ഗസ്സ ഹമദ് ബിൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ നടക്കാൻ സഹായിക്കുന്ന ജീവനക്കാർ
ദോഹ: മുറിവുകളിൽ മരുന്ന് പുരട്ടിയും, യുദ്ധം സർവനാശം വിതച്ച ഫലസ്തീനികളെ പതിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചും ഗസ്സയിലെ ഖത്തറിന്റെ ആതുരാലയമായ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനി ആശുപത്രി വീണ്ടും പ്രവർത്തനമാരംഭിച്ചു. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടം നേരിട്ട ആശുപത്രിയാണ് കഴിഞ്ഞ ദിവസം വീണ്ടും സജീവമായി തുടങ്ങിയത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന് (ക്യു.എഫ്.എഫ്.ഡി) കീഴിലാണ് റിഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സ് ആശുപത്രി പ്രവർത്തിക്കുന്നത്. യുദ്ധത്തിലും ഇസ്രായേൽ ആക്രമണങ്ങളിലും അംഗവൈകല്യം സംഭവിച്ചവരെ പുതു ജീവിതത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കേന്ദ്രമായി മാറിയ ഈ ആതുരാലയം 2019 ഏപ്രിലിലായിരുന്നു ഉദ്ഘാടനം ചെയ്തത്.
ഇതുവരെയായി 40,000ത്തോളം പേർക്ക് ലോകോത്തര ചികിത്സ നൽകുകയും, അംഗവൈകല്യങ്ങൾ മാറ്റി ജീവിത്തിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. പ്രോസ്തെറ്റിക്സ്, ഓഡിയോളജി ആൻഡ് ബാലൻസ്, മെഡിക്കൽ റിഹാബിലിറ്റേഷൻ എന്നീ മേഖലയിൽ ഗസ്സയിലെ ഏറ്റവും മികച്ചതും വിപുലവുമായ പുനരധിവാസ ആശുപത്രിയാണ് ഇത്. എന്നാൽ, ഒന്നര വർഷം മുമ്പ് ഇസ്രായേൽ ആക്രമണം ആരംഭിച്ചതോടെ പ്രവർത്തനം നിലക്കുകയായിരുന്നു.
ഗസ്സയിലെ പിതാവ് അമീർ ഹമദ് ബിൻ ഖലീഫ ആശുപത്രി
ആക്രമണത്തിൽ ആശുപത്രി സംവിധാനങ്ങൾക്ക് നാശം സംഭവിച്ചതായും 45 ലക്ഷം ഡോളറിന്റെ നഷ്ടം നേരിട്ടുവെന്നും ഹമദ് ആശുപത്രി മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഡോ. ഖാലിദ് അബ്ദുൽ ഹാദി പറഞ്ഞു. മെഡിക്കൽ എമർജൻസിയെ തുടർന്ന് പ്രവർത്തന ശേഷം ആദ്യ ഘട്ടത്തിൽ 70 ശതമാനം കുറക്കുകയും പിന്നീട് സേവനം നിർത്തുകയും ചെയ്തു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് പ്രവർത്തനം സജീവമാക്കാൻ വീണ്ടും തീരുമാനിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലൂടെ ആശുപത്രി പ്രവർത്തനം പൂർണനിലയിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം. ഒരാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും, ആശുപത്രി പരിസരം സജ്ജമാക്കുകയും ചെയ്യും. വൈകല്യമുള്ളവർക്ക് ആവശ്യമായ 4500ഓളം പ്രോസ്റ്റെറ്റിക്സാണ് തയാറാക്കുന്നത്.
രണ്ടാം ഘട്ടത്തിൽ ഒ.പി ക്ലിനിക് ആരംഭിച്ച്, വിവിധ ആരോഗ്യ വെല്ലുവിളി നേരിടുന്നവർക്കുള്ള പുനരവധിവാസ പരിചരണം നൽകിത്തുടങ്ങും. ലാബ് സൗകര്യവും ആരംഭിക്കും. യുദ്ധത്തിൽ പരിക്കേറ്റ 24,000ത്തോളം പേർ റിഹാബിലിറ്റേഷൻ ചികിത്സക്കായി ആശുപത്രി സേവനം കാത്തിരിക്കുന്നു. മൂന്നാം ഘട്ടത്തിൽ ഇൻപേഷ്യൻസ് റിഹാബിലിറ്റേഷനും ആരംഭിക്കും.
ഗസ്സക്കാരുടെ പ്രധാന ആശ്രയങ്ങളിലൊന്നായ ആശുപത്രിയുടെ സേവനം പുനരാരംഭിക്കാൻ അവസരമൊരുക്കിയതിന് ഖത്തർ ഭരണകർത്താക്കളോടും സർക്കാറിനോടും നന്ദി അറിയിക്കുന്നതായി ഡോ. ഖാലിദ് അബ്ദുൽ ഹാദി പറഞ്ഞു.
വെല്ലുവിളികൾക്കിടയിലും, വലിയ പരിശ്രമങ്ങളുടെ ഫലമായി ആശുപത്രി പ്രവർത്തനം പുനരാരംഭിച്ചതായി ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ ഫഹദ് അൽ സുലൈതി പറഞ്ഞു. ഗസ്സയിലെ നമ്മുടെ ജനങ്ങൾ നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ നിർണായക ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.