മരുന്നു വിലക്കുറവ് ജനങ്ങള്‍ക്ക് ആശ്വാസമായി

ദോഹ: ജി.സി.സി വില ഏകീകരണത്തിന്‍െറ ഭാഗമായി രണ്ടു വര്‍ഷത്തിനിടെ മരുന്നുവിലയിലുണ്ടായ കുറവ് രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ആശ്വസമായി. ജീവന്‍രക്ഷ മരുന്നുകളടക്കം നിരവധി ഒൗഷധങ്ങള്‍ക്കാണ് നന്നായി വിലകുറഞ്ഞത്.
ജി.സി.സി തീരുമാനത്തെതുടര്‍ന്ന് പൊതുജനാരോഗ്യമന്ത്രാലയമാണ് രാജ്യത്ത് ഘട്ടംഘട്ടമായി മരുന്ന് വില കുറക്കാന്‍ തീരുമാനിച്ചത്. മൂന്നാമത് വില കുറച്ചപ്പോള്‍ നാനൂറോളം മരുന്നുകള്‍ക്ക് ശരാശരി 26 ശതമാനത്തിന്‍െറ വിലക്കുറവാണുണ്ടായത്. ഇതില്‍ ചില മരുന്നുകള്‍ക്ക് 80 ശതമാനത്തോളം വില കുറഞ്ഞു. മൂന്ന് ഘട്ടങ്ങളിലുമായി 2,873 മരുന്നുകളുടെ വിലയാണ് കുറഞ്ഞതെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് രജ്യത്ത് രജിസ്റ്റര്‍ ചെയ്ത 4,600 മരുന്നുകളുടെ 62.5 ശതമാനം വരും.
മരുന്നുകളുടെ വില കുറഞ്ഞതോടെ ഗവണ്‍മെന്‍റ് ആശുപത്രികളെ സമീപിക്കാതെ പ്രമേഹരോഗികളും മറ്റും തുടര്‍ച്ചയായി സ്വകാര്യ ഫാര്‍മസികളെ സമീപിക്കുന്നതായി ഫാര്‍മസി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ആവശ്യം വരുന്ന വേദനസംഹാരികള്‍ക്കും പ്രമേഹം, ഉദരരോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില പകുതിയോളം വിലകുറഞ്ഞിട്ടുണ്ട്. കുറഞ്ഞ വില പ്രാബല്യത്തില്‍ വന്നതോടെ ഫാര്‍മസി അധികൃതര്‍ ഇത് പാലിക്കുന്നുണ്ടോയെന്ന് നോക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ ഫാര്‍മസികളിലും ചുരുങ്ങിയത് മൂന്ന് മാസത്തില്‍ ഒരു പരിശോധനയെങ്കിലും നടക്കുന്നുണ്ട്.
ഏപ്രില്‍ 17 മുതലാണ് മൂന്നാമത്തെയും അവസാനത്തേതുമായ വിലക്കുറവ് പ്രാബല്യത്തില്‍ വന്നത്. സന്ധിവാതം, ചര്‍മ്മരോഗം, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് ഈ ഘട്ടത്തില്‍ വിലകുറഞ്ഞത്.
രക്തസമ്മര്‍ദത്തിന് ഉപയോഗിച്ചുവരുന്ന ‘എക്സ്ഫോര്‍ജ്’ മരുന്നുകളുടെ 20 എണ്ണത്തിന് നിലവിലെ 274 റിയാലില്‍ നിന്ന് 156 റിയാലായി കുറഞ്ഞു. വാതരോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന ‘അര്‍ക്കോക്സിയ’ 28 ഗുളികകള്‍ക്ക് 49.25 റിയാലില്‍ നിന്ന് 43.50 റിയാലായും പ്രമേഹത്തിനുള്ള ‘ഡയമൈക്രോണ്‍ 60 എം.ജി’  30 ഗുളികള്‍ക്ക് 93 റിയാലില്‍ നിന്ന് 26 റിയലായും കുറഞ്ഞു. ആസ്പിരിന്‍െറ 100 എം.ജി 30 ടാബ്ലെറ്റുകള്‍ക്ക് 10 റിയാലില്‍ നിന്ന് 3.75 റിയാലിലേക്കും 300 എം.ജി ടാബ്ലറ്റുകളുടെ 30 എണ്ണത്തിന്‍െറ പാക്കിന് അഞ്ച് റിയാലില്‍ നിന്ന് 3.75 റിയാലിലേക്കും കുറഞ്ഞു. പെനഡോള്‍ 24 എണ്ണത്തിന് 7.50 റിയാലില്‍ നിന്ന് 5.50ലേക്കാണ് കുറഞ്ഞത്.  പെനഡോള്‍ 48ന് 14.25 റിയാലില്‍ നിന്ന് ഒമ്പത് റിയാലായും കുറഞ്ഞു.
ആദ്യഘട്ടമായി 2014 സെപ്തംബറില്‍  657 മരുന്നുകളുടെ വില കുറച്ചിരുന്നു. മരുന്ന് വില ഏകീകരിക്കുന്നതിന്‍െറ ആദ്യപടിയായാണ് 2014ല്‍ വിലകുറക്കാന്‍ തീരുമാനിച്ചത്. 2015 ജനുവരി 23 മുതല്‍ 700 ഓളം മരുന്നുകള്‍ക്ക് കൂടി വില കുറഞ്ഞു.
വിലകുറക്കേണ്ട മരുന്നുകളുടെ നിലവിലുള്ള വിലയും പുതിയ വിലയും സൂചിപ്പിക്കുന്ന പട്ടികയും സുപ്രീം ആരോഗ്യ കൗണ്‍സിലിന് കീഴിലെ ഡ്രഗ് കട്രോള്‍ ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുകയാണ് ചെയ്യാറുള്ളത്.
വില കുറയുന്നതോടെ നിരക്ക് കൂടിയ മരുന്നുകള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാര്‍മസി രംഗത്തുള്ളവര്‍ പറയുന്നു. എച്ച്.എം.സി ആരോഗ്യ കാര്‍ഡുള്ളവര്‍ക്ക് സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ലഭ്യമാകുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.