ദോഹ: ഖത്തറിലെ സംരംഭകർക്കും നിക്ഷേപകർക്കും ബിസിനസിലെ പുതുവഴികളിലേക്ക് വെളിച്ചം പകർന്ന ‘ബോസസ് ഡേ ഔട്ട്’നു പിന്നാലെ വ്യത്യസ്തമായൊരു ബിസിനസ് മീറ്റുമായി ‘ഗൾഫ് മാധ്യമം’ വീണ്ടുമെത്തുന്നു.
തൊഴിൽ തേടിയെത്തിയ പ്രവാസമണ്ണിൽ കഠിനാധ്വാനവും ദീർഘവീക്ഷണവും കൈമുതലാക്കി സംരംഭങ്ങൾ പടുത്തുയർത്തി വിജയക്കൊടി പറത്തിയവർ തങ്ങളുടെ അനുഭവങ്ങളുമായെത്തുേമ്പാൾ അവരുടെ വിജയഗാഥ കേൾക്കാനും പകർത്താനും ഒരു അവസരം.
ചരിത്രമെഴുതിയ സംരംഭകർ മനസ്സു തുറക്കുന്ന വേദിയിൽ പുതു സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന പുതുസംരംഭകർക്ക് അറിയാനും പിന്തുടരാനും ഒരുപാട് പാഠങ്ങളുമായി ‘ഗൾഫ് മാധ്യമം -എലവേറ്റ് ഖത്തർ ബിസിനസ് സമ്മിറ്റ്’ എത്തുന്നു.
ഖത്തറിലെ ചെറുകിട -ഇടത്തരം സംരംഭകരും, വമ്പൻ വ്യവസായമായി വിവിധ രാജ്യങ്ങളിലേക്ക് പടർന്നു പന്തലിച്ചവരുമെല്ലാം ഒരു കുടക്കീഴിലിരുന്ന് ഭാവി ഖത്തറിന്റെ ബിസിനസ് സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു പകൽ.
ഒക്ടോബർ 19ന് ഖത്തറിലെ പ്രശസ്തമായ ദുസിത് ഡി ടു ഹോട്ടലിലാണ് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 4.30 വരെ ‘എലവേറ്റ് ഖത്തർ ബിസിനസ് സമ്മിറ്റ്’ അരങ്ങേറുന്നത്. ഖത്തറിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ ചെറുകിട-ഇടത്തരം ബിസിനസ് സംരംഭങ്ങൾക്ക് മികവിന്റെ പാതയിലേക്ക് വഴികാട്ടിയാകുന്ന ഒന്നായിരിക്കും ‘എലവേറ്റ് ഖത്തർ ബിസിനസ്’ സമ്മിറ്റ് എന്ന് സംഘാടകർ അറിയിച്ചു.
നൂതന ബിസിനസ് ആശയങ്ങൾ, പുതിയ കാലത്തിനൊപ്പം കുതിച്ചുപായാനുള്ള സാങ്കേതിക മാർഗ നിർദേശങ്ങൾ, തൊഴിലാളികളുടെ ഫലപ്രദമായ മാനേജ്മെൻറ്, സാമ്പത്തിക പ്ലാനിങ്, പ്രവർത്തന ശേഷി മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിചയസമ്പന്നർ സംസാരിക്കും. ആശയങ്ങളും ചിന്തകളും സജീവമാകുന്ന പകലിലേക്ക് ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.