ഇന്ധന വിലവര്‍ധന: വര്‍ഷം 740 ദശലക്ഷം റിയാല്‍ വരുമാനവര്‍ധനവ് 

ദോഹ: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ സംഭവിച്ച വിലയിടിവിനെ തുടര്‍ന്ന് രാജ്യത്ത് നടപ്പാക്കിയ ഇന്ധന വിലവര്‍ധനവ് വരുമാനത്തില്‍ 740 ദശലക്ഷം റിയാലിന്‍െറ വര്‍ധനവുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ദോഹ ന്യൂസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 
2015ലെ ജൂണിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷം ജൂണില്‍ 742 ദശലക്ഷം റിയാലിന്‍െറ വര്‍ധനവാണ് ഇന്ധനവില്‍പനയിലൂടെ ആകെ ഉണ്ടായിരിക്കുന്നത്. രണ്ട് എയര്‍ബസ് എ-320 നിയോ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള തുക വരുമിത്. എജുക്കേഷന്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ആറ് അമേരിക്കന്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍െറ പകുതി ചെലവും പുതിയ വര്‍ധനവിലൂടെ കണ്ടത്തൊന്‍ രാജ്യത്തിന് കഴിയും. രാജ്യത്തിന്‍െറ കമ്മി ബജറ്റില്‍ നേരിയ മുന്നേറ്റത്തിനും ഇത് കാരണമാകും. 
ഖത്തറിലെ ഇന്ധന വിലവര്‍ധനയെ സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്യുന്നുണ്ട്. രാജ്യത്തിന്‍െറ സാമ്പത്തിക നിലയില്‍ വലിയ മാറ്റം വരുത്താന്‍ ഇത് ഇടയാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ധന ഉല്‍പാദന രാജ്യങ്ങളില്‍, വാഹനങ്ങള്‍ക്ക് ഇന്ധന വിലയില്‍ ഏറ്റവും കൂടുതല്‍ സബ്സിഡി നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. എന്നാല്‍, എണ്ണവിപണിയില്‍ ഉണ്ടായ കുത്തനെയുള്ള വിലയിടിവിനെ തുടര്‍ന്ന് ഭരണകൂടം ഇത് സംബന്ധിച്ച് പുനരാലോചിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 
ഈ വര്‍ഷം തുടക്കത്തില്‍ ലിറ്ററിന്  0.85 റിയാല്‍ ഉണ്ടായിരുന്ന പ്രീമിയം പെട്രോളിന് ഈ മാസം നല്‍കുന്നത് 1.2 റിയാലാണ്. ഒരു റിയാല്‍ വിലയുണ്ടായിരുന്ന സൂപ്പര്‍ ഇനത്തിന് നല്‍കുന്നത് 1.3 റിയാലുമാണ്. 2015ലെ വഖൂദിന്‍്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്ത് പ്രീമിയം ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 975 ദശലക്ഷം ലിറ്ററും സൂപ്പര്‍ ഇനത്തില്‍ 134 കോടി ലിറ്ററും പെട്രോള്‍ ഉപയോഗിച്ചതായി വ്യക്തമാക്കുന്നുണ്ട്. 
എന്നാല്‍ വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് വര്‍ഷത്തില്‍ 742.65 ദശലക്ഷം റിയാലിന്‍െറ വരുമാനം ഉണ്ടാകുമെന്നും വര്‍ധിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഈ കണക്കുകള്‍ ഉയരുമെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. 2014നേക്കാളും ഒമ്പത് ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം പെട്രോള്‍ വില്‍പനയില്‍ ഉണ്ടായിരിക്കുന്നതെന്ന് വഖൂദ് വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.