‘മെയ്ഡ് ഇന്‍ ഖത്തര്‍’ പ്രദര്‍ശനം നവംബറില്‍ റിയാദില്‍

ദോഹ: ‘മെയ്ഡ് ഇന്‍ ഖത്തര്‍’ പ്രദര്‍ശനം നവംബര്‍ ആറ് മുതല്‍ ഒമ്പത് വരെ സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുമെന്ന് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചു. ഇതിന്‍്റെ ഭാഗമായുള്ള പ്രൊമോഷന്‍ കാമ്പയിന്‍ പരിപാടികള്‍ ചേംബര്‍ പ്രഖ്യാപിച്ചു. ഖത്തറിന് പുറത്ത് ഇതാദ്യമായാണ് ‘മെയ്ഡ് ഇന്‍ ഖത്തര്‍’ പ്രദര്‍ശനം നടക്കുന്നത്. അതിനാല്‍ തന്നെ മുന്‍വര്‍ഷങ്ങളിലേക്കാളേറെ പ്രാധാന്യമായിരിക്കും റിയാദിലെ ‘മെയ്ഡ് ഇന്‍ ഖത്തര്‍’ പ്രദര്‍ശനത്തിനെന്ന് ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു.
പ്രദര്‍ശനത്തിന്‍െറ മഹത്തായ വിജയത്തിനായി ഖത്തര്‍ ചേംബറും പങ്കാളികളും കഠിനപ്രയത്നം നടത്തും. ഇതിന്‍െറ ഭാഗമായി പ്രാദേശിക വിപണികളില്‍ ഖത്തര്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ വില്‍പനക്കും പ്രചരണത്തിനുമായി പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കും. സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തെ നേട്ടങ്ങളും അനുഭവ സമ്പത്തും  രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സാമൂഹിക രംഗങ്ങളില്‍ എടുക്കുന്ന ശക്തമായ നിലപാടുകളുമാണ് ഖത്തറിന് പുറത്തേക്ക് സംഘടിപ്പിക്കുന്ന ആദ്യ പ്രദര്‍ശനത്തിന് സൗദി തെരെഞ്ഞെടുക്കാന്‍ കാരണം. ഖത്തറിന്‍െറ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളിയാണ് സൗദി അറേബ്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലെയും സംരംഭകര്‍ക്കിടയില്‍ സഹകരണത്തിന്‍െറ പുതിയ വാതിലുകള്‍ തുറക്കാന്‍ പ്രദര്‍ശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ആല്‍ഥാനി വ്യക്തമാക്കി. 10,000 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള വേദിയിലാണ് പ്രദര്‍ശനം.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം പിന്നീട് അറിയിക്കും. പ്രദര്‍ശനത്തിന്‍െറ മുഴുവന്‍ ചെലവും ഖത്തര്‍ ചേംബര്‍ വഹിക്കുമെന്നും ശൈഖ് ഖലീഫ ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.