പ്രതീക്ഷയോടെ ഇന്ത്യന്‍ തടവുകാരും ബന്ധുക്കളും

ദോഹ: നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ തടവുകാരെ കൈമാറുന്ന ഖത്തറുമായുള്ള കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്  26ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് കരാര്‍ ഒപ്പിട്ടത്.
അന്ന് ഖത്തര്‍ ജയിലില്‍ 96 ഇന്ത്യക്കാരാണുണ്ടായിരുന്നത്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് അത് 154 ആണ്. 40-ളം പേര്‍ മലയാളികളാണെന്നാണ് വിവരം. ഏഴോളം സ്ത്രീകളും ജയിലില്‍ കഴയുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളുടെയും മന്ത്രിസഭാതീരുമാനങ്ങളില്‍ തടവുകാരെ കൈമാറുന്ന കരാറിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. കൂടികാഴ്ചയില്‍ തടുവുകരുടെ കൈമാറ്റവുമായി ബന്ധപെട്ട വിഷയം ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷികുന്നത് .
കൊലപാതകം, പീഡന-ബലാല്‍സംഘ കേസുകള്‍, ലഹരി കടത്ത്, കൈവശം വെക്കല്‍ തുടങ്ങിയ ഗൗരവമേറിയ ക്രിമിനല്‍ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നഇന്ത്യക്കാരുടെ എണ്ണം നാല്‍പതില്‍ താഴെയാണ്. ഇന്ത്യക്കാരില്‍ ക്രിമിനല്‍ കേസില്‍ പെട്ട് ഏറ്റവുമൊടുവില്‍ ജയിലിലായത് തിരുവനന്തപുരം സ്വദേശിയാണ്. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തെ 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2014 ഏപ്രില്‍ 18ന് വുഖൈറിലെ ജോലിസ്ഥലത്ത് നടന്ന കൊലപാതകത്തിന്‍െറ പേരില്‍ കഴിഞ്ഞ ജനുവരി 29നാണ് ഇദ്ദേഹത്തെ കോടതി ശിക്ഷിച്ചത്. 
ഇന്തോനേഷ്യന്‍ വീട്ടുവേലക്കാരിയെ വധിച്ച കേസില്‍ രണ്ട് തൃശൂര്‍ സ്വദേശികളും ജയിലില്‍ കഴിയുന്നുണ്ട്. 2003ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇവരുടെ തടവുകാലം ഇപ്പോള്‍ 13 വര്‍ഷം പിന്നിട്ടു. ഇവര്‍ക്ക് തടവിന് പുറമെ നാല് ലക്ഷം റിയാല്‍ പിഴയുമുണ്ട്. 
ഇതിന് പുറമെ 82 വയസുള്ള ഖത്തരി വനിതയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പേര്‍ കൂടി ജയിലിലുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഇവരെ ശിക്ഷിച്ചത്. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് 20 വര്‍ഷം ശിക്ഷിക്കപ്പെട്ട മറ്റൊരു മലയാളിയും 1999 മുതല്‍ ജയിലിലുണ്ട്. പത്തോളം പേരാണ് ലഹരിമരുന്ന് കേസുകളില്‍ ജയിലിലുള്ളത്. മൂന്നു വനിതകള്‍ ഉള്‍പ്പെടെ 15 പേരാണ് മോഷണക്കേസില്‍ ജയിലില്‍ കഴിയുന്നത്. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിക്ക് പത്ത് വര്‍ഷമാണ് തടവുശിക്ഷ. മാനഭംഗം, അലക്ഷ്യമായ വാഹനമോടിക്കല്‍, വസ്തുവകകള്‍ക്ക് നാശമുണ്ടാക്കല്‍, മറ്റൊരാളുടെ വസ്തുവില്‍ അതിക്രമിച്ചു കടക്കല്‍, അഴിമതി, വാടക നല്‍കാതിരിക്കല്‍, വഞ്ചന, വ്യാജരേഖ ചമക്കല്‍, മദ്യവില്‍പന തുടങ്ങി വിവിധ കേസുകളാണ് മറ്റുള്ളവരുടെ പേരിലുള്ളത്.
ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ പകുതിയിലേറെയും ചെക്ക്കേസുകളിലോ മറ്റ് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടോ ആണ്. ഇത്തരക്കാര്‍ വേഗം ശിക്ഷ കാലാവധി തീര്‍ത്ത് ജയിലില്‍ നിന്ന് ഇറങ്ങാറുണ്ട്. ബാങ്കുകളെ കബളിപ്പിക്കല്‍, വായ്പ തിരിച്ചടക്കാതിരിക്കല്‍ തുടങ്ങിയ കേസുകളില്‍ പെട്ടവരും കൂട്ടത്തിലുണ്ട്. ചെക്ക് കേസുകളിലും മറ്റും പണം നല്‍കാനുള്ളവര്‍ മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ വരുമോയെന്നത് വ്യക്തമല്ല. പല കേസുകളിലായി നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കപ്പെട്ടവരുടെ കാര്യത്തിലും തീരുമാനമാവണം. മൊത്തം തടവുകാരില്‍ 80 ശതമാനത്തില്‍ കൂടുതലും മൂന്ന് വര്‍ഷത്തില്‍ കുറവ് ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടവരാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.