‘വിഷന്‍ 2026’ ഗ്രാമീണ്‍ ദോസ്തി: 100 ഗ്രാമങ്ങള്‍ ദത്തെടുക്കാന്‍ പദ്ധതി -ടി. ആരിഫലി

ദോഹ: ‘വിഷന്‍ 2026’ പദ്ധതി പ്രകാരം പത്ത് വര്‍ഷത്തിനകം ഉത്തരേന്ത്യയില്‍ 100 ഗ്രാമങ്ങള്‍ ദത്തെടുത്ത് നവീകരിക്കാന്‍ പദ്ധതി രൂപവല്‍കരിച്ചതായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ടി. ആരിഫലി പറഞ്ഞു. ‘ഗ്രാമീണ്‍ ദോസ്തി’ എന്ന പേരിലാണ് ഗ്രാമങ്ങള്‍ ദത്തെടുക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്. നേരത്തെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയത്തിലും, അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുമാണ് പുതിയ പദ്ധതി രൂപവല്‍കരിക്കുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, ഗവണ്‍മെന്‍റ് പദ്ധതികള്‍ കൊണ്ട് മാത്രം മുസ്ലിം സമുദായത്തിന്‍െറ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിയില്ളെന്ന ബോധ്യത്തില്‍ നിന്നാണ് 2006ല്‍ വിഷന്‍ 2016 പദ്ധതിക്ക് രൂപം നല്‍കിയത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കവസ്ഥക്ക് പരിഹാരം കാണുന്നതില്‍ വിഷന്‍ 2016 പദ്ധതികള്‍ ഏറെ ഗുണം ചെയ്തയായും അദ്ദേഹം പറഞ്ഞു. ദോഹ അന്താരാഷട്ര മതാന്തര സംവാദ കേന്ദ്രത്തിന്‍െറ യുവജന സംഗമത്തില്‍ പങ്കെടുക്കാനത്തെിയ ആരിഫലി ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
വിഷന്‍ 2026ല്‍ കൂടുതല്‍ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സുസ്ഥിര വികനത്തിന് അസ്ഥിവാരമിടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍.
ഗ്രാമീണ ജനതക്ക് ദാനധര്‍മങ്ങള്‍ ചെയ്യുക എന്നതില്‍ നിന്ന് മാറി അവരെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. അവിടെ വിദ്യാഭ്യാസത്തിന് സംവിധാനങ്ങള്‍ ഉണ്ടാക്കുക, അവരെ ശുചീകരണം പഠിപ്പിക്കുക, ആരോഗ്യനിലവാരം പുലര്‍ത്തുക, പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക തുടങ്ങി സുസ്ഥിരമായ വികസനത്തിനുതകുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഗ്രാമങ്ങളിലെ യുവാക്കളെ സന്നദ്ധപ്രവര്‍ത്തകരാക്കി അവര്‍ക്കു കൂടി പങ്കാളിത്തമുള്ള രീതിയാണ് അവലംബിക്കുന്നത്. നമ്മളും അവരും ചേര്‍ന്ന് പരിപാടികള്‍ ആവിഷ്കരിക്കുകയും നമ്മള്‍ പിന്‍മാറിയാലും അടുത്ത തലമുറയിലേക്ക് കൂടി പദ്ധതി കൈമാറാനുള്ള ശേഷി അവരില്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഒരുപാട് പണം പിരിച്ചെടുത്ത് ചെലവഴിക്കുന്നതിന് പകരം, ജനങ്ങളിലത്തൊതെ കിടക്കുന്ന ഗവണ്‍മെന്‍റിന്‍െറ ഒട്ടേറെ പദ്ധതികള്‍ അവരിലത്തെിക്കാന്‍ ശ്രമിക്കും. ഗ്രാമങ്ങളെ ഉദ്ധരിക്കാനും, ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ളവ, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളത് തുടങ്ങി നൂറുകണക്കിന് പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. ഇവ അര്‍ഹരിലേക്കത്തെിക്കുന്നതിന് സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുക. ഗവണ്‍മെന്‍റിന്‍െറയും ഗവണ്‍മെന്‍റിതര സംഘടനകളുടെയും സ്കീമുകളില്‍ നിന്ന് ഫലം കൊയ്തെടുക്കാനുള്ള കഴിവ് ആളുകളില്‍ വളര്‍ത്തിയെടുക്കും. അതിനാവശ്യമായ പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കും. ഇതിനായി പരിശീലന കേന്ദ്രങ്ങള്‍ ദല്‍ഹിയിലും വിവിധ പിന്നാക്ക സംസ്ഥാനങ്ങളിലും ജില്ല, താലൂക്ക് അടിസ്ഥാനങ്ങളിലായി സ്ഥാപിക്കും.
ഏതൊക്കെ ഗ്രാമങ്ങളാണ് ദത്തെടുക്കേണ്ടതെന്നും എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കേണ്ടത് തുടങ്ങിയ പ്രവര്‍ത്തന പദ്ധതികള്‍ തയാറാവുകയാണ്. മുസ്ലിംകളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയല്ല ഇത്. വിവിധ മതസ്ഥര്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്തം ആവശ്യമായ സ്ഥലങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കുക. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമം നടത്തുന്നതിനൊപ്പം തന്നെ സാംസ്കാരികമായി അവരെ വളര്‍ത്തിയെടുക്കുകയും പരസ്പര സ്നേഹത്തിന്‍െറ പാഠങ്ങള്‍ നല്‍കുകയുമാണ് ിയാണ് ലക്ഷ്യം.
യു.പി, പശ്ചിമബംഗാള്‍, അസം, മണിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ 72 ശതമാനം ഈ മേഖലകളിലാണ്. വലിയ ജനസംഖ്യയുള്ള ഈ സംസ്ഥാനങ്ങളിലെ മനുഷ്യവിഭവശേഷി വികസിപ്പിച്ച് ലോകത്തിന് സമര്‍പ്പിക്കുക കൂടി ലക്ഷ്യം വെക്കുന്നുണ്ട്.
വിഷന്‍ 2016 പദ്ധതിക്ക് കേരളത്തില്‍ നിന്ന് വലിയ പിന്തുണയും സഹായവുമാണ് ലഭിച്ചത്. ചില സംഘടനകള്‍ നേരിട്ട് സഹകരിക്കുകയും മറ്റു ചിലര്‍ ഈ സന്ദേശമുള്‍ക്കൊണ്ട്  ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാവുകയും ചെയ്തു. എം.ഇ.എസ്, എം.എസ്.എസ്, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകളെല്ലാം പദ്ധതിയുമായി സഹകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കമ്യൂണിറ്റി ഡെവലപ്മെന്‍റ്, സ്ത്രീശാക്തീകരണം, സംരംഭകത്വം, മൈക്രോഫിനാന്‍സ്, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പത്ത് വര്‍ഷത്തിനകം പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളില്‍ ഈ രംഗങ്ങളിലെല്ലാം മുന്നേറ്റമുണ്ടാക്കാനും സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്താനും സാധിച്ചിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് വിഷന്‍ 2016 മുഖേനയുള്ള സഹായം എത്തിയത്. ഭക്ഷണമായും വിദ്യാഭ്യാസ പദ്ധതികളായും ചികിത്സയായും ഇത് ജനങ്ങളില്‍ എത്തിയിട്ടുണ്ട്. ടാലന്‍റ് സെര്‍ച്ച് പരീക്ഷകളും വിദ്യാഭ്യാസ അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് അടുത്ത പദ്ധതി രൂപവല്‍കരിക്കുന്നത്.
ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ബിസിനസ് യൂനിറ്റുകള്‍ സ്ഥാപിക്കണമെന്ന് ഗള്‍ഫിലെ ബിസിനസ് രംഗത്തുള്ളവരോട് ആവശ്യപ്പെടുന്നുണ്ട്. ചുരുങ്ങിയ ചെലവില്‍ തൊഴില്‍ശേഷി ലഭിക്കുന്നതിനാല്‍ ഇത്തരം സംരംഭങ്ങള്‍ വിജയിക്കുമെന്നതിനൊപ്പം ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാന്‍ സാധിക്കുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.