ദോഹ: പുകച്ചുരുളുകൾക്കൊപ്പം മനംമയക്കും സുഗന്ധംപരത്തുന്ന ഷീഷ കാണുമ്പോൾ അറിയാതെയെങ്കിലും ഒന്നാഞ്ഞു വലിക്കാത്തവരായി ആരുമുണ്ടാവില്ല. ഖത്തർ ഉൾപ്പെടെ അറബ് നാടുകളുടെ പാരമ്പര്യത്തിന്റെ അടയാളം കൂടിയായ ഷീഷവലി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവർക്കുമറിയുന്നതുമാണ്. വിവിധ ഫ്ളേവറുകളിലുള്ള പുകയില ഒരുതരം വാട്ടർ പൈപ്പ് ഉപയോഗിച്ച് വലിക്കുന്നതാണ് ഷീഷ അഥവ ഹുക്ക എന്നു പറയുന്നത്. സ്വദേശികൾക്കും സന്ദർശകരായെത്തുന്ന വിദേശികൾക്കും താമസക്കാർക്കും ഇടയിൽ ഹരമായ ഷീഷവലി നിയന്ത്രിക്കാൻ പിടിപ്പത് പദ്ധതികളാണ് ആരോഗ്യ വിഭാഗങ്ങൾ ഒരുക്കുന്നത്.
വർധിച്ചുവരുന്ന ഷീഷവലി കുറക്കുന്നതിനുള്ള സുപ്രധാന നീക്കത്തിനുതന്നെ ഹമദ് മെഡിക്കൽ കോർപറേഷൻ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എച്ച്.എം.സിക്ക് കീഴിലുള്ള ലോകാരോഗ്യ സംഘടനയുടെ സഹകരണകേന്ദ്രം കൂടിയായ പുകയില നിയന്ത്രണകേന്ദ്രം ഷീഷവലി നിർത്തുന്നതിനുള്ള ഫലപ്രദമായ ചികിത്സാ രീതികൾ കണ്ടെത്തുന്നതിന് ക്ലിനിക്കൽ പഠനം ആരംഭിച്ചു. ഖത്തറിലും മേഖലയിലും ഇത്തരത്തിലുള്ള ആദ്യ ചുവടുവെപ്പാണ് എച്ച്.എം.സി നടത്തിയിരിക്കുന്നത്.
ഖത്തർ റിസർച്, ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിലുമായി സഹകരിച്ച് നടത്തിയ പഠനത്തിലൂടെ ഷീഷവലി ഉപേക്ഷിക്കാൻ സഹായിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതികൾ വിലയിരുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
പുകയില ഉപയോഗം തടയുന്നതിനും രാജ്യത്തെ ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ചുവടുവെപ്പ്. പുകയില നിയന്ത്രണ കേന്ദ്രത്തിന്റെ 2019ലെ സർവേ പ്രകാരം ഖത്തറിലെ മുതിർന്നവരിൽ 25.2 ശതമാനം പേരാണ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ 8.3 ശതമാനനവും ഷീഷ വലിക്കുന്നവരാണ്. ഷീഷവലിക്കാരിലെ ഈ ഉയർന്ന ശതമാനമാണ് അധികൃതരെ ക്ലിനിക്കൽ പഠനം നടത്താനും ഷീഷവലി ഉപേക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇടപെടലുകൾക്കായി മുന്നോട്ടിറങ്ങാനും പ്രേരിപ്പിച്ചത്.
ഖത്തറിലെ 18 വയസ്സിന് മുകളിലുള്ളവരും സ്ഥിരമായി ഷീഷ ഉപയോഗിക്കുന്നവരുമായ പൗരന്മാരെയും താമസക്കാരെയുമാണ് ഈ ചുവടുവെപ്പിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സർക്കാർ കാര്യാലയങ്ങൾ, ആശുപത്രികൾ, സർവകലാശാലകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ഇതിന്റെ ഭാഗമായി ഫീൽഡ് സന്ദർശനങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
2016ലെ 10ാം നമ്പർ നിയമം പോലുള്ള ഖത്തറിന്റെ കർശനമായ പുകയില നിയന്ത്രണ നിയമങ്ങളും തുടർച്ചയായ ബോധവത്കരണ കാമ്പയിനുകളും ഉണ്ടായിരുന്നിട്ടും ഷീഷ വലിക്കുന്നത് ദോഷകരമല്ലെന്നാണ് പലരും വിശ്വസിക്കുന്നതെന്നും, എന്നാൽ ശാസ്ത്രീയമായ തെളിവുകൾ ഈ വിശ്വാസത്തിന് വിരുദ്ധമാണെന്നും പുകയില നിയന്ത്രണകേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. അഹ്മദ് മുഹമ്മദ് അൽ മുല്ല പറഞ്ഞു. ഷീഷ വലിക്കുന്നവരിലേക്ക് ഉയർന്ന അളവിൽ നിക്കോട്ടിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ എത്തുന്നുവെന്നും, ഷീഷയുടെ ആസക്തി സ്വഭാവം ക്രമേണ വർധിക്കുകയും ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാവുകയും ചെയ്യുന്നുവെന്നും ഡോ. അൽ മുല്ല കൂട്ടിച്ചേർത്തു.
പഠനത്തിന്റെ കണ്ടെത്തലുകൾ ഷീഷവലിക്കുന്നത് നിർത്തുന്നതിനായി വിവരാധിഷ്ഠിത ദേശീയ നയങ്ങൾ രൂപപ്പെടുത്താനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകാനും സഹായിക്കുമെന്ന് ഡോ. അൽ മുല്ല വ്യക്തമാക്കി. ഷീഷ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് ഖത്തർ സർവകലാശാലയുടെ 2023ലെ ഗവേഷണ പഠനവും വെളിപ്പെടുത്തിയിരുന്നു. ഷീഷ വലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രീയ അടിത്തറയുള്ള ചികത്സ നൽകുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും ഈ ഗവേഷണം നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.