ഖത്തറില്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു

ദോഹ: 67ാമത്  ഇന്ത്യന്‍ റിപ്പബ്ളിക് ദിനം ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ എട്ട് മണിക്ക് ഹിലാലിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. അംബാസഡര്‍ സഞ്ജീവ് അറോറ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡന്‍റിന്‍െറ റിപ്പബ്ളിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു. വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശീയ ഗാനവും ദേശ ഭക്തിഗാനാലാപനവും നടത്തി. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഖത്തറിലത്തെിയ ഇന്ത്യന്‍ തീരദേശ സംരക്ഷണ സേനയുടെ കപ്പല്‍ ഐ.സി.ജി.എസ് സങ്കല്‍പിലെ കമാന്‍റഡ് ഓഫ് ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ മുഗുര്‍ ഗാര്‍ഗിയും നാവികരും എംബസിയില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ പങ്കെടുത്തു. വിവിധ സംഘടന ഭാരവാഹികള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 
ഇന്ത്യന്‍ അംബാസഡര്‍ ഐ.സി.സിയുമായി സഹകരിച്ച് സംഘടിപ്പിച്ച റിപ്പബ്ളിക് ദിന വിരുന്ന് ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ നടന്നു. ഇന്നലെ രാത്രി നടന്ന പരിപാടിയില്‍ ഖത്തരി പ്രമുഖരും പ്രവാസി സമൂഹത്തിലെ സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുത്തു. ഖത്തര്‍ ഗതാഗത മന്ത്രി സൈഫ് അഹമ്മദ് അല്‍ സുലൈത്തി, വിദേശകാര്യ മന്ത്രാലയത്തിലെ ഇബ്രാഹിം ഫഖ്റു, ഖത്തര്‍ എയര്‍വെയ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. അംബാസഡര്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. ഇന്ത്യന്‍ കാലാ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന നിരവധി കലാ പ്രകടനങ്ങളും നടന്നു.
രാജ്യത്തെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലും വിപുലമായ പരിപാടികളോടെ റിപ്പബ്ളിക് ദിനാഘോഷം നടന്നു. എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രസിഡന്‍റിനെ പ്രതിനിധീകരിച്ച് എ.കെ. ഉസ്മാന്‍ ദേശീയ പതാക ഉയര്‍ത്തി. രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. 
വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് കെ.സി. അബ്ദുല്ലത്തീഫ് ദേശീയ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ് നായര്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും വിളിച്ചറിയിക്കുന്ന വിവിധ കലാപരിപാടികളും നടന്നു. നോബിള്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ വൈസ് ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. 
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ബിര്‍ള പബ്ളിക് സ്കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, സ്കോളേര്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയ വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളിലും റിപ്പബ്ളിക് ദിനാഘോഷ പരിപാടികള്‍ നടന്നു.
റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയെയും ഭരണകൂടത്തെയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അഭിനന്ദിച്ചു. ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അമീര്‍ അഭിനന്ദന സന്ദേശമയച്ചു. 
റിപ്പബ്ളിക് ദിനം പ്രമാണിച്ച് ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും ഇന്ത്യന്‍ പ്രസിഡന്‍റിന് അഭിനന്ദന സന്ദേശം അയച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.