താഴ്ന്ന വരുമാനക്കാരായ പ്രവാസികളുടെ  തൊഴില്‍ സാഹചര്യങ്ങള്‍ പഠിക്കുന്നു

ദോഹ: രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസികളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഖത്തര്‍ യൂനിവേഴ്സിറ്റി വിശദമായ സര്‍വേ നടത്തുന്നു. ഈ വര്‍ഷം സെപ്തംബറിലാണ് സര്‍വേ തുടങ്ങുക. യൂനിവേഴ്സിറ്റിയിലെ സോഷ്യല്‍ ആന്‍റ് ഇക്കണോമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ (എസ്.ഇ.എസ്.ആര്‍.ഐ) മേല്‍നോട്ടത്തിലാണ് സര്‍വവേ നടക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ രാജ്യത്തെ പ്രഥമ തൊഴിലാളി ക്ഷേമ സൂചികയായിരിക്കുമിത്. ലേബര്‍ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന 1000ത്തോളം താഴ്ന്ന വരുമാനക്കാരില്‍ നിന്ന് ഇതിനായി വിവരങ്ങള്‍ ശേഖരിക്കും. ശാരീരിക, മാനസിക ആരോഗ്യം, ജോലി സ്ഥലത്തെ ചുറ്റുപാട്, ജീവിത സാഹചര്യം തുടങ്ങിയവ സംബന്ധിച്ച് ഫോണ്‍ മുഖേനയോ നേരിട്ടോ ആയിരിക്കും വിവരങ്ങള്‍ ശേഖരിക്കുക. 
തൊഴില്‍ നിയമത്തിന് കീഴില്‍ വരുന്നവരെ മാത്രമായിരിക്കും സര്‍വേയില്‍ പരിഗണിക്കുക. അതുകൊണ്ടുതന്നെ വീട്ടുജോലിക്കാരെ ഉള്‍പ്പെടുത്തില്ല. രാജ്യത്തുള്ള പതിനായിരക്കണക്കിന് നീലക്കോളര്‍ തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്തുകയെന്നതാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്.ഇ.എസ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. ദാര്‍വിഷ് അല്‍ഇമാദി പറഞ്ഞു. സര്‍വേയില്‍ ഉള്‍പ്പെടുത്തേണ്ട ചോദ്യങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. 
എന്നാല്‍, പാസ്പോര്‍ട്ട് സ്വന്തമായാണോ അതോ തൊഴിലുടമയാണോ സൂക്ഷിക്കുക, താമസ സ്ഥലത്തെ സൗകര്യം എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുടമ തൊഴിലാളിയുടെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും മുമ്പ് നടത്തിയ ചെറിയ സര്‍വേകളില്‍ സാധാരണക്കാരായ തൊഴിലാളികള്‍ പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈയില്‍ ഏല്‍പ്പിച്ചതായി കണ്ടത്തെിയിരുന്നു. ഒരുമിച്ചുള്ള താമസ സ്ഥലത്ത് പാസ്പോര്‍ട്ട് സുരക്ഷിതമായി സൂക്ഷിക്കുക പ്രയാസകരമായതിനാലാണ് പലരും ഇങ്ങനെ ചെയ്യുന്നതെന്ന് എസ്.ഇ.എസ്.ആര്‍.ഐ റിസര്‍ച്ച് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ ജെന്‍ഗ്ളര്‍ പറഞ്ഞു. 
തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുകയാണോ അതോ മോശമാവുകയാണോ എന്ന് മനസ്സിലാക്കുന്നതിന് സര്‍വേയില്‍ തയ്യാറാക്കുന്ന സൂചിക ഓരോ ആറ് മാസത്തിലും അപ്ഡേറ്റ് ചെയ്യുമെന്നും ഗെന്‍ഗ്ളര്‍ വ്യക്തമാക്കി. സര്‍വേയുടെ സാധ്യത സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യൂണിവേഴ്സിറ്റി ഗവേഷകര്‍ ഈയാഴ്ച ആദ്യം തൊഴില്‍സാമൂഹിക ക്ഷേമ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ഖുലൈഫി, ബന്ധപ്പെട്ട മറ്റ് വിദഗത്തര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. 
തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ദേശീയ തലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സൂചിക തയ്യാറാക്കലെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പ് അല്‍ഖുലൈഫി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.