ദോഹ: പ്ലാസ്റ്റിക് ഐ.ഡി കാർഡിന് പകരമായി സുരക്ഷയും ലളിതമായ ഉപയോഗവും വാഗ്ദാനംചെയ്ത് ഖത്തർ ഡിജിറ്റൽ ഐ.ഡി കാർഡ് ആപ്ലിക്കേഷൻ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 14ാമത് മിലിപോൾ പ്രദർശനത്തിലാണ് ഖത്തർ ഡിജിറ്റൽ ഐ.ഡി കാർഡ് പുറത്തിറക്കിയത്. അധികം വൈകാതെതന്നെ ഡിജിറ്റൽ ഐ.ഡി സ്വദേശികൾക്കും താമസക്കാർക്കും ഉപയോഗപ്പെടാനാവുന്ന വിധത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കും.
പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഖത്തർ ഐ.ഡിയെ തീർത്തും ഡിജിറ്റലാക്കി മാറ്റുന്ന വിധത്തിലാണ് പുതിയ ആപ്ലിക്കേഷൻ നടപ്പാവുന്നത്. സൈബർ ഇടങ്ങളിൽ ഐ.ഡി ഉപയോഗിക്കുമ്പോൾ സുരക്ഷിതത്വവും ഉറപ്പാക്കുന്നു. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നുകൂടിയാണ് ഇത്.
ഉപയോക്താക്കളുടെ ഡിജിറ്റല്‍ ഐഡന്റിറ്റിയില്‍ ഉയര്‍ന്ന വിശ്വാസ്യത കൈവരിക്കാന്‍ കഴിയുന്നതും സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ആപ്ലിക്കേഷനായിരിക്കും ഖത്തർ ഡിജിറ്റൽ ഐ.ഡി കാർഡ്. മെട്രാഷുമായി ബന്ധിപ്പിച്ചായിരിക്കും പ്രവർത്തനം. ഉപയോക്താവിന്റെ മുഖമായിരിക്കും ഡിജിറ്റൽ ഐ.ഡിയുടെ തിരിച്ചറിയലിന് പ്രധാനമായും ആശ്രയിക്കുന്നത്. സേവനം ഉപയോഗിക്കാന്‍ അർഹനായ വ്യക്തികളുടെ ഐഡന്റിറ്റിയും സാധുതയും ആധികാരികമാക്കുന്നതിനൊപ്പം ഇന്റര്‍നെറ്റുകളിലൂടെയുള്ള ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കി സുരക്ഷിത സൈബര്‍ ഇടങ്ങള്‍ എന്ന ആശയത്തിനും ആപ്ലിക്കേഷന്‍ വഴിയൊരുക്കും.
വ്യക്തികളുടെ ഇലക്ട്രോണിക് സിഗ്നേച്ചറുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഉപയോക്താവിന്റെ ഐഡന്റിറ്റി തയാറാക്കുന്നത്. ദേശീയ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റിയിലുണ്ടാകും.
രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള ഇലക്ട്രോണിക് ഇടപാടുകള്‍ അംഗീകരിക്കുന്നതിനും ഇടപാടുകളെ സൈബര്‍ തട്ടിപ്പുകളില്‍നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്.
ഉപയോക്താവിന്റെ ഒപ്പ് നിരസിക്കുന്നത് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കി ഒപ്പിട്ട വ്യക്തിയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രായോഗികവും വിശ്വസനീയവുമായ സംവിധാനമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്. രാജ്യത്തെ ഇലക്ട്രോണിക് ഇടപാടുകളിലുള്ള വിശ്വാസ്യത ഉയര്‍ത്താനും കഴിയും.
സര്‍ട്ടിഫിക്കറ്റുകളിലും രേഖകളിലും ഓണ്‍ലൈനില്‍ സീല്‍ പതിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് സീലുകളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ആദ്യഘട്ടത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനു മാത്രമായിരുന്നു ഇലക്ട്രോണിക് സീൽ ലഭ്യമാവുക. പിന്നീട്, മറ്റു മന്ത്രാലയങ്ങൾക്കും ഇലക്ട്രോണിക് സീൽ തയാറാക്കും. പതിപ്പിച്ച സീലുകളിൽ കൃത്രിമം നടത്തുന്നതും വ്യാജ സീലുകൾ ഉപയോഗിച്ച് രേഖകൾ തയാറാക്കുന്നതും തടയുന്നതിന്റെ ഭാഗമായാണിത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച രേഖകൾ സൂക്ഷിക്കാനും സേവന ഇടപാടുകൾ ലഭ്യമാക്കാനുമായി ഡിജിറ്റൽ വാലറ്റും ആപ്ലിക്കേഷനിലുണ്ട്. ഖത്തർ ഐ.ഡികാർഡിനൊപ്പം, ഡ്രൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് എന്നിവയുടെയെല്ലാം ഡിജിറ്റല്‍ കോപ്പിയും പുതുതായി അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്റെ വാലറ്റിൽ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.