ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന റയൽ മാഡ്രിഡ്-ബാ​ഴ്​​സ​ലോ​ണ​ ലെ​ജ​ൻ​ഡ്​​സ്​ എ​ൽ ക്ലാ​സി​കോ മത്സരത്തിൽനിന്ന്

ഇതിഹാസങ്ങൾ കളംനിറഞ്ഞു; മനംനിറഞ്ഞ് ആരാധകർ; ശ്രദ്ധേയമായി ബാഴ്സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് എൽ ക്ലാസികോ

ദോഹ: 2002 ലോകകപ്പ് ക്വാർട്ടർ ഫൈനലിന്റെ ഡി സർക്കിളിനും പുറത്തുനിന്ന് തൊടുത്ത ഫ്രീകിക്ക് ഷോട്ടിനെ ഇംഗ്ലീഷ് പ്രതിരോധനിരക്കാരെയും ഗോളി ഡേവിഡ് സീമാനെയും സാക്ഷിയാക്കി ‘കരിയില’പോലെ വലയിലാക്കിയ സാക്ഷാൽ റൊണാൾഡീന്യോയെ വീണ്ടും കണ്ടു. അത്ഭുതപ്പിറവിയുടെ 22 വർഷത്തിനുശേഷം, 46ാം വയസ്സിലും പ്രായമാവാത്ത പ്രതിഭയുമായി അദ്ദേഹം വീണ്ടും പന്തുതട്ടിയ ദിനം. സഹസ്രാബ്ദത്തിലെ ആദ്യ ലോകകപ്പിൽ നേടിയ അതിശയഗോളിന്റെ ഗാംഭീര്യമില്ലെങ്കിലും ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഡയറക്ട് ഫ്രീകിക്ക് മനോഹാരിത ഒട്ടും ചോർത്താതെ വലയിൽ പതിച്ചപ്പോൾ ആരാധക മനസ്സിൽ പഴയ ഓർമകൾ വീണ്ടും നിറഞ്ഞു.

റൊണാൾഡീന്യോ മാത്രമല്ല, 52കാരനായ ലൂയി ഫിഗോ, സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയ്യ, റിവാൾഡോ, റൗൾ ബ്രാവോ, എറിക് അബിദാൽ, പാബ്ലോ സോറിൻ, ഫ്രാൻസിസ്കോ ബുയോ, ഡി ബോയർ, പാട്രിക് ക്ലൂവെർട്, ക്ലാരൻസ് സീഡോഫ് തുടങ്ങി കഴിഞ്ഞ പതിറ്റാണ്ടുകളിൽ കാൽപന്തു മൈതാനിയിൽ മനോഹരമായ നീക്കങ്ങൾ തീർത്ത ഇതിഹാസങ്ങൾ ഒന്നിച്ച ദിനം.

ഖത്തറിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ലെജൻഡ്സ് എൽ ക്ലാസികോ പ്രദർശന മത്സരമായിരുന്നു കളത്തിലെ പഴയ പോരാളികളുടെ മിന്നുന്ന പോരാട്ടത്തിന് വേദിയായത്. ഇരു നിരകളിലുമായി പഴയകാല ബാഴ്സലോണ-റയൽ മഡ്രിഡ് താരങ്ങൾ ബൂട്ടുകെട്ടിയപ്പോൾ ഗാലറിയുടെ ഓർമകൾ വീണ്ടും ആ പ്രതാപകാലത്തേക്ക് കുതിച്ചു. കളി മതിയാക്കി പതിറ്റാണ്ടുകാലമായെങ്കിലും കാലിൽ പന്തുതൊടുമ്പോൾ അവർ ഊർജപ്രവാഹമുള്ളവരായി മാറി. 40 മിനിറ്റിന്റെ രണ്ടു പകുതികളിലായി നടന്ന മത്സരത്തിൽ ഇരുടീമും രണ്ട് ഗോൾ വീതം നേടിയാണ് ഫുൾടൈം പൂർത്തിയാക്കിയത്. കളിയിലെ ആദ്യഗോൾ എത്തിയത് എട്ടാം മിനിറ്റിൽ പാബ്ലോ സോറിന്റെ ബൂട്ടിൽനിന്നായിരുന്നു.

വിങ്ങിലൂടെ ഓടിയെത്തിയ അർജന്റീനയുടെ പഴയ പടക്കുതിര നീണ്ട തലമുടിയും തിളങ്ങുന്ന കണ്ണുകളുമായി 90കളുടെ അവസാനത്തിലെ കളിയഴക് അസ്തമിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ചു. 16ാം മിനിറ്റിലായിരുന്നു റയലിന്റെ ഇതിഹാസ ഗോൾകീപ്പർ ഫ്രാൻസിസ്കോ ബുയോ കാത്ത റയൽ വലയെ റൊണാൾഡീന്യോ ഫ്രീകിക്കിലൂടെ കുലുക്കിയത്.

വാശിയേറിയ രണ്ടാം പകുതിയിലെ 58ാം മിനിറ്റിൽ സാക്ഷൽ ഫിഗോ അബിദാലിനെയും ഫ്രാങ്ക് ഡിബോയറിനെയും കീഴടക്കി റയലിന്റെ ആദ്യഗോൾ നേടി. അധികം വൈകാതെ മുൻ കൊളംബിയൻ താരം എഡ്വിൻ കോംഗോ റയലിന്റെ സമനില ഗോളും നേടി. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന്റെ ജയവുമായി ബാഴ്സലോണ ലെജൻഡ്സ് എൽ ക്ലാസികോ കിരീടവുമായി മടങ്ങി.

Tags:    
News Summary - Legends El Clasico: Barcelona wins in shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.