തെരഞ്ഞെടുപ്പ് അവകാശവാദങ്ങളുമായി പ്രവാസി സംഘടനകള്‍

ദോഹ: ‘നിയമസഭ തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്ക് പറയാനുളളളത്’ എന്ന തലക്കെട്ടില്‍ കള്‍ചറല്‍ ഫോറം പാലക്കാട് ജില്ല കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ വിജയ പ്രതീക്ഷ പങ്കുവെച്ച് പ്രവാസി രാഷ്ട്രീയ കൂട്ടായ്മ പ്രതിനിധികള്‍. സമ്പൂര്‍ണ്ണ മദ്യനിരോധനം സാധ്യമാക്കാനും സ്മാര്‍ട്ടി സിറ്റി, കണ്ണൂര്‍ വിമാനത്താവളം, മെട്രോ റെയില്‍ തുടങ്ങിയ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ ഭരണതുടര്‍ച്ച അനിവാര്യമാണെന്ന് പരിപാടിയില്‍ സംസാരിച്ച ഇന്‍കാസ് ജനറല്‍ സെക്രട്ടറി എ.പി മണികണ്ഠന്‍ പറഞ്ഞു. ഇത് കേരള ജനത തിരിച്ചറിയുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്താനും വികസന നേട്ടങ്ങള്‍ പാവങ്ങള്‍ക്ക് ലഭ്യമാക്കാനുമായി ഇടതുമുന്നണി ഈ പ്രവാശ്യം അധികാരത്തില്‍ വരുമെന്ന് സംസ്കൃതി എക്സിക്യുട്ടീവ് അംഗം ഷംസീര്‍ അരിക്കുളം പ്രതീക്ഷ പ്രകടിപ്പിച്ചു.
പൊതുവിദ്യഭ്യാസ രംഗത്ത് വന്‍കുതിച്ചുചാട്ടം നടത്തുകയും ഒട്ടനവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത മുസ്ലിംലീഗ് ഈ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തുമെന്നും ഉമ്മന്‍ചാണ്ടി ഗവണ്‍മെന്‍റ് തന്നെ അധികാരത്തില്‍ വരുമെന്നും കെ.എം.സി.സി മീഡിയ കണ്‍വീനര്‍ നാസര്‍ കൈതക്കാട് പറഞ്ഞു.
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഭൂരഹിതരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും പക്ഷത്ത് നിലയുറപ്പിക്കുകയും മൂല്യധിഷ്ഠിത രാഷ്ട്രീയം മുഖമുദ്രയാക്കി  ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യനിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിയുടെ ഇടം അടയാളപ്പെടുത്തുമെന്ന് കള്‍ചറല്‍ ഫോറം സംസ്ഥാന കൗണ്‍സില്‍ അംഗം ശഫീഖ് പരപ്പുമ്മല്‍ പറഞ്ഞു. കള്‍ചറല്‍ ഫോറം പാലക്കാട് ജില്ല പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ ഹസനാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കോങ്ങാട് സ്വാഗതവും വൈസ്പ്രസിഡന്‍റ് നസീമ മഹമ്മദലി നന്ദിയും പറഞ്ഞു. ചോദ്യോത്തര സെഷന്‍ യൂസുഫ് പുലാപ്പറ്റ നിയന്ത്രിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.