ആദ്യ സൗജന്യ ചാർ​ട്ടേഡ്​ വിമാനം പറത്തിയ സംഘടന കൾച്ചറൽ ഫോറം; 170 യാത്രക്കാരുടെ സ്വപ്​നം യാഥാർഥ്യം

ദോഹ: ദോഹയിൽ നിന്നും കൾച്ചറൽ ഫോറം ഏർപ്പാടാക്കി പറന്നുയർന്ന ആ വിമാനത്തിന്​​ ഒരുപാട്​ കഥകൾ പറയാനുണ്ട്​. സങ്കടങ്ങൾ സന്തോഷമായി മാറിയ, സ്വപ്​നങ്ങൾ യാഥാർഥ്യമായി മാറിയ സുന്ദര കഥകൾ. ആ വാഹനം നിറയെ ഖത്തറിലെ തീർത്തും അർഹരായ, വിമാനടിക്കറ്റിന്​ പണമില്ലാത്തതിന്‍റെ പേരിൽ നാടണയാൻ കാത്തുകാത്തിരുന്നവരാണ്​. അങ്ങിനെ 170 പേർ. എല്ലാവരെയും സൗജന്യമായാണ്​ കൾച്ചറൽ ഫോറം നാടിൻന്‍റെ സ്​നേഹത്തിലേക്ക്​ ലാൻറ്​ ചെയ്യിക്കുന്നത്​.

ഖത്തറിൽ നിന്നും ഒരു സംഘടന പൂർണമായും സൗജന്യമായി ഏർപ്പെടുത്തിയ ആദ്യ ചാർ​ട്ടേർഡ്​ വിമാനമെന്നത്​ കൾച്ചറൽ ഫോറത്തി​േൻറതായി. ജനസേവനം തന്നെയാണ്​ ദൈവാരാധനയെന്ന്​ വിശ്വസിച്ച്​ അതിലേക്ക്​ മെയ്യും മനസും പാക​െപ്പടുത്തിയ പ്രവർത്തകർ. ആഴ്​ചകളായുള്ള അവരുടെ പകലന്തിയില്ലാത്ത കഠിനപ്രയത്​നം. ആ സ്വപ്​നം കൂടിയാണ്​ യാഥാർഥ്യമായി ഞായറാഴ്​ച രാവിലെ 11ന്​ ദോഹ വിമാനത്താവളത്തിൽ നിന്ന്​ ചിറകുവിടർത്തി പറന്നുയർന്നത്​​. വൈകീട്ട് അഞ്ചിന്​ ഗോ എയർ വിമാനം കോഴിക്കോട്​ വിമാനത്താവളത്തിലുമെത്തും.

സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി), അസീം ടെക്നോളജീസ് എന്നിവയുടെ സഹകരണത്തോടെയാണ് കൾച്ചറൽ ഫോറം സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കിയത്. കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്നവരുമാനക്കാർ, ഗാർഹിക ജോലിക്കാരായ അർഹരായ വനിതകൾ, വിസ ഓൺ അറൈവൽ, ബിസിനസ് വിസ എന്നിവയിൽ ഖത്തറിൽ വന്ന് തിരിച്ച് പോകാൻ പ്രയാസപ്പെട്ട സ്ത്രീകൾ, ജോലി നഷ്​ടപ്പെട്ട രോഗികളായ താഴ്ന്നവരുമാനക്കാർ തുടങ്ങിയവരെയാണ് മുൻഗണന പട്ടിക പ്രകാരം സൗജന്യവിമാനത്തിലെ​ യാത്രക്കായി തെരഞ്ഞെടുത്തത്.

രാവിലെ ആറിന്​ തന്നെ യാത്രക്കാർ വിമാനത്താവളത്തിലെത്തിയിരുന്നു. ടിക്കറ്റ് വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ടീം വെൽഫെയറിൻെറ നേതൃത്വത്തിലാണ്​ നടന്നതെന്ന്​ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മുനീഷ് എ.സി അറിയിച്ചു.

കോവിഡ് കാലത്ത് പ്രവാസി സമൂഹത്തിൽ വൈവിധ്യങ്ങളായ ജനസേവന പ്രവർത്തനങ്ങൾക്കാണ്​ ഇതിനകം തന്നെ കൾച്ചറൽ ഫോറം നേതൃത്വം നൽകിയത്​. കോവിഡ് കാലത്ത് യാത്രാ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നൂറ് സൗജന്യ ടിക്കറ്റുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വന്ദേഭാരത് വിമാനത്തിൽ നിരവധി പേർ കൾച്ചറൽ ഫോറം ടിക്കറ്റ് ഉപയോഗപ്പെടുത്തി ഇതിനകം നാട്ടിലെത്തിയിട്ടുണ്ട്. വെൽഫെയർ പാർട്ടി കേരള ഘടകം പ്രഖ്യാപിച്ച സൗജന്യ ടിക്കറ്റ്​ പദ്ധതിയുടെ ഭാഗമായാണ് കൾച്ചറൽ ഫോറം ഖത്തറിൽ നൂറ് സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചിരുന്നത്.

ഖത്തറിൽ നിന്നുള്ള പ്രവാസി സംഘടനകളുടെ ആദ്യ സൗജന്യ ചാർട്ടേഡ് വിമാനം എന്ന പ്രഖ്യാപനം നടപ്പിലാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രസിഡൻറ്​ ഡോ. താജ് ആലുവ പറഞ്ഞു. കൂടുതൽ സംഘടനകൾ സൗജന്യ ചാർട്ടേഡ് വിമാനങ്ങളുമായി മുന്നോട്ട് വരാൻ ഇത്​ പ്രചോദനമാകും. ഫോറത്തിന് കീഴിലുള്ള ആദ്യചാർട്ടേഡ് വിമാനം കഴിഞ്ഞ ദിവസം തന്നെ കണ്ണൂരിലേക്ക് പോയിരുന്നു. മൂന്നാമത് ചാർട്ടേഡ് വിമാനം ഈ മാസം 30ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.