ലുസൈൽ ട്രാം സർവീസ്
ദോഹ: 2022 ജനുവരിയിൽ സർവിസ് ആരംഭിച്ചതിനു ശേഷം ലുസൈൽ ട്രാമിൽ ഇതുവരെ യാത്രചെയ്തത് ഒരുകോടിയിലേറെ പേർ. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമിടയിൽ ലുസൈൽ ട്രാം സംവിധാനത്തിന്റെ വർധിച്ചുവരുന്ന സ്വീകര്യതയാണ് യാത്രക്കാരുടെ പങ്കാളിത്തം കാണിക്കുന്നത്. ഖത്തർ റെയിൽവേസ് കമ്പനി (ഖത്തർ റെയിൽ) അധികൃതരാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഖത്തറിൻറെ സ്വപ്നനഗരിയാവാൻ ഒരുങ്ങുന്ന ലുസൈൽ സിറ്റിയിലെ പൊതുഗതാഗത സംവിധാനത്തിലെ നട്ടെല്ലാണ് ട്രാം സർവിസ്. 2022 ജനുവരിയിലാണ് ഓറഞ്ച് ലൈനിലെ ഏഴ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ലുസൈൽ ട്രാം സർവിസ് ആരംഭിച്ചത്. തുടർന്ന് 2024 ഏപ്രിലിൽ പിങ്ക് ലൈൻ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2025 ജനുവരിയിൽ ടർക്കോയ്സ് ലൈൻ ഉദ്ഘാടനം ചെയ്ത് ഖത്തർ റെയിൽ സർവിസ് വീണ്ടും വിപുലീകരിച്ചു. ഖത്തിറിന്റെ പരിസ്ഥിതി സൗഹൃദ സ്മാർട്ട് നഗരമെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് ട്രാം സർവിസ്.
നഗരത്തിന്റെ എല്ലാഭാഗത്തേയും ബന്ധപ്പെടുത്തുന്ന ചെറുട്രെയിനുകളായ ട്രാം പ്രത്യേക പാതയിലൂടെയാണ് സർവീസ് നടത്തുന്നത്. നിശ്ചിത വേഗതയിലുള്ള ട്രാംവേ ട്രാക്കുകളിലാണ് ഇവ സഞ്ചരിക്കുക. ലുസൈൽ ട്രാം സർവിസ് ആരംഭിച്ചതിനുശേഷം 2022 ഫിഫ വേൾഡ് കപ്പ്, എ.എഫ്.സി ഏഷ്യൻ കപ്പ്, പുതുവത്സരാഘോഷങ്ങൾ തുടങ്ങി ഏഴോളം പ്രധാന ദേശീയ -അന്തർദേശീയ പരിപാടികളിൽ സന്ദർശകർക്ക് ഗതാഗത സൗകര്യം എളുപ്പമാക്കുന്നതിന് ലുസൈൽ ട്രാം സഹായകമായി. 2022 ഡിസംബർ 18ന് ഫിഫ വേൾഡ് കപ്പ് ഫൈനൽ ദിവസം ലുസൈൽ ട്രാം നെറ്റ്‌വർക്ക് ഉപയോഗിച്ചത് 33,000 യാത്രക്കാരാണ്.
ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റികളിലൊന്നാണ് ഖത്തറിലെ ലുസൈൽ സിറ്റി. മേഖലയിലെ ആദ്യത്തെ ഏറ്റവും വലിയ ഹരിത സ്മാർട്ട് സിറ്റിയും സ്മാർട്ട് ലിവിങ്ങിനുള്ള മാതൃകാ നഗരവുമായി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ തുടർച്ചയാണിത്. ലഗ്ദൈഫിയ, ലുസൈൽ ക്യു.എൻ.ബി സ്റ്റേഷനുകളിൽ ലുസൈൽ ട്രാമിനെ ദോഹ മെട്രോയുമായി ബന്ധിപ്പിച്ചതിലൂടെ ട്രാൻസിറ്റ് മൾട്ടിമോഡൽ കണക്ടിവിറ്റി സേവനം മികച്ചതാക്കി. യാത്രക്കാർക്ക് ട്രാമിനും മെട്രോക്കുമിടയിൽ അധിക പണം നൽകാതെ, ഒരൊറ്റ ട്രാവൽ കാർഡ് ഉപയോഗിച്ച് സഞ്ചരിക്കാൻ സാഹായിക്കുന്നു.
ലുസൈൽ സിറ്റിയുടെ പൂർണ പൊതുഗതാഗതം ഉറപ്പാക്കുന്ന ട്രാം സർവിസ്, ഓറഞ്ച്, പിങ്ക്, പർപ്പിൾ, ടർക്കോയ്സ് എന്നീ നാല് പ്രധാന ലൈനുകളിലായി 25 സ്റ്റേഷനുകളാണ് ആസൂത്രം ചെയ്തത്. ട്രാമിലേക്ക് സൗകര്യമൊരുക്കുന്നതിനായി ഗതാഗത മന്ത്രാലയവും മുവാസലാത്തു (കർവ)മായി സഹകരിച്ച് ഖത്തർ റെയിൽ കൂടുതൽ ബസ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് മെട്രോയുടെ ഫീഡർ സർവീസ് എന്ന നിലയിൽ ട്രാം, മെട്രോ ലിങ്ക് ബസുകൾ എന്നിവയിൽ യാത്ര സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.