മിയ പാര്‍ക്കില്‍ ഇന്നുമുതല്‍ ചൈനീസ് ചലചിത്ര വസന്തം

ദോഹ: ലോകപ്രശസ്ത ചൈനീസ് സിനിമകള്‍ കാണണമെന്നുള്ളവര്‍  മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ എത്തിയാല്‍ അതിനുള്ള അവസരമുണ്ടാകും.   ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള അവാര്‍ഡ് ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവയാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. ഖത്തര്‍-ചൈന 2016 സാംസ്കാരിക വര്‍ഷാഘോഷത്തിന്‍്റെ ഭാഗമായാണിത്. നവംബര്‍ ഏഴ് വരെ പ്രദര്‍ശനം നടക്കും. ജോണ്‍ വൂസ് എ ബെറ്റര്‍ ടുമാറോ, ബ്രൂസ് ലിയുടെ വേ ഓഫ് ഡ്രാഗണ്‍, ജാക്കിച്ചാന്‍്റെ പോലീസ് സ്റ്റോറി തുടങ്ങി ഏറ്റവും മികച്ച അവാര്‍ഡ് ചിത്രങ്ങളാണ് മിയയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചപ്പോഴെല്ലാം ആസ്വാദകരുടെ ആവേശകരമായ പ്രതികരണം ഉണ്ടാക്കിയ ചിത്രങ്ങളാണിവ. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് (ഡി.എഫ്.ഐ) പ്രദര്‍ശനം നടത്തുന്നത്.  ഇന്ന് രാത്രി 7.30 ന് ‘എ ബെറ്റര്‍ ടുമാറോ’ ആണ് ഉദ്ഘാടന ചിത്രം. ഏറ്റവും മികച്ച നൂറ് ചൈനീസ് സിനിമകളിലൊന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നാളെ  വൈകുന്നേരം 4.30ന് വേ ഓഫ് ഡ്രാഗണ്‍  പ്രദര്‍ശിപ്പിക്കും. 1973 ല്‍ മികച്ച എഡിറ്റിങ്ങിനുള്ള ഗോള്‍ഡന്‍ ഹോഴ്സ് അവാര്‍ഡ് നേടിയചിത്രമാണിത്. രാത്രി 7.30 ന്  ‘ബാക്ക് ടു 1942’ പ്രദര്‍ശിപ്പിക്കും.  ഏഷ്യ പസഫിക് സ്ക്രീന്‍ അവാര്‍ഡ്, ഷംഗായി ഫിലിം ക്രിട്ടിക്, ബീജിങ് അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങിയവയില്‍ മികച്ച പ്രതികരണങ്ങള്‍ ഉണ്ടാക്കിയവയാണ് ഈ ചിത്രം.  വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡണ്‍ ലയണ്‍ അവാര്‍ഡ് നേടിയ സ്റ്റില്‍ ലൈഫ് ശനിയാഴ്ച വൈകിട്ട് 4.30 നും കമിങ് ഹോം 7.30നും പ്രദര്‍ശിപ്പിക്കും. 
വെനീസ് ചലച്ചിത്ര മേളയില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ എ സിമ്പിള്‍ ലൈഫാണ് സമാപന ദിനമായ നവംബര്‍ ഏഴിന് പ്രദര്‍ശിപ്പിക്കുന്നത്. 35 റിയാലാണ് ടിക്കറ്റ് നിരക്ക്. മിയ ബോക്സ് ഓഫീസില്‍ നിന്നോ ഡിഎഫ്ഐയുടെ ഓണ്‍ലൈനില്‍ നിന്നോ ടിക്കറ്റ് ലഭ്യമാണ്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.