ദോഹ: രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് ആവശ്യമായിരുന്ന സ്പോൺസറുടെ അനുമതി (എക്സിറ്റ് പെർമിറ്റ്) റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ രണ്ട് ദിവസവും എയർപോർട്ടിൽ ബന്ധപ്പെട്ട നടപടികൾ പ്രയാസ രഹിതമായി നടത്താൻ സാധിച്ചതായി എയർപോർട്ട് എമിേഗ്രഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റാഷിദ് അൽമസ്റൂഇ അറിയിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് രാജ്യത്തെ സ്വകാര്യ കമ്പനികളിലെ ജീവനക്കാർ പ്രതീക്ഷിച്ചിരുന്ന തീരുമാനം പ്രാബല്യത്തിൽ വന്നത്. നേരത്തെ ഖത്തറിൽ ഇഖാമയുള്ള ഏതൊരാൾക്കും രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ ബന്ധപ്പെട്ട തൊഴിലുടമയുടെ അനുമതി രേഖാമൂലം നേടണമായിരുന്നു. ഇത് പലപ്പോഴും തൊഴിലാളികൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന സമയങ്ങളിൽ നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരുന്നു. ദീർഘ കാലത്തെ പഠനത്തിനും ചർച്ചകൾക്കും ശേഷമാണ് ഈ തീരുമാനം നിലവിൽ വന്നത്.
പുതിയ എക്സിറ്റ് തീരുമാനം വന്നതോടൊപ്പം കമ്പനികളിലെ അഞ്ച് ശതമാനം ജീവനക്കാരെ ആവശ്യമെങ്കിൽ എക്സിറ്റ് പെർമിറ്റ് ആവശ്യമുള്ളവരുടെ ഗണത്തിൽ പെടുത്താമെന്ന ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇത് അനുവദിക്കണമെങ്കിൽ അതാത് കമ്പനികൾ നേരത്തെ തന്നെ ഈ ഗണത്തിൽ ഉൾപ്പെടുത്തേണ്ട ജീവനക്കാരുടെ പട്ടിക നൽകിയിരിക്കണം.
ഈ പട്ടിക മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തിൽ കൂടരുതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനികളിലെ ജോലിയുടെ സ്വഭാവം അനുസരിച്ച് മാത്രമേ ഈ പട്ടിക തയാറാക്കാൻ പാടുളളൂവെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നേരത്തെ തന്നെ ജീവനക്കാരുടെ പാസ്പോർട്ടുകൾ കമ്പനികൾ വാങ്ങി വെക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.