തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍  ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം

ദോഹ: തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ അടിയന്തിരമായി  റിപ്പോര്‍ട്ട് ചെയ്യണമെന്ന്  തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികളുടെ  അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ നിര്‍ദേശങ്ങളിലൊന്നായാണ് മന്ത്രാലയത്തിന്‍െറ നടപടി വിലയിരുത്തപ്പെടുന്നത്. 
തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നിയമപ്രകാരമുള്ള അവകാശം സംരംക്ഷിക്കപ്പെടണമെന്നും എന്നാല്‍ അവയിലേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്നുള്ള നയമാണ് മന്ത്രാലയത്തിനുള്ളത്. അതേസമയം    പുതിയ തൊഴില്‍ നിയമപ്രകാരം പ്രവാസി തൊഴിലാളികളുടെ അവകാശത്തെയും ചുമതലകളേയും കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്.
 ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിനാണ് ആരംഭിച്ചിട്ടുള്ളത്. അതിനൊപ്പം തൊഴില്‍പരമായ  വിവിധ പരാതികള്‍  തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. നേരിട്ട് സമര്‍പ്പിക്കണമെന്നുള്ളവര്‍  മന്ത്രാലയത്തിന്‍്റെ ആസ്ഥാനത്തോ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13 ലെ ശാഖയിലോ നേരിട്ട്  എത്തണമെന്നും ട്വിറ്റര്‍ അക്കൗണ്ടില്‍ അധികൃതര്‍  വ്യക്തമാക്കിയിട്ടുണ്ട്. 
എന്നാല്‍ മന്ത്രാലയത്തിന്‍്റെ പരിധിയിലല്‍പ്പെടുന്ന വിഷയമാകണം പരാതിയില്‍ ഉള്‍പ്പെടേണ്ടത്.   മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ തല ഓഫീസില്‍  പ്രത്യേക അപേക്ഷാ ഫോമിലാണ്  പരാതി നല്‍കേണ്ടത്.
 ഇതിനൊപ്പം ഖത്തര്‍ ഐ.ഡിയുടെ പകര്‍പ്പും വേണം. ഓണ്‍ലൈന്‍ വഴിയുള്ള പരാതിക്ക് ലേബര്‍ റിലേഷന്‍ വകുപ്പ് കമ്പനിയുടെ പ്രതിനിധിക്ക് മന്ത്രാലയം ഓഫീസില്‍ ഹാജരാകാനുള്ള നിര്‍ദേശം നല്‍കും. ഈ നിര്‍ദേശത്തിന്‍െറ പകര്‍പ്പ് പരാതിക്കാരനും ലഭിക്കും.  പരാതികള്‍ ചര്‍ച്ച ചെയ്യുന്നത് തൊഴിലാളിയുടെയും തൊഴിലുടമയുടെയും സാന്നിദ്ധ്യത്തിലായിരിക്കും. 
ഇവിടെ ഒത്തുതീര്‍പ്പാകാത്ത പക്ഷം പരാതി കോമ്പീറ്റന്‍റ് കോര്‍ട്ടിലേക്ക് അയക്കും. ഇതിനൊപ്പം മന്ത്രാലയം അംഗീകരിച്ച തൊഴില്‍ കരാറിന്‍െറ പകര്‍പ്പ് തൊഴിലാളിക്ക് ഉടമ നല്‍കിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. അതിനൊപ്പം തൊഴിലാളി തൊഴിലില്‍ ആത്മാര്‍ഥത പുലര്‍ത്തണമെന്നും തൊഴില്‍പരമായ രഹസ്യങ്ങള്‍ പുറത്തറിയിക്കരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 
 യഥാര്‍ഥ തൊഴിലുടമയുടെ  അനുവാദമില്ലാതെ തൊഴിലാളി മറ്റ് കമ്പനികളില്‍ ജോലി ചെയ്താല്‍ നടപടി ഉണ്ടാകും. തൊഴിലാളികള്‍ രാജ്യത്തെ നിയമങ്ങളും പ്രാദേശിക ആചാരങ്ങളും ആദരവോടെ പാലിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  
തൊഴിലാളികള്‍ക്ക് തൊഴിലുടമക്കെതിരെയുള്ള പരാതികള്‍ സമര്‍പ്പിക്കാനായി സര്‍ക്കാര്‍ സേവന സമുച്ചയങ്ങളില്‍ 11 സ്വയം പ്രവര്‍ത്തന മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന്  തൊഴില്‍ മന്ത്രി ഡോ.ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അടുത്തിടെ അറിയിച്ചിരുന്നു.
 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  ഹോട്ട്ലൈന്‍ സംവിധാനവും ഇതിനൊപ്പമുണ്ട്.11 ഭാഷകളിലാണ് മെഷീനുകളുടെ പ്രവര്‍ത്തനം
പരാതി സമര്‍പ്പിക്കാനുള്ള സ്വയം പ്രവര്‍ത്തന മെഷീനുകളുടെ എണ്ണം നൂറായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം മുഴുവന്‍ ശമ്പളത്തോടു കൂടി രണ്ടാഴ്ച അസുഖാവധി അര്‍ഹത ഉള്ളതായും അധികൃതര്‍ അറിയിച്ചു. എന്നാല്‍ അവധി നീട്ടിയാല്‍ നാലാഴ്ച വരെ പകുതി ശമ്പളത്തിന് അര്‍ഹതയുണ്ടാകും. 
എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിന് ആവശ്യമാണ്. അസുഖാവധി ആറ് ആഴ്ചയിലധികം തുടര്‍ന്നാല്‍  തിരികെ ജോലിയില്‍ കയറുകയോ  രാജി വെക്കുകയോ, ആരോഗ്യാവസ്ഥയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യുന്നതുവരെ ശമ്പളത്തിന് അര്‍ഹതയുണ്ടാകില്ല. 
   തൊഴിലിടങ്ങളില്‍ അപകടമുണ്ടായാല്‍ ചികിത്സാ സമയങ്ങളിലും കുറഞ്ഞത് ആറ് മാസക്കാലം മുഴുവന്‍ ശമ്പളവും തൊഴിലാളിക്ക് നല്‍കുകയും വേണം.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.