സി.ഐ.സി മദീന ഖലീഫ സോണിന്റെ സൗഹൃദ ഇഫ്താർ സംഗമത്തിൽ ഡോ. താജ് ആലുവ സംസാരിക്കുന്നു
ദോഹ: സൗഹാർദത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞ് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സോൺ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. വിശപ്പിന്റെയും ഇല്ലായ്മയുടെയും പ്രയാസങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമായ നോമ്പ്, അനുഗ്രഹങ്ങൾ സഹജീവികൾക്കുവേണ്ടി പങ്കുവെക്കണമെന്ന വലിയ പാഠമാണ് പകർന്നുനൽകുന്നതെന്ന് റമദാൻ സന്ദേശത്തിൽ ഡോ. താജ് ആലുവ പറഞ്ഞു. സാമൂഹിക ബന്ധങ്ങളുടെ ആഘോഷമാണ് റമദാനിൽ സംഭവിക്കുന്നത്. ആത്മനിയന്ത്രണത്തിനും നന്മ നിറഞ്ഞ ജീവിതത്തിനും ഉതകുന്ന ദൈവഭയം വളർത്തിയെടുക്കാൻ വ്രതം സഹായിക്കുന്നു. ഏകദൈവവും വേദഗ്രന്ഥവും പ്രവാചകന്മാരും ഏതെങ്കിലും ഒരു മതാനുയായികൾക്ക് മാത്രമുള്ളതല്ല, മുഴുവൻ മനുഷ്യർക്കും പൊതുവായുള്ളതാണെന്ന അധ്യാപനമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് കരിയാട്, ചന്ദ്രമോഹൻ, അശോകൻ തുടങ്ങിയവർ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. ജയൻ മടിക്കൈ കവിത ആലപിച്ചു.
ക്വിസ് മത്സരത്തിന് അബൂ അഹ്മദ് നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി.ഐ.സി സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. മുജീബുറഹ്മാൻ പി.പി ഖുർആൻ പാരായണം നടത്തി. കുടുംബങ്ങളടക്കം ഇരുന്നൂറിലേറെ പേർ പരിപാടിയിൽ പങ്കെടുത്തു. നഈം അഹ്മദ്, അബ്ദുൽ ജബ്ബാർ, അബൂ റിഹാൻ, മുഹമ്മദ് നജീം, മുഫീദ് ഹനീഫ, ഷിബു ഹംസ, സുഹൈൽ, മുഹമ്മദ് ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.