നഴ്സുമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇളവ്

ദോഹ: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന വ്യവസ്ഥകളില്‍ ഖത്തര്‍ ആരോഗ്യ ഉന്നതാധികാര സമിതി ഇളവ് വരുത്തി. ഖത്തറില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാനുളള ലൈസന്‍സ് ലഭിക്കാന്‍ ചുരുങ്ങിയത് രാജ്യത്ത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. സ്വദേശികളുടെയോ, രാജ്യത്തെ വിദേശ തൊഴിലാളികളുടെയോ മക്കള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവര്‍ക്കാണ് ഇളവ് ബാധകമാവുക. ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ പ്രാക്ടീഷണേഴ്സ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ പ്രാക്ടീഷണേഴ്സിന്‍െറ (ക്യു.സി.എച്ച്.പി) ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, സിദ്റ മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ എന്നിവിടങ്ങളില്‍ ജോലി തേടുന്നവര്‍ക്കാണ് ഈ ഇളവ് അനുവദിക്കുക. എന്നാല്‍, ആരോഗ്യ കൗണ്‍സില്‍ നിര്‍ദേശിച്ച ഇന്‍േറണ്‍ഷിപ്പ് ഇവര്‍ പൂര്‍ത്തിയാക്കിയിരിക്കണം. അതെസമയം മറ്റ് സര്‍ക്കാര്‍ ആരോഗ്യ മേഖലകള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാനുളള ലൈസന്‍സിന് രാജ്യത്തെ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഇതാകട്ടെ ലൈസന്‍സുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ കീഴിലായിരിക്കണമെന്ന നിബന്ധനയുമുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.