നാളെ മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം

ദോഹ: രാജ്യത്ത് ചൂട് കനത്തുതുടങ്ങിയതോടെ നാളെ മുതല്‍ തൊഴിലിടങ്ങളില്‍ ഉച്ചവിശ്രമം നടപ്പില്‍ വരുത്തും. 2007ലെ 16ാം നമ്പര്‍ മന്ത്രാലയ ഉത്തരവിന്‍െറ ഭാഗമായാണ് തൊഴില്‍ സാമൂഹ്യകാര്യ വകുപ്പ് മന്ത്രാലയം തൊഴിലാളികള്‍ക്ക് വിശ്രമസമയം നടപ്പാക്കുന്നത്. നാളെ മുതല്‍ ആഗസ്ത് 31 വരെ തുറസായ സ്ഥലത്ത് രാവിലെ അഞ്ച് മണിക്കൂറിലധികം തൊഴിലെടുപ്പിക്കാന്‍ പാടില്ല. രാവിലെ 11.30 വരെ മാത്രമേ തൊഴില്‍ പാടുള്ളൂ എന്നും ഉത്തരവിലുണ്ട്. വൈകുന്നേരത്തെ തൊഴില്‍ സമയം, മൂന്ന് മണിക്ക് ശേഷമല്ലാതെ ആരംഭിക്കുകയുമരുത്. മന്ത്രാലയത്തിന്‍െറ ഉത്തരവ് പ്രകാരമുള്ള പ്രവൃത്തി സമയ നോട്ടീസ് കമ്പനികള്‍ തൊഴിലിടങ്ങളില്‍ പതിക്കണം. തൊഴിലാളികളും മന്ത്രാലയത്തില്‍ നിന്നുമുള്ള പരിശോധകരും കാണുന്ന വിധത്തിലായിരിക്കണം പുതിയ സമയക്രമീകരണം കാണിച്ചുള്ള നോട്ടീസ് പതിക്കേണ്ടത്. മന്ത്രാലയത്തിന്‍െറ തീരുമാനം കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടത്തെിയാല്‍ കമ്പനി കുറഞ്ഞത് ഒരുമാസത്തേക്ക് പൂട്ടിയിടുമെന്നും മുന്നറിയിപ്പ് നല്‍കി. ഏതാനും ദിവസങ്ങളായി രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച ദോഹയില്‍ ചില ഭാഗങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. അബൂഹാമൂര്‍, ഖത്തര്‍ യൂനിവേഴ്സിറ്റി മഖലകളിലാണ് ഇന്നലെ കൊടും ചൂട് രേഖപ്പെടുത്തിയത്. ശഹാനിയയില്‍ 47 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മിസഈദ്, വക്റ, അല്‍ ഖോര്‍ എന്നിവിടങ്ങളിലാണ് താപനില 46 ഡിഗ്രിയിലത്തെിയത്. ദോഹയില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ് ഒൗദ്യോഗികമായി രേഖപ്പെടുത്തിയത്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് പൊതുജനാരോഗ്യ ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി വ്യക്തമാക്കിയിരുന്നു. ഇത്തരം കമ്പനികള്‍ക്ക് വിസ നിരോധമടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നാണ മുന്നറിയിപ്പ് നല്‍കിയത്. അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ തൊഴിലാളികളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.