെക്കുറിച്ചും മേളയിലെ തേൻ, പഴങ്ങൾ, പച്ചക്കറികൾ മുതൽ പാലുൽപന്നങ്ങൾ, പൂക്കൾ, നഴ്സറി ഇനങ്ങൾ വരെയുള്ള ഉൽപന്നങ്ങളുടെ വിപണനത്തെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക മാർഗമെന്ന നിലയിൽ മേളയുടെ പ്രാധാന്യവും അൽ ഖുലൈഫി ചൂണ്ടിക്കാട്ടി. ഖത്തരി കർഷക ഫോറവുമായി സഹകരിച്ചാണ് മഹാസീൽ മേള നടത്തുന്നത്.
കതാറയിലെ സതേൺ മേഖലയിൽ നടക്കുന്ന എട്ടാമത് മഹാസീൽ മേള ഏപ്രിൽ 15 വരെ തുടരും. മുൻ പതിപ്പുകളേക്കാൾ വൈവിധ്യവും പങ്കാളിത്തവും കൊണ്ട് മേള ശ്രദ്ധേയമായെന്ന് അൽ ഖുലൈഫി പറഞ്ഞു.
കതാറയിൽ ആരംഭിച്ച അൽ മഹാസീൽ പ്രദർശനത്തിൽ നിന്ന്
31ലധികം പ്രാദേശിക ഫാമുകൾ പങ്കെടുക്കുന്ന ഈ വർഷത്തെ മേളയിൽ അലങ്കാര സസ്യങ്ങൾ, പുഷ്പ തൈകൾ എന്നിവയിൽ വിദഗ്ധരായ 10 നഴ്സറികൾ എന്നിവയും തേൻ, പാലുൽപന്നങ്ങൾ, വാണിജ്യ കേന്ദ്രങ്ങളുമുണ്ട്.
പഴം, പച്ചക്കറി, പൂക്കൾ എന്നിവ ഉൾപ്പെടുന്ന പ്രീമിയം പ്രാദേശിക ഉൽപന്നങ്ങളുടെ മേളയിലെ പ്രദർശനം രാജ്യത്തിന്റെ കാർഷിക, പാചക മേഖലയെ അടുത്തറിയാൻ താൽപര്യമുള്ള നിരവധി ആഭ്യന്തര, അന്തർദേശീയ സന്ദർശകരെ മേളയിലേക്ക് ആകർഷിക്കുന്നുണ്ട്.കാർഷിക ഉൽപന്നങ്ങൾക്കുപുറമെ ഈത്തപ്പഴങ്ങളുടെ വലിയ ശേഖരം ഇത്തവണ മേളയിലുണ്ട്.
മഹാസീൽ മേള വലിയ വിജയമായിരിക്കുകയാണെന്ന് പങ്കെടുക്കുന്ന ഫാമുടമകൾ അറിയിച്ചു. സന്ദർശകരുടെ ആധിക്യം, പ്രത്യേകിച്ചും വാരാന്ത്യ ദിവസങ്ങളിൽ ഇത്തവണ മേളയിലുണ്ട്. പെരുന്നാളും കഴിഞ്ഞ് ഏതാനും ദിവസം കൂടി തുടരുന്ന മേളയുടെ പ്രവൃത്തി സമയം രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ്. സന്ദർശകർക്ക് സ്വകാര്യ വാഹനത്തിലും ടാക്സി അല്ലെങ്കിൽ മെട്രോ വഴിയും ഇവിടെ എത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.