ദോഹ: ഖത്തറിന്റെ പരിസ്ഥിതിയിലെ നുഴഞ്ഞുകയറ്റക്കാരായ മൈനകൾക്കെതിരെ നടപടികൾ കർശനമാക്കി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പരിസ്ഥിതിക്ക് ആഘാതമായ കുടിയേറ്റ പക്ഷികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തിലെ ആദ്യ നാലു മാസങ്ങളിലായി പിടികൂടിയ മൈനകളുടെ എണ്ണം 5936 ആയി ഉയർന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചാണ് ഇവയെ പിടികൂടുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ ശാസ്ത്രീയവും ആസൂത്രിതവുമായ പദ്ധതികളിലൂടെയാണ് മൈന നിയന്ത്രണം അധികൃതർ നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം 16 ഇടങ്ങളിലായിരുന്നു പ്രത്യേക കൂടുകൾ തയാറാക്കി സ്ഥാപിച്ചതെങ്കിൽ ഇത്തവണ 33 സ്ഥലങ്ങളിൽ കൂടുകൾ വെച്ചാണ് മൈനകളെ കെണിയിലാക്കുന്നത്. മൈനകളുടെ കൂടുതൽ സാന്നിധ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇവിടങ്ങളിൽ കെണിയൊരുക്കി പിടികൂടുന്നത്. കഴിഞ്ഞ വർഷം 150ഓളം കൂടുകൾ സ്ഥാപിച്ചപ്പോൾ, ഈ ഏപ്രിൽ മാസത്തിൽ 33 സ്ഥലങ്ങളിലായി സ്ഥാപിച്ച കൂടുകളുടെ എണ്ണം 540 ആയി വർധിച്ചു.
ജനുവരിയിൽ 434 കൂടുകളിലൂടെ 1512 മൈനകളെയാണ് പിടികൂടിയത്. ഫെബ്രുവരിയിൽ 1350ഉം, മാർച്ചിൽ 1461ഉം, ഏപ്രിലിൽ 1613ഉം ആയി വർധിച്ചു. മുൻവർഷം ആദ്യ നാലു മാസങ്ങളിൽ ഇത് 2791 എന്ന നിലയിൽനിന്നാണ് ഇത്തവണ 5936ലേക്ക് ഉയർന്നത്.
ഖത്തറിന്റേത് ഉൾപ്പെടെ മേഖലയിലെ പരിസ്ഥിതി, ജൈവ വൈവിധ്യങ്ങൾക്ക് ഭീഷണിയായ പക്ഷിയായാണ് മൈനയെ കണക്കാക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്നും പറന്നെത്തി കുടിയേറുന്ന ഇവ, തിരിച്ചു പോകാതെ ഇവിടെ പെരുകുന്നതാണ് പരിസ്ഥിതി നിരീക്ഷകർ നേരിടുന്ന വെല്ലുവിളി.
സാധാരണ സീസണുകളിലെത്തുന്ന ദേശാടന കിളികൾ നിശ്ചിത സമയത്തിനുശേഷം മടങ്ങുന്നുവെങ്കിൽ ഇവ വാസം ഉറപ്പിക്കുകയും, കുടിയേറിയ സ്ഥലങ്ങളിലെ പരിസ്ഥിതിക്ക് ആഘാതമായി തുടരുകയും ചെയ്യുന്നതായി പക്ഷി നിരീക്ഷകർ പറയുന്നു. ഇതോടെയാണ് 2022 നവംബർ മുതൽ പരിസ്ഥിതി മന്ത്രാലയം മൈന പിടിത്തം സജീവമാക്കിയത്.
മൈനകളെ പിടികൂടി നിയന്ത്രിക്കാനുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം ഖത്തർ റിസർച് ആൻഡ് ഡെവലപ്മെന്റ് കൗൺസിൽ ഗവേഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.