മലയാളം നിറഞ്ഞ മേള; പുസ്തക വില്‍പ്പന കൂടി

ഷാര്‍ജ: പതിനൊന്നു ദിവസം നീണ്ട ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിജയക്കൊടിപാറിച്ച് വീണ്ടും മലയാളം. സന്ദര്‍ശകരുടെ എണ്ണത്തിലെന്നപോലെ പുസ്തക  വില്‍പ്പനയിലും മലയാളം മുന്‍നിരയില്‍ത്തന്നെയായിരുന്നു. 20 ലേറെ മലയാള  പ്രസാധകരാണ് ഇത്തവണ ഷാര്‍ജ പുസ്തകമേളയില്‍ അണിനിരന്നത്. എല്ലാ സ്റ്റാളുകളിലും മിക്ക ദിവസവും നല്ല തിരക്കായിരുന്നു. പുസ്തകങ്ങളും ധാരാളമായി വിറ്റുപോയി. അറബിയും ഇംഗ്ളീഷും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം മലയാളത്തിനായിരുന്നു.
കഥകള്‍ക്കും നോവലുകള്‍ക്കുമൊപ്പം ആരോഗ്യം, പാചകം,വ്യക്തിത്വ വികസനം തുടങ്ങിയവ സംബന്ധിച്ച പുസ്തകങ്ങളും  നിഘണ്ടുകളും നന്നായി വിറ്റുപോയതായി വിവിധ സ്റ്റാളുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പറയുന്നു.
40 ഓളം സ്റ്റാളുകളില്‍ പരന്നുകിടന്ന ഡി.സി ബുക്സ് പുസ്തക വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25-30 ശതമാനം കൂടുതലായിരുന്നെന്ന്  സി.ഇ.ഒ രവി ഡി.സി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  കെ.ആര്‍.മീരയുടെ ‘ആരാച്ചാര്‍’, എം.മുകുന്ദന്‍െറ ‘കുട നന്നാക്കുന്ന ചോയി’ എന്നിവക്ക് നല്ല വില്പനയായിരുന്നു.  സോണിയ റഫീഖിന്‍െറ പുതിയ നോവല്‍ ‘ഹെര്‍ബേറിയം’ ആണ് പ്രവാസി എഴുത്തുകാരുടെ കൃതികളില്‍  മുമ്പില്‍. കോളജ് അധ്യാപികയായ ദീപ നിശാന്തിന്‍െറ ‘നനഞ്ഞുതീര്‍ത്ത മഴകള്‍’ നന്നായി വിറ്റു. ഇംഗ്ളീഷ് പുസ്തകങ്ങളില്‍ ജെഫ് കിന്നിയുടെ ഡയറി ഓഫ് വിംബി കിഡ് പരമ്പരയിലെ പുതിയ പുസ്തകമായ ‘ഡബിള്‍ ഡൗണ്‍’ തന്നെയാണ് വില്‍പ്പനയില്‍ മുന്നില്‍. വിവിധ സ്റ്റാളുകളിലായി 15,000 ത്തിലേറെ കോപ്പികളാണ് കുട്ടികള്‍ക്കായുള്ള ഈ പുസ്തകം വിറ്റുപോയത്. 30 ദിര്‍ഹം വിലയുള്ള  പുസ്തകം ഡി.സി ബുക്സില്‍ മാത്രം നാലായിരത്തോളം കോപ്പികള്‍ വിറ്റു.
ശശി തരൂരിന്‍െറ ‘ഇറ ഓഫ് ഡാര്‍ക്നെസ്’, ഗോപി കല്ലായിലിന്‍െറ ‘ഇന്‍റര്‍നെറ്റ് ടു ഇന്നര്‍നെറ്റ്, ചേതന്‍ ഭഗത്തിന്‍െറ ‘വണ്‍ ഇന്ത്യന്‍ ഗേള്‍’ എന്നിവയാണ് ഡി.സി ബുക്സില്‍ കൂടുതല്‍ വിറ്റുപോയ മറ്റു ഇംഗ്ളീഷ് പുസ്തകങ്ങള്‍.
ബഷീറിനും ഒ.വി.വിജയനും എം.ടിക്കും സക്കറിയക്കും ഇപ്പോഴും മലയാളി വായനക്കാരുടെ മനസ്സില്‍ ഉയര്‍ന്ന ഇടം തന്നെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. ബഷീറിന്‍െറ രണ്ടു വാള്യങ്ങളുള്ള സമ്പൂര്‍ണ കൃതികള്‍ നൂറോളം കോപ്പികള്‍ ഇത്തവണയും വിറ്റു.  പുതിയ തലമുറയിലെ കെ.ആര്‍.മീര, ടി.ഡി.രാമകൃഷ്ണന്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവരുടെ പുസ്തകങ്ങള്‍ക്കും ഏറെ ആവശ്യക്കാരത്തെി. അറബി ഭാഷാ പഠന സഹായിയായ മുജീബ് എടവണ്ണയുടെ ‘ അറബി മാഫി മുശ്കില്‍’ഇത്തവണ വില്‍പ്പനയില്‍ മുന്‍നിരയിലുണ്ടായിരുന്നു.
കൈരളി ബുക്സില്‍ ദീപ നിശാന്തിന്‍െറ ‘കുന്നോളമുണ്ടല്ളോ ഭൂതകാല കുളിര്‍ എന്ന പുസ്തകം ഇത്തവണയും മുന്നിലായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ഷാബു കിളിത്തട്ടില്‍ എഴുതിയ ‘കാലം കാവാലം’ , പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരന്‍ എഡിറ്റ് ചെയ്ത ‘എന്‍െറ പുരുഷന്‍’, എന്നിവയാണ് കൂടുതല്‍ വിറ്റ മറ്റു പുസ്തകങ്ങള്‍.
ഗ്രീന്‍ ബുക്സില്‍ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളാണ് ആദ്യ മൂന്നില്‍ ഇടം പിടിച്ചത്. ഹണി ഭാസ്കരന്‍ എഴുതിയ ‘പിയത്തോ’, വനിത വിനോദ് രചിച്ച ‘മുറിവോരം’, പത്രപ്രവര്‍ത്തകനായ കെ.എം. അബ്ബാസിന്‍െറ പുതിയ നോവല്‍ ‘ദേര’ എന്നിവയാണ് ഈ പട്ടികയിലെ മുന്‍നിര പുസ്തകങ്ങള്‍.
ലിപി ബുക്സില്‍ ബഷീര്‍ തിക്കോടിയുടെ ‘പാട്ടും ചുമന്നൊരാള്‍’, ‘കാഫ് മല കണ്ട ഇശല്‍കാറ്റ്’ , എ.വി.അനില്‍കുമാറിന്‍െറ ‘ചരിത്രത്തോടൊപ്പം നടന്നൊരാള്‍’, ‘സിനിമയിലെ കൊടുങ്കാറ്റുകള്‍’ , ഉണ്ണി കുലുക്കല്ലൂര്‍ എഡിറ്റ് ചെയ്ത കവിതാസമാഹാരമായ ‘ബോണ്‍സായി’ , ബൈജു ഭാസ്കറിന്‍െറ 'അതീന്ദ്രിയ ശേഷികളുടെ മായാജാലം' എന്നിവയാണ് വില്‍പ്പനയില്‍ മുന്നില്‍.
മാതൃഭൂമി ബുക്സില്‍ ഇന്നസെന്‍റിന്‍െറ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’യും  പി.എസ്.രാകേഷ് എഴുതിയ ‘ഞാന്‍ മലാല’യും ഇത്തവണയും ആദ്യമത്തെി. നോവലില്‍ ഇ. സന്തോഷ്കുമാറിന്‍െറ ‘അന്ധകാരാണഴി’ ആയിരുന്നു മുന്നില്‍.
പൂര്‍ണ പബ്ളിഷേഴ്സില്‍ അമീഷിന്‍െറ ‘മെലൂഹയിലെ ചിരഞ്ജീവികള്‍’, ‘ഇക്ഷാകുവംശത്തിലെ യുവരാജാവ്’, മാധവിക്കുട്ടിയുടെ ചെറുകഥകളായ ‘പട്ടിന്‍െറ ഉലച്ചില്‍’ എന്നിവയാണ് കൂടുതല്‍ വിറ്റത്.
ചിന്ത പബ്ളിഷേഴ്സ് സ്ററാളിഇല്‍ ഇത്തവണ ഒ.എന്‍.വി കുറുപ്പിന്‍െറ ‘പോക്കുവെയില്‍ മണ്ണിലെഴുതിയത’ ആയിരുന്നു വില്‍പ്പനയില്‍ മുന്നില്‍. ഇ.എം.എസിന്‍െറ പുസ്തകങ്ങള്‍ക്കും സാധാരണപോലെ ആവശ്യക്കാരത്തെി. പി.മണികണ്ഠന്‍െറ പുറത്താക്കലിന്‍െറ ഗണിതം’,  പെരുമാള്‍ മുരുകന്‍െറ അര്‍ധനാരി, മുന്‍ ആര്‍.എസ്.എസ് പ്രചാരകന്‍ സുധീഷ് മിന്നിയുടെ നരകസങ്കേതത്തിലെ ഉള്ളറകള്‍ എന്നവയും നന്നായി വിറ്റുപോയി.
പ്രഭാത് ബുക്സില്‍ ടോള്‍സ്റ്റോയിയുടെ നികിതയുടെ ബാല്യം, കെ.ദാമോദരന്‍െറ മനുഷ്യന്‍ എന്നിവയാണ് കൂടുതല്‍ വിറ്റ പുസ്തകങ്ങള്‍.
ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റാളില്‍ ‘ശാസ്ത്രവും കപട ശാസ്ത്രവും, പ്രഫ. പാപ്പുട്ടിയുടെ  ജ്യോതിഷവും ജ്യോതിശാസ്ത്രവും വില്‍പ്പനയില്‍ മുന്നില്‍ നിന്നു. എന്തുകൊണ്ട് എന്തുകെണ്ട് എന്ന ജനപ്രിയ പുസ്തകത്തിന്‍െറ 30ാമത്തെ പരിഷ്കരിച്ച പതിപ്പിന് ഇത്തവണയും നല്ല വില്‍പ്പനയായിരുന്നു.
ഇസ്ലാമിക് പബ്ളിഷിങ് ഹൗസില്‍ കര്‍മശാസ്ത്ര മലയാള വിവര്‍ത്തന ഗ്രന്ഥമായ ഫിഖ്ഹുസുന്നയായിരുന്നു വില്‍പ്പനയില്‍ മുന്നില്‍. ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി, കുട്ടികള്‍ക്കായുള്ള ഏഴു പ്രവാചക ചരിത്രപുസ്തകങ്ങളുടെ സെറ്റ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. 65 മുതല്‍ 350 ദിര്‍ഹം വരെ വിലയുണ്ടായിരുന്ന വിവിധ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ക്കും ആവശ്യക്കരേറെയുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ ജാസിമില്‍ മുതവ്വയുടെ കുടുംബ കൗണ്‍സലിങ് പുസ്തകങ്ങളും നന്നായി വിറ്റുപോയി.
കേരള നദ്വത്തുല്‍ മുജാഹിദീന്‍ സ്റ്റാളില്‍ അമാനി മൗലവിയുടെ എട്ടു വാള്യങ്ങളുള്ള ഖുര്‍ആന്‍ പരിഭാഷയായ ഖുര്‍ആന്‍ തഫ്സീറും കര്‍മശാസ്ത്ര സംഗ്രഹമായ അല്‍ വജീസ് എന്നിവയാണ് കൂടുതല്‍ വിറ്റുപോയത്.
യുവത ബുക്സില്‍ പ്രഫ.പി.മുഹമ്മദ് കുട്ടശ്ശേരിയുടെ ‘ഇസ്ലാമിന്‍െറ ചരിത്രപാതയിലുടെ’, കെ.പി.സക്കരിയ്യയുടെ വിശുദ്ധ ഖുര്‍ആന്‍-ആസ്വാദന പഠനങ്ങള്‍, സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയുടെ ‘മുസ്ലിംകളുടെ പതനവും ലോകത്തിന്‍െറ നഷ്ടവും’ എന്നിവയാണ് വില്‍പ്പനയില്‍ മുന്നില്‍ നിന്നത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ‘മൈ വിഷന്‍െറ ഇംഗ്ളീഷ്, അറബിക്, മലയാളം വിവര്‍ത്തന പുസ്തകങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷത്തെപോലെ ഇത്തവണയും നന്നായി വില്‍പ്പന നടന്നു. 

Tags:    
News Summary - Books purchese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.