ചരിത്രനായകന്‍െറ നാള്‍വഴികള്‍

ദോഹ:  കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തര്‍ മുന്‍ അമീറും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനുമായ  ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി ആധുനിക ഖത്തറിനെ വളര്‍ച്ചയിലേക്ക് നയിച്ച് ചരിത്രത്തില്‍ ഇടംപിടിച്ച നേതാവാണ്. 84 ാം വയസില്‍  കാലയവനികയിലേക്ക് മറയുമ്പോള്‍ അദ്ദേഹത്തിന്‍െറ ഭരണകാലം ഖത്തറിന്‍െറ ഇന്നലെകള്‍ക്ക് നല്‍കിയ സംഭാവനകള്‍ ഏറെയാണ്.  25 ാം വയസില്‍നിന്നും ആരംഭിച്ച അധികാരപദവികളില്‍ കൂടിയുള്ള ആ നാള്‍വഴികള്‍ ഖത്തറിന്‍െറ ചരിത്ത്രിന്‍െറ ഭാഗമാണ്.  തീരെ ചെറുപ്പത്തില്‍ മന്ത്രിയായ അദ്ദേഹത്തിന് പ്രായക്കുറവിന്‍െറ  പരിമിതികള്‍ തടസം സൃഷ്ടിച്ചില്ല. മറിച്ച് അനുവര്‍ത്തിച്ച ഭരണ രീതികളും നിലപാടുകളും മറ്റുള്ളവരുടെ ഇടയില്‍ ആദരവ് ഉയര്‍ത്തുകയാണ്  ചെയ്തത്. 
ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ആല്‍ഥാനിയുടെ മകനായി 1932ല്‍ റയ്യാനിലായിരുന്നു ജനനം. അബ്ദുല്ല ബിന്‍ ജാസിം ആല്‍താനിയുടെ പേരക്കുട്ടിയുമായിരുന്നു.  കുട്ടിക്കാലം മുതല്‍  ഇദ്ദേഹം സമര്‍ഥനായി വിശേഷിപ്പിക്കപ്പെട്ടു.
അധികാരം ആദ്യമായി അദ്ദേഹത്തെ തേടിയത്തെിയത് 1956 ലാണ്.  വിദ്യാഭ്യാസ മന്ത്രിയായാണ് ആ തുടക്കം. രാജ്യത്തിന്‍െറ പ്രഥമ വിദ്യാഭ്യാസ മന്ത്രിയെന്ന പ്രത്യേകതയും ആ പദവിക്കുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് നവീനത കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ശൈഖ് ഖലീഫ  തുടക്കമിട്ടു. തുടര്‍ന്ന് 1960 ഒക്ടോബര്‍ 24 ന് കിരീടാവകാശിയായും അടുത്തമാസം  അഞ്ചിന്  ധനകാര്യ വകുപ്പ് മന്ത്രിയായും അദ്ദേഹം  ഉയര്‍ച്ചയിലേക്ക് നീങ്ങി. 1970 ഏപ്രില്‍ രണ്ടിന്  ഖത്തര്‍ പ്രധാനമന്ത്രിയായി. ഈ കാലയളവിലെല്ലാം ദീര്‍ഘദര്‍ശനമുള്ള നയനിലപാടുകളായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും മുത്തുവാരല്‍ തൊഴിലാളികളും കൂടതലായുള്ള ജനതയായിരുന്നു അന്ന് ഖത്തറില്‍. പ്രവാസികള്‍ ഇന്നത്തെ അപേക്ഷിച്ച് കുറവുമായിരുന്നു. എന്നാല്‍ ഒരു ചെറുരാജ്യത്തിനെ ലോകത്തിന്‍െറ മുന്നിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചു. 
1972 ഫെബ്രുവരി 22നാണ് ഖത്തര്‍ അമീറായി അദ്ദേഹം സ്ഥാനമേറ്റത്. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും ഖത്തറിന്‍െറ സാംസ്കാരികതലത്തിലും മറ്റുമുള്ള ബന്ധം ശക്തമാക്കുന്നതിനും വിദേശകാര്യ മന്ത്രാലയം രൂപീകരിച്ച് കൊണ്ടായിരുന്നു ഭരണതുടക്കം. വിദേശമന്ത്രിയെ നിയമിക്കുകയും  ഒപ്പം മറ്റ് രാജ്യങ്ങളില്‍ എംബസികള്‍ ആരംഭിക്കുകയും ചെയ്തു. 1974 ല്‍ ഖത്തര്‍ ജനറല്‍ പെട്രോളിയം കമ്പനി രൂപവല്‍ക്കരിച്ചു. ഇത്  പ്രകൃതി ഖത്തറിന് നല്‍കിയ സൗഭാഗ്യങ്ങളെ പ്രയോജനപ്പെടുത്താനുള്ള ശ്രമായിരുന്നു. ആരംഭിച്ചു. ഇതിനായി സാങ്കേതിക രംഗത്തുള്ള വിദഗ്ധരെ വിദേശങ്ങളില്‍ നിന്നുകൊണ്ട് വന്ന് ഖനന മേഖലയില്‍ ചടുലമായ പുരോഗതി ഉണ്ടാക്കാനും അദ്ദേഹത്തിനായി. 1973 ല്‍  ഖത്തര്‍ യൂണിവേഴ്സിറ്റി ആരംഭിച്ചു. ഇത് ഖത്തറിലെ ആദ്യത്തെ സര്‍വകലാശാല ആയിരുന്നു. രാജ്യത്തിന്‍െറ വ്യവസായ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഖത്തര്‍ സ്റ്റീല്‍ കമ്പനി, ഖത്തര്‍ പെട്രോകെമിക്കല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.1975 ല്‍ ഖത്തര്‍ ന്യസ് ഏജന്‍സി ആരംഭിച്ചത് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്ക് സഹായകരമായി. ലോകം ഖത്തറിനെ കേള്‍ക്കാനും കാണാനും അതുവഴിയായി. ഇന്ത്യയുമായുള്ള ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ ബന്ധം ഹൃദ്യമായിരുന്നു. ഇന്ത്യന്‍ പ്രവാസികളോട് സഹിഷ്ണുതയുള്ള സമീപനമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം 1983 ല്‍ ഇന്ത്യ സന്ദര്‍ശിച്ചു. 1984 ല്‍ ഖത്തര്‍ ഗ്യാസ് കമ്പനി രൂപവല്‍ക്കരിച്ചുകൊണ്ട് മരുഭൂമിക്കുള്ളില്‍ ഒളിഞ്ഞ് കിടക്കുന്ന പ്രകൃതി ദ്രവീകരണ വാതകം ഖനനം ചെയ്ത് എടുക്കാന്‍ ശ്രമം ആരംഭിച്ചു. 1991 ല്‍ അത് യാഥാര്‍ഥ്യമായതോടെ ഖത്തറിന്‍െറ പ്രകൃതി വാതകത്തിനായി ലോകരാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ ആവശ്യമുയര്‍ന്നു.   1982 ല്‍ ഹമദ് ജനറല്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചത് ചികില്‍സാരംഗത്ത് നിര്‍ണ്ണായക സംരംഭമായി. 23 വര്‍ഷത്തിനുശേഷം തന്‍െറ മകന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അമീറായി ചുമതലയേല്‍ക്കുന്നതുവരെയായിരുന്നു  അദ്ദേഹത്തിന്‍െറ ഭരണകാലം.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.