‘ഡോക്ടര്‍മാരുടെ ജീവിതം ഇവിടെ  സ്കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നു’

ദോഹ: കരിയര്‍ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഖത്തറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ഒരു ഡോക്ടറായാല്‍ ജീവിതം എങ്ങനെയിരിക്കുമെന്ന് നന്നായി അറിയാം. വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തറാണ് ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ രംഗത്തെ വിവിധ വശങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്ക് യോജിച്ച കരിയറാണോ അതെന്ന് തിരിച്ചറിയാനും സഹായകമാകുന്ന ‘മെഡിക്കല്‍ എക്സ്പ്ളോറര്‍ വിന്‍റര്‍ പ്രോഗ്രാം’ എന്ന പരിപാടി നടപ്പിലാക്കുന്നത്.  ഈ വര്‍ഷത്തെ മെഡിക്കല്‍ എക്സ്പ്ളോറര്‍ വിന്‍റര്‍ പ്രോഗ്രാമില്‍ 23 കുട്ടികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകള്‍ തന്നെയാണ് പങ്കെടുക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിക്കുന്നത്. മെഡിക്കല്‍ പഠന രംഗത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ ഈ പരിപാടി സഹായിക്കുമെന്ന് വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ സ്റ്റുഡന്‍റ് റിക്രൂട്ട്മെന്‍റ്  ഡയറക്ടര്‍ നോഹ സാലിഹ് പറഞ്ഞു.  മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതിന്‍്റെ മഹത്വവും ജോലിയിലടങ്ങിയിരിക്കുന്ന റിസ്ക്കുകളും പഠനത്തിനാവശ്യമായ അര്‍പ്പണബോധത്തിന്‍്റെ പ്രാധാന്യവും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് സ്റ്റുഡന്‍റ് റിക്രൂട്ട്മെന്‍റിലെ അസിസ്റ്റന്‍റ് ഡീന്‍ ഡോ.റാഷിദ് ബെന്‍ട്രിസ് പറഞ്ഞു.  റോബോട്ടിക് സര്‍ജറിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി വിദ്യാര്‍ത്ഥികള്‍ ഖത്തര്‍ സയന്‍സ് ആന്‍റ് ടെക്നോളജി പാര്‍ക്ക് സന്ദര്‍ശിക്കുകയും ശസ്ത്രക്രിയാ രീതികളെക്കുറിച്ച് പഠിക്കുകയും ചെയ്തു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റികളുമായും സംവാദം സംഘടിപ്പിക്കുകയും ബയോളജി ലബോറട്ടറികളില്‍ പരിശീലനം നേടുകയും ചെയ്തു. 
 ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത് അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമില്‍ നിന്നുള്ള നൂഫ് അലി അല്‍മസ്റൂഇ, ഖത്തര്‍ അക്കാദമി ദോഹ സ്കൂളില്‍ നിന്നുള്ള നവാഫ് അഹമ്മദ് അല്‍ മുഹന്നദിക്കുമാണ്. 
രണ്ടാഴ്ച നീണ്ട പരിപാടിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.
 അല്‍മഹ ആക്കാദമി ഫോര്‍ഗേള്‍സില്‍നിന്നുള്ള ലോല്‍വ സനീം ബഹ്സാദ്, മൈക്കേല്‍ ദെബാഖി ഹൈസ്കൂളില്‍ നിന്നുള്ള ഗായ നാസര്‍ അല്‍ സുവൈദി, അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമില്‍ നിന്നുള്ള ഇല വലീദ് അല്‍ മന്നായ്, സുല്‍ത്താന്‍ അബ്ദുല്ല അല്‍ റബ്ബാന്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ ജെഒ അവാര്‍ഡ് നല്‍കിയത്. 
 അല്‍ ഇമാന്‍ ഇന്‍ഡിപെന്‍ഡന്‍്റ് സ്കൂള്‍ ഫോര്‍ഗേള്‍സ്, ഖത്തര്‍ ഇന്‍ഡിപെന്‍ഡന്‍റ് സെക്കന്‍ററി സ്കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ബായന്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, മൊസബ് ബിന്‍ ഉമൈര്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂള്‍ ഫോര്‍ ബോയ്സ് എന്നിവയാണ് പരിപാടിയില്‍ പങ്കെടുത്ത മറ്റു സ്കൂളുകള്‍. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.