വാഖ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ്  വ്യാഴാഴ്ച തുടങ്ങും

ദോഹ: കാല്‍പന്തുകളിയുടെ കാല്‍പനിക സൗന്ദര്യം കാരുണ്യപ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്ന ഖത്തറിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്) സംഘടിപ്പിക്കുന്ന ആറാമത് ആള്‍കേരള ഫുട്ബാള്‍ ടൂര്‍ണമെന്‍റ് മേയ് 12 മുതല്‍ ദോഹ സ്പോര്ട്സ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഖത്തറിലുള്ള 12 ടീമുകളാണ് ഈ മേളയില്‍ മാറ്റുരയ്ക്കുന്നത്.  
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ സ്പോര്‍ട്സ് സ്റ്റേഡിത്തിലായിരിക്കും മത്സരങ്ങള്‍.പോയ വര്‍ഷങ്ങളില്‍ വാഖ് ടൂര്‍ണ്ണമെന്‍റുകള്‍ക്ക് ലഭിച്ച ജനപിന്തുണ ഈ വര്‍ഷത്തെ ഫുട്ബോള്‍ മഹോത്സവത്തിന് മാറ്റുകൂട്ടൂമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് ടൂര്‍ണമെന്‍റിന്‍െറ ഈ വര്‍ഷത്തെ ടൈറ്റില്‍ സ്പോണ്‍സര്‍. ബ്രദേഴ്സ് എഫ്.സി, എഫ്.സി കൊടിയത്തൂര്‍, നാഷന്‍ വൈഡ്, സിറ്റി എക്സ്ചേഞ്ച് നാദം ദോഹ, യാസ് തൃശൂര്‍, യുനൈറ്റഡ് കേരള, യു.കെ.എഫ്.സി ഫൈസല്‍ സോക്കര്‍ ഖത്തര്‍, ഫ്രൈഡേ സ്പോര്‍ട്സ് ക്ളബ്, എഫ്.സി വണ്ടൂര്‍, സ്പോര്‍ട്ടിങ് മലപ്പുറം, ഇമാദി ലെമോസിന്‍, കുനിയില്‍ എക്സ്പാറ്റ്സ് അസോസിയേഷന്‍ എന്നീ ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്. സംഘാടനത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് വാഴക്കാട്ട് മെഡിക്കല്‍ഷോപ്പ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 
കഴിഞ്ഞ വര്‍ഷത്തെ വരുമാനം ഉപയോഗിച്ച് നാട്ടില്‍ സ്ഥാപിച്ച വാഖ് ഡയാലിസിസ് സെന്‍റര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. ആറ് ഡയാലിസിസ് മെഷീനുള്ള സെന്‍റര്‍ വാഴക്കാട്ടെയും പരിസര പ്രദേശങ്ങളിലുമുള്ള രോഗികള്‍ക്ക് ആശ്വാസമേകുന്നുണ്ട്. 
നാളെ വൈകുന്നേരം നടക്കുന്ന ആദ്യ മത്സരത്തില്‍ ബ്രദേഴ്സ് എഫ്.സി, എഫ്.സി കൊടിയത്തൂരുമായും രണ്ടാം മത്സരത്തില്‍ നാഷന്‍ വൈഡ്, സിറ്റി എക്സ്ചേഞ്ച് നാദം ദോഹയുമായും ഏറ്റുമുട്ടും. 
വാഖ് പ്രസിഡന്‍റ് ഫിന്‍സര്‍, ജനറല്‍ സെക്രട്ടറി കെ.കെ സിദ്ദീഖ്, ട്രഷറര്‍ ടി.കെ. ജമാല്‍, ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ സുഹൈല്‍ കൊന്നക്കോട്ട്, കണ്‍വീനര്‍ അബ്ദു കാളൂര്‍, ഡയാലിസിസ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി അക്ബര്‍, ആര്‍.പി ഹാരിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.