എജുക്കേഷൻ എക്സലൻസ് അവാർഡുകൾ മർയം അബ്ദുല്ല അൽ മുഹന്നദി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു
ദോഹ: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള എജുക്കേഷൻ എക്സലൻസ് അവാർഡ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഫെബ്രുവരി 23ന് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ ജേതാക്കളെ ആദരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തരി സമൂഹത്തിൽ സർഗാത്മകതയും മികവും വളർത്തുന്നതിനായി വിവിധ മേഖലകളിൽ ഉന്നത വിജയം കാഴ്ചവെച്ച വിദ്യാർഥികളെയും വ്യക്തികളെയുമാണ് ചടങ്ങിൽ ആദരിക്കുക.
എജുക്കേഷൻ എക്സലൻസ് അവാർഡിന്റെ 18ാമത് പതിപ്പിലേക്ക് ഒമ്പത് വിഭാഗങ്ങളിലായി 277 നാമനിർദേശങ്ങളാണ് ലഭിച്ചതെന്ന് അവാർഡ് സി.ഇ.ഒ മർയം അബ്ദുല്ല അൽ മുഹന്നദി പറഞ്ഞു. പ്രൈമറി സ്കൂൾ വിഭാഗത്തിൽ 21 പേരും പ്രിപ്പറേറ്ററി സ്കൂൾ വിഭാഗത്തിൽ 12 പേരും സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ എട്ടുപേരും അവാർഡിനർഹരായി. സർവകലാശാല തലത്തിൽ 27 പേരാണ് അവാർഡിനർഹരായത്. ശാസ്ത്ര ഗവേഷണ വിഭാഗത്തിലെ മികവിന് ഒരാളും അധ്യാപക വിഭാഗത്തിലെ മികവിന് മൂന്നുപേരും അവാർഡിനർഹരായെന്നും അവർ കൂട്ടിച്ചേർത്തു.
ബിരുദാനന്തര ബിരുദ വിഭാഗത്തിൽ രണ്ടുപേർക്കാണ് അവാർഡ് ലഭിച്ചത്. പിഎച്ച്.ഡി വിഭാഗത്തിൽ മൂന്നുപേർക്കും അവാർഡ് ലഭിച്ചു. പ്രൈമറി വിഭാഗത്തിൽ 12 വിദ്യാർഥികൾ പ്ലാറ്റിനം മെഡലുകളും ഒമ്പത് വിദ്യാർഥികൾ സ്വർണ മെഡലും നേടി. പ്രിപറേറ്ററി വിഭാഗത്തിൽ ആറുപേർ വീതം പ്ലാറ്റിനം, സ്വർണ മെഡലുകൾ കരസ്ഥമാക്കി. സെക്കൻഡറി വിഭാഗത്തിൽ നാലുവീതം വിദ്യാർഥികൾ പ്ലാറ്റിനം, സ്വർണ മെഡലുകൾ നേടിയപ്പോൾ, സർവകലാശാല വിഭാഗത്തിൽ നാല് വിദ്യാർഥികൾ പ്ലാറ്റിനം മെഡലും, 23 വിദ്യാർഥികൾ സ്വർണ മെഡലും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.