ദോഹ: ഖത്തറില്‍ ഡിസംബര്‍ 14 ന് നിലവില്‍ വരുന്ന പുതിയ തൊഴില്‍ നിയമപ്രകാരം ആദ്യമായി രാജ്യത്ത് തൊഴിലിനായി എത്തുന്ന പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ ആരംഭിക്കുന്നതിന് ഒരു മാസത്തെ സാവകാശം അനുവദിക്കും. ആഭ്യന്തര മന്ത്രാലയം സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബിര്‍ അല്‍ ലിബ്ദ അര്‍റായ പത്രത്തിനോട് വെളിപ്പെടുത്തിയതാണിത്.
ഇപ്പോള്‍ നിലവിലുള്ള നിയമ പ്രകാരം രാജ്യത്ത് ആദ്യമായി വരുന്ന വിദേശികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ ആരംഭിക്കാനുള്ള സമയപരിധി ഒരാഴ്ചയായിരുന്നു. ഇപ്പോഴത്തെ തീരുമാനം പ്രവാസികള്‍ക്ക് ഏറെ സഹായകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2009ലെ നാലാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത് വരുത്തിയ പുതിയ നിയമത്തില്‍ പ്രധാനമായും പ്രവാസികള്‍ രാജ്യത്തേക്കു വരുന്നതും തിരിച്ചു പോകുന്നതും തൊഴിലുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളാണുള്ളത്. വിദേശികളായ ജോലിക്കാര്‍ക്ക് തൊഴില്‍ ഉടമയുടെ അനുമതിയുണ്ടെങ്കില്‍ തൊഴില്‍ കരാര്‍ കാലാവധി തീരുന്നതിനു മുമ്പു തന്നെ മറ്റൊരു കമ്പനിയില്‍ ജോലിക്കു ചേരാന്‍ പുതിയ നിയമം അനുവദിക്കുന്നുണ്ടെന്ന് സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം ഡയറക്ടര്‍ പറഞ്ഞു.
യഥാര്‍ഥ തൊഴിലുടമക്കു പുറമെ തൊഴില്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗത്തിന്‍്റെ അംഗീകാരം കൂടി ഇത്തരം തൊഴില്‍ മാറ്റങ്ങള്‍ക്കു വേണ്ടിവരും എന്നതാണ് പ്രത്യേകത.പുതിയ തൊഴില്‍ നിയമത്തില്‍ ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടെന്ന് അധികൃതര്‍ മുമ്പെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ രാജ്യത്തെ പ്രവാസികള്‍ പുതിയ തൊഴില്‍ നിയമത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. തൊഴില്‍ കരാര്‍ കാലാവധിക്ക് മുന്തിയ പരിഗണന എന്നതാണ് ഏറ്റവും ശ്രദ്ധേയ ഘടകം. തൊഴില്‍ കരാറില്‍ ഒപ്പിട്ട് തൊഴിലില്‍ പ്രവേശിച്ച ആള്‍ക്ക് കരാര്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പ് രാജ്യംവിട്ടുപോയാല്‍ ഉടന്‍ തിരിച്ചുവരാന്‍ കഴിയില്ല എന്നതാണ് വ്യവസ്ഥ. ഇത് പുതിയ വിസാനിയമത്തിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരാള്‍ കരാര്‍ പൂര്‍ത്തിയാകുംമുമ്പെ ഖത്തറില്‍ നിന്നും തിരിച്ചുപോയാല്‍ ആദ്യത്തെ കരാര്‍ കാലാവധി കഴിഞ്ഞശേഷമെ മടങ്ങി വരാന്‍ കഴിയൂ എന്നതാണ് പുതിയ വ്യവസ്ഥ. എന്നാല്‍ തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് നിലവിലുള്ള വിസ കാന്‍സല്‍ ചെയ്ത് തിരിച്ചുപോകുകയും അടുത്ത ദിവസംതന്നെ പുതിയ തൊഴില്‍ കരാറിന്‍െറ അടിസ്ഥാനത്തില്‍ തിരിച്ചുവരികയും ചെയ്യാം. . ഇപ്പോഴുള്ള നിയമപ്രകാരം ഒരാള്‍ വിസ റദ്ദാക്കി നാട്ടില്‍ പോകുന്ന ഒരാളിന് ഖത്തറിലേക്ക് മടങ്ങി വരണമെങ്കില്‍ രണ്ട് വര്‍ഷം കാത്തിരിക്കണം. ഇതാണ് പുതിയ നിയമം വരുന്നതോടെ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.