ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. 74, 90 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 284 ആയി. ശനിയാഴ്ച 614 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 382 പേർക്ക് രോഗമുക്തിയുമുണ്ടായി. 483 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 131 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിൽ രാജ്യത്ത് 14,296 കോവിഡ് രോഗികളാണുള്ളത്. ശനിയാഴ്ച 11,300 പേരെയാണ് പരിശോധിച്ചത്. ആകെ 17,06,760 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,77,135 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,62,555 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1,365 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 218 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 259 പേരുമുണ്ട്. ഇതിൽ 34 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്.
രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ഡിസംബർ മധ്യം മുതൽ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണ വിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിൽ കൂടുന്നുണ്ട്. ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസിെൻറ ബ്രിട്ടൻ വകഭേദവും ദക്ഷിണാഫ്രിക്കൻ വകഭേദവും ഖത്തറിൽ പടരുകയാണ്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള ഇനം വൈറസാണ് ഇത്. ൈവറസിെൻറ ദക്ഷിണാഫ്രിക്കൻ വകഭേദം ഏറെ മാരകമാണ്.
ഈ വൈറസ് ബാധിച്ച് ഈ ആഴ്ച രാജ്യത്ത് മരിച്ചത് ഏഴുപേരാണ്. പ്രധാന ഭീഷണിയായി ഇൗ വൈറസ് മാറിയിട്ടുണ്ട്. വൈറസിെൻറ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ കാണിക്കില്ല. എന്നാൽ, ഇത് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പെെട്ടന്ന് പടരുന്നു. പലരിലും ഇത് മാരകമാകുകയും ചെയ്യുന്നുണ്ട്. ബ്രിട്ടൻ വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കൻ വകഭേദം.
പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാംവരവ് തടയാനാകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടി തുടരുകയാണ്. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. പുതിയ സാഹചര്യം നേരിടൻ എല്ലാ സൗകര്യങ്ങളും ആരോഗ്യമേഖല ഒരുക്കിയിട്ടുണ്ട്.
നിലവിെല സാഹചര്യം രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. നേരിട്ടുള്ള സാധാരണ പരിശോധനകൾ ഒഴിവാക്കി ആശുപത്രികൾ ഓൺലൈൻ പരിശോധനയിലേക്ക് മാറിയിട്ടുണ്ട്. കോവിഡ് രോഗികളെ പരിചരിക്കൻ 24 മണിക്കുറും ആരോഗ്യപ്രവർത്തകർ ജാഗരൂകരാണ്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ആശുപത്രികളുടെ അടിയന്തരവിഭാഗത്തിൽ എത്തണം. അല്ലെങ്കിൽ 999 എന്ന നമ്പറിൽ വിളിക്കണം. കോവിഡുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കും അടിയന്തരമല്ലാത്ത ചികിത്സ ആവശ്യങ്ങൾക്കും 16,000 എന്ന നമ്പറിൽ വിളിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.