ആ വിളക്കുമാടവും പൊലിഞ്ഞു

രണ്ടര പതിറ്റാണ്ടിലേറെ കാലം രാജ്യം ഭരിച്ച, ഖത്തറിന്‍െറ ഏഴാമത്തെ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി ചരിത്രത്തിന്‍െറ ഭാഗമായി. 1972 മുതല്‍ 1995 വരെ ഭരണചക്രം തിരിച്ച അദ്ദേഹം അറബ്-ഇസ്ലാമിക പാരമ്പര്യത്തില്‍ ഊന്നിയ ഒരു ആധുനിക രാഷ്ട്രമായി ഖത്തറിനെ മാറ്റാന്‍ വേണ്ടി അത്യദ്ധ്വാനം ചെയ്തു. വിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം പ്രധാനമന്ത്രി പദവും അലങ്കരിച്ചിരുന്നു. 
അമീറായി ചുമതലയേറ്റ ഉടനെ  ഭരണഘടന ഭേദഗതി ചെയ്യുകയും യോഗ്യരായ മന്ത്രിമാരെ ഓരോ വകുപ്പുകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. മന്ത്രിസഭയെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ വേണ്ടി രൂപവത്കരിച്ച മജ്ലിസ് ശൂറ (കൂടിയാലോചന സമിതി) ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും മെച്ചപ്പെട്ടതാണ്. 1973ല്‍ സ്ഥാപിച്ച ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ വ്യത്യസ്ത വകുപ്പുകളുണ്ടാക്കി ഏറ്റവും യോഗ്യരായ അധ്യാപകരെ നിയമിച്ചു യുവതലമുറയുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് ആക്കം കൂട്ടി. ഇന്ത്യയുള്‍പ്പെടെ അനേകം വിദേശരാജ്യങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ വരുത്തി സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം നല്‍കി. രാജ്യത്തൊട്ടാകെ സ്റ്റേഡിയങ്ങളും സ്പോര്‍ട്സ് ക്ളബുകളും സ്ഥാപിച്ച് കായികരംഗത്തെ വളര്‍ച്ചക്ക് പ്രോല്‍സാഹനം നല്‍കി. എണ്ണ ഉല്‍പാദക സമ്പന്ന രാജ്യമായ ഖത്തറില്‍ അനേകം വ്യവസായ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 
പ്രകൃതി വാതകത്തിന് ലോക വിപണി ഉണ്ടാക്കിയതും ശൈഖ് ഖലീഫയുടെ കാലത്താണ്. ആറംഗ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഏകീകരണ കൗണ്‍സില്‍ (ജി.സി.സി) രൂപവത്കരിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ച അദ്ദേഹം ഫലസ്തീനികളുടെ ദുരിതമകറ്റാന്‍ എന്നും മുന്‍പിലുണ്ടായിരുന്നു. കുവൈത്ത് അധിനിവേശ കാലത്ത് സഹോദര രാഷ്ട്രത്തോടൊപ്പം ഉറച്ചുനിന്നു. ലോകത്തിലെ അനേകം രാജ്യങ്ങളില്‍ മത-ധര്‍മ സ്ഥാപനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും സ്ഥാപിക്കാന്‍ കൈയയച്ച് സംഭാവനകള്‍ നല്‍കി. ഡോ. യൂസുഫ് ഖറദാവിയെപ്പോലെ പ്രഗല്‍ഭരായ അനേകം പണ്ഡിതരെ ക്ഷണിച്ചുവരുത്തി ഉദ്യോഗവും പൗരത്വവും നല്‍കി ആദരിച്ചത് പിന്‍തലമുറക്ക് ഒരുപാട് ഗുണം ചെയ്തു. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട് അല്ലാഹുവിലേക്ക് മടങ്ങിപ്പോയ ആ ഭക്തനും ശക്തനുമായ ഭരണാധിപന്‍െറ ആത്മാവിന് നിത്യസ്വര്‍ഗം നേരുന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.