സിറിയ: ചേരി-ചേരാ പ്രസ്ഥാനം പരിഹാരം കാണണം-ഖത്തര്‍ ഉപപ്രധാനമന്ത്രി

ദോഹ: സിറിയന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയും, ആ രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിയിടുകയും മേഖലയിലെ സുരക്ഷയ്ക്ക് ഒന്നാകെ ഭീഷണിയാവുകയും ചെയ്യുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്കായി ചേരി-ചേരാ പ്രസ്ഥാനം യത്നിക്കണമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രി. ഖത്തര്‍ ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ മന്ത്രിയുമായ അഹമ്മദ് ബിന്‍ അബ്ദുല്ല  അല്‍ മഹ്മൂദാണ് ‘ജനീവ-1’ നിര്‍ദേശങ്ങള്‍ക്കു വിധേയമായുള്ള രാഷ്ട്രീയ പരിഹാരത്തിനായി ‘നാം’ രാജ്യങ്ങളുടെ കൂട്ടായ്മ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടത്. 
വെനിസ്വേലയിലെ മാര്‍ഗരിത ദ്വീപില്‍ നടക്കുന്ന പതിനേഴാമത് നാം ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സിറിയന്‍ ജനതയെ സഹായിക്കാനുള്ള മനുഷ്യത്വപരമായ ഏതുതരം പ്രവര്‍ത്തനങ്ങളിലും ഖത്തര്‍ മുന്‍പന്തിയിലുണ്ടാകും. 
 സിറിയന്‍ സഹോദരന്മാരുടെ ദുരിതത്തിന് അറുതിവരുത്താനുള്ള ഏതൊരു നീക്കത്തിനും രാജ്യം അറച്ചുനില്‍ക്കുകയില്ളെന്നും മേഖലയില്‍ സുരക്ഷിതതവും സ്ഥിരതയും കൊണ്ടുവരാനുള്ള ഏതു ശ്രമങ്ങളെയും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.ശക്തമായ അന്താരാഷ്ട്ര ഇടപെടലിന്‍െറ അഭാവം സിറിയയില്‍ അക്രമവും അനീതിയും നടമാടാന്‍ കാരണമായിട്ടുണ്ട്.
 ജീവിതം നിലനിര്‍ത്താനാശവ്യമായ സിറിയയിലെ ജനങ്ങളുടെ പ്രാഥമിക  അവകാശങ്ങള്‍ പോലും നിറവേറ്റപ്പെടുന്നില്ല. ലോകത്തെ എല്ലാതരം ആയുധങ്ങളും ജനങ്ങളുടെ മേല്‍  ഉപയോഗിച്ചുവരുന്നു. 
ഇത് നിരപരാധികളായ അഞ്ചുലക്ഷംപേരുടെ മരണത്തിന് കാരണമാവുകയും സിറിയക്ക് അകത്തുംപുറത്തുമായി അഞ്ച് ലക്ഷംപേരെ പുറത്താക്കപ്പെടാന്‍ ഇടയാവുകയുമ ചെയ്തു. 
യു.എന്നിനെ  2235 (2015) സുരക്ഷാപ്രമേയത്തില്‍ വ്യക്തമാക്കിയ രസായുദ്ധ പ്രയോഗം നിരോധിച്ചുള്ള ഉത്തരവിന് ഘടകവിരുദ്ധമായി സിറിയ താവളമാക്കിയ ഐഎസ് ഗ്രൂപ്പ്  ജനങ്ങളുടെമേല്‍ രാസായുധ പ്രയോഗം നടത്തി. യു.എന്നിന്‍െറ ‘രാസായുധ നിരോധ’ സമിതിയുടെ’ സിറിയന്‍ സന്ദര്‍ശനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 
നിരപരാധികളുടെ മേല്‍ രസായുധ പ്രയോഗം പാടില്ളെന്ന അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായാണ് ഇവിടെ രാസായുധം പ്രയോഗിച്ചത്.
 ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കുകയും ജനതയുടെ മേല്‍ നീതിയും സമത്വവും പുലരാനായുള്ള ശ്രമങ്ങളില്‍ ഭാഗഭാക്കാകുകയും വേണം. യുദ്ധക്കെടുതികള്‍ക്ക് കാരണക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ തയാറാവുകയും വേണം. അന്താരാഷ്ട്രതലത്തില്‍ സമത്വം, നീതി, സ്ഥിരത എന്നിവ കൈവരുത്താന്‍ പര്യാപ്തമാണ് ഖത്തറിന്‍െറ നയങ്ങള്‍ -ഖത്തര്‍ ഉപപ്രധാനമന്ത്രി പറഞ്ഞു. 
ചേരി-ചേരാ രാഷ്ട്ര കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി മറ്റുരാജ്യങ്ങളുടെ കാര്യങ്ങള്‍ കൈകടത്താതെ, വികസനവും പുരോഗതിയും കൈവരിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാവാനുമായി  ഖത്തര്‍ നിലകൊള്ളും. 
ഫലസ്തീന്‍ പ്രശ്നത്തിലുള്ള ചേരിചേരാ കൂട്ടായ്മയുടെ ശ്രമങ്ങളെയും അല്‍ മഹ്മൂദ് പ്രകീര്‍ത്തിച്ചു. 
സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീന്‍ ജനതയുടെ അഭിലാഷത്തിനെ മറികടന്ന് ആ രാജ്യത്തേക്കുള്ള ഇസ്രായേലിന്‍െറ അധിനിവേശത്തിനെതിരെയുള്ള  പ്രതിഷേധത്തിനെയാണ് അദ്ദേഹം അഭിനന്ദിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.