ഐക്യരാഷ്ട്ര സഭയില്‍ ഖത്തറിന്‍െറ ശബ്ദമായി ദാനാ അല്‍ അന്‍സി

ദോഹ:  ലോക രാജ്യങ്ങളിലെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന  കുട്ടികള്‍ക്കായി ഐക്യരാഷ്ട്ര സഭയില്‍ ശബ്ദമുയര്‍ത്തി ഖത്തരി വിദ്യാര്‍ഥിനി. 
ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റി ഖത്തര്‍ (ജി.യു-ക്യു) വിദ്യാര്‍ഥിനി ദാനാ അല്‍ അന്‍സിയാണ് ഐക്യരാഷ്ട്ര സഭയിലെ 71-ാമത് പൊതുസഭയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി വാദിച്ചത്. 
 ‘എജുക്കേഷന്‍ എബൗവ് ഓള്‍’ എന്ന  സന്നദ്ധ സംഘടനയുടെ യുവ അഭിഭാഷകയുമാണ് ഈ ജി.യു.ക്യൂ വിദ്യാര്‍ഥിനി. 
ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ദാരിദ്ര്യവും സംഘര്‍ഷവും ദുരന്തങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളിലെ കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട്  പ്രവര്‍ത്തിക്കുന്ന സംഘടനയാണ്  2012ല്‍ ശൈഖ മൗസ ബിന്‍ത്ത് നാസര്‍ സ്ഥാപിച്ച ഈ സംഘടന. 
ഖത്തരി യുവതയെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും സംഘര്‍ഷം അനുഭവിക്കപ്പെടുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുതകുന്ന വിവിധ പരിശീലന പരിപാടികളിലും പദ്ധതികളിലും  തങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാകുമെന്നും യു.എന്‍ പൊതുസഭയില്‍ അവര്‍ പറഞ്ഞു. 
സാമൂഹിക ഉന്നതിക്കായി വിദ്യാഭ്യാസം മാത്രം മതിയാവുകയില്ളെന്നും ഇതോടൊപ്പം സാമ്പത്തികമായ ശാക്തീകരണവും നേതൃഗുണങ്ങളും മാനസിക പിന്തുണയും ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഈ മാതൃകയാണ് ‘എജുക്കേഷന്‍ എബൗവ് ഓള്‍ (ഇ.എ.എ)’ സംഘടന പിന്തുടരുന്നതെന്നും ജീവിതം മുന്നോട്ടു നയിക്കാന്‍ പിന്തുണക്കുക മാത്രമല്ല തങ്ങള്‍ ചെയ്യുന്നതെന്നും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ സമൂഹങ്ങളുടെയും നല്ല ഭാവിക്കായുള്ള പരിശീലന പദ്ധതികളാണ് പ്രാവര്‍ത്തികമാക്കുന്നതെന്നും അന്‍സി പറഞ്ഞു. 
സമൂഹത്തില്‍ സ്വാധീനം  ചെലുത്തുന്നവരുടെയും  രാഷ്ട്രീയ നേതാക്കളുടെയും ഇടയില്‍ ഈ വിഷയങ്ങള്‍  ശ്രദ്ധയില്‍ കൊണ്ടുവരാനായി നിരന്തരം ശബ്ദമുയര്‍ത്തുകയാണ് തന്‍െറ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. 
വിദ്യാലയങ്ങള്‍ അന്യമായ ലോക രാജ്യങ്ങളിലെ പത്തുദശലക്ഷത്തോളം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നേതൃപരിശീലന പദ്ധതികളും നടപ്പാക്കുകയെന്ന ദൗത്യവും ആയിരക്കണക്കായി സിറിയന്‍ അഭയാര്‍ഥി കുട്ടികളെ സഹായിക്കുകയും സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്ന രഷ്ട്രങ്ങളില്‍ വിദ്യാഭ്യാസ സംരക്ഷിക്കപ്പെടണമെന്ന് വാദിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ വക്താവയതില്‍ അഭിമാനിക്കുന്നതായും യു.എന്‍ പൊതു സഭയില്‍ അന്‍സി പറഞ്ഞു.  സാമൂഹിക മാധ്യമങ്ങളിലൂടെയും ഇ.എ.എയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ദാനാ അല്‍ അന്‍സി. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.