തൊഴില്‍ നിയമലംഘനം: രണ്ട് റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ ലൈസന്‍സ്  റദ്ദാക്കി

ദോഹ: വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മന്ത്രാലയത്തിന്‍െറ നിര്‍ദേശങ്ങള്‍ ലംഘിച്ച രണ്ട് റിക്രൂട്ട്മെന്‍റ് കമ്പനികളുടെ ലൈസന്‍സ് തൊഴില്‍ മന്ത്രാലയം റദ്ദാക്കി. 2005ലെ എട്ടാം നമ്പര്‍ മന്ത്രാലയ ഉത്തരവിലെ 14ാം വകുപ്പിലെ നാലാം  ഖണ്ഡിക നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് അല്‍ ഫദീല, അല്‍ വഫ എന്നീ കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നിയമലംഘനം സംബന്ധിച്ച് നേരത്തെ തന്നെ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും തുടര്‍ന്നതിനാലാണ് അനുമതി റദ്ദാക്കിയത്. തൊഴില്‍ സ്ഥാപനങ്ങളുമായുള്ള ഉടമ്പടിപത്രങ്ങള്‍ ഹാജരാക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഏജന്‍സികള്‍ ഇതില്‍ വീഴ്ച വരുത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തൊഴില്‍ റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ ഓഫീസുകളില്‍ മന്ത്രാലയം അധികൃതര്‍ മിന്നല്‍ പരിശോധന സജീവമാക്കിയിട്ടുണ്ട്. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് നടപടികള്‍ എളുപ്പമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ. ഈ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി വ്യക്തമാക്കിയിരുന്നു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.