‘ഉസ്മാനിക്ക മറക്കില്ല ശൈഖ് ഖലീഫയുടെ അന്നത്തെ ഹസ്തദാനം’ 

ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തര്‍ മുന്‍ അമീറും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനുമായ  ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ 
വിയോഗ വാര്‍ത്തയില്‍ ദു:ഖിക്കുന്നവരാണ് മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസികള്‍. അതിലൊരാളാണ് മലയാളിയായ എ.കെ ഉസ്മാന്‍. ഈ ആദ്യകാല പ്രവാസിക്ക് പറയാന്‍ ഖലീഫയെ രണ്ട് തവണ നേരില്‍ കണ്ട് സംസാരിക്കാനും ഹസ്തദാനം നടത്താനും കഴിഞ്ഞ അത്യപൂര്‍വ്വമായ സംഭവങ്ങളാണ്. 
‘അല്‍ മുഫ്ത റെന്‍റ് എ കാര്‍‘ നടത്തിയിട്ടുള്ള എ.കെ ഉസ്മാന്‍ ഖത്തറില്‍ എത്തിയത് 54 വര്‍ഷം മുമ്പാണ്. 
മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി  പലതവണ പൊതുസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത്  നേരില്‍ കാണാന്‍  അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചിരുന്നു. ഒരിക്കല്‍ മലയാളികള്‍ നടത്തുന്ന ‘റോയല്‍സ്റ്റോറില്‍’ ഷോപ്പിംങിനായി വന്ന സാക്ഷാല്‍ അമീറിനെ കണ്ട്  അതിന് സാക്ഷിയായ താന്‍ അടക്കമുള്ളവര്‍ അമ്പരന്നുപോയി. പിന്നീട് അടുത്തുകാണാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചത് ഏറെ കഴിഞ്ഞാണ്. 
അന്ന് ‘ജയ്ദ മോട്ടോഴ്സ്’ വര്‍ക്കുഷോപ്പില്‍ ജീവനക്കാരനായിരുന്നു താനെന്ന് ഉസ്മാന്‍ ഓര്‍ക്കുന്നു. 
വിദേശത്തുനിന്ന്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബുള്‍ഡോസര്‍ അടക്കമുള്ള വാഹനങ്ങളുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള അവസരം തങ്ങളുടെ സ്ഥാപത്തിന് ലഭിച്ചു. അന്നൊരിക്കല്‍ അതിനെ സംബന്ധിച്ച് വിശദമായി അറിയാന്‍ അമീര്‍ ശൈഖ് ഖലീഫ നേരിട്ട് വന്ന സംഭവം ഉണ്ടായെന്നും ഉസ്മാന്‍ പറയുന്നു. 
അന്ന് ഉപകരണങ്ങളെ കുറിച്ച് വിശദമാക്കാന്‍ തനിക്കാണ് ഭാഗ്യം കിട്ടിയത്. സ്നേഹപൂര്‍വ്വമായിരുന്നു  അദ്ദേഹത്തിന്‍െറ പെരുമാറ്റം. 
ഇന്ത്യക്കാരനാണന്ന് പറഞ്ഞപ്പോള്‍  പുഞ്ചിരിച്ചതും ഓര്‍മയിലുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിംങ് ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍  ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ തനിക്ക്, അമീറിനും ഇന്ത്യന്‍ രാഷ്ട്രപതിക്കും ഒപ്പം അത്താഴം കഴിക്കാന്‍ അവസരം ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു ആ ക്ഷണമെന്ന് ഉസ്മാന്‍ ഓര്‍ക്കുന്നു. 
അന്ന് ശൈഖ് ഖലീഫയുമായി സംസാരിക്കാനും അദ്ദേഹത്തെ ഹസ്തദാനം ചെയ്യാനും അവസരം കിട്ടി. താന്‍ കൂടി സ്ഥാപക അംഗമായ എം.ഇ.എസ് സ്കൂളിന് സ്ഥലം അനുവദിക്കണമെന്ന സ്കൂളിന്‍െറ അപേക്ഷയും അദ്ദേഹം അംഗീകരിച്ച് ഭൂമി നല്‍കി. ഇന്നും ആ ഭൂമിയിലാണ് ഖത്തറിലെ എം.ഇ.എസ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.