ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായി. സ്ഥാനാർഥി പ്രഖ്യാപനങ്ങളും നാമനിർദേശവും ആരംഭിച്ചതോടെ വരുംദിനങ്ങളിൽ പ്രചാരണച്ചൂടും കൂടും. ജനുവരി 31നാണ് അനുബന്ധ സംഘടനകളായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) എന്നീ നേതൃ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഓൺലൈൻ വഴി നടക്കുന്ന വോട്ടെടുപ്പിന്റെ സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 വൈകുന്നേരം അഞ്ചുമണിയാണ്.
മൂന്ന് അപെക്സ് സംഘടനകളുടെയും പ്രസിഡന്റ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ജനുവരി 18ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി പ്രസിഡന്റുമാർ അതേ സ്ഥാനങ്ങളിൽ വീണ്ടും മത്സരത്തിന് കച്ചമുറുക്കിക്കഴിഞ്ഞു. ഈയാഴ്ചയോടെ എല്ലാവരും നാമനിർദേശ പത്രികയും സമർപ്പിക്കും. ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായി രണ്ടാമൂഴം തേടിയാണ് എ.പി മണികണ്ഠൻ ഇറങ്ങുന്നത്. 2023-2024 ഭരണ സമിതി പ്രസിഡന്റായ ഇദ്ദേഹം, നേരത്തേ 2019 -2020 കാലയളവിലും പ്രസിഡന്റായിരുന്നു. മുൻ ഐ.എസ്.സി -ഐ.ബി.പി.സി വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിരുന്നു.
ഷെജി വലിയകത്താണ് എ.പി മണികണ്ഠനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വിവിധ അപെക്സ് ബോഡികളിലെ പരിചയസമ്പത്തുമായാണ് എംബസിയുടെ കമ്യൂണിറ്റി കലാ-സാംസ്കാരിക വിഭാഗമായ ഐ.സി.സിയെ നയിക്കാൻ ഷെജി വലിയകത്ത് രംഗത്തിറങ്ങുന്നത്.
ജീവകാരുണ്യ- സാമൂഹികക്ഷേമ മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റായ ഷാനവാസ് ബാവയും രണ്ടാമൂഴത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ടു വർഷക്കാലയളവിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിത്തന്നെയാണ് അദ്ദേഹം പുതിയ ടേമിലേക്കും തയാറെടുക്കുന്നത്. മുൻ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറിയും സംസ്കൃതി ഖത്തർ പ്രസിഡന്റുമായ സാബിത് സഹീറാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മറ്റൊരു സ്ഥാനാർഥി.
സിഹാസ് ബാബു മേലെയിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിനകം പത്രിക സമർപ്പിച്ചിട്ടുണ്ട്. കായിക വിഭാഗമായ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുർറഹ്മാനും ഇത്തവണ മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ മൂന്നിൽ രണ്ട് വോട്ടുമായി പ്രസിഡന്റായ ഇ.പി. അബ്ദുർറഹ്മാന്‍ നിലവിൽ എതിരാളികളാരും രംഗത്തുവന്നിട്ടില്ല. രണ്ടു വർഷത്തെ ടേമിൽ ശ്രദ്ധേയമായി കായിക പരിപാടികളുമായി ഐ.എസ്.സിയെ സജീവമാക്കിയതിന്റെ നേട്ടങ്ങൾ അണിനിരത്തിത്തന്നെയാണ് പ്രമുഖ ബിസിനസുകാരൻ കൂടിയായ ഇ.പി രണ്ടാമൂഴം തേടുന്നത്. വരുംദിവസങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വിവിധ സംഘടനകളുടെ മാനേജ്മെന്റ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയ ചർച്ചകളും സജീവമായി തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപന പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ട് പ്രചാരണങ്ങൾക്ക് ചൂടേറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.