ഖത്തറില്‍ പെട്രോള്‍വില കൂട്ടി

ദോഹ: ഖത്തറില്‍ പെട്രോള്‍ വിലയില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധനവ്. സാധാരണ പെട്രോളിനും സൂപ്പര്‍ പെട്രോളിനും ലിറ്ററിന് 30 ദിര്‍ഹമാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച 12 മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ധനവ് പ്രകാരം സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.30 റിയാലും പ്രീമിയത്തിന് 1.15 റിയാലുമാണ് വില. നേരത്തെ സൂപ്പര്‍ പെട്രോളിന് ഒരു റിയാലും പ്രീമിയത്തിന് 85 ദിര്‍ഹവുമായിരുന്നു വില. പുതുക്കിയ വില പ്രകാരം പെട്രോള്‍ ഗോള്‍ഡ് ഒരു ലിറ്ററിന് 1.25റിയാലാണ് വില.
പെട്രോള്‍ സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ പതിച്ചിട്ടുണ്ട്. വിലവര്‍ധനവ് സംബന്ധിച്ച് പൊതുമേഖല എണ്ണ കമ്പനിയായ വുഖൂദ് നേരിട്ട് പെട്രോള്‍ സ്റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. വിലവര്‍ധിപ്പിക്കുന്നതറിഞ്ഞ് പെട്രോള്‍ സ്റ്റേഷനുകളില്‍ രാത്രി വാഹനങ്ങളുടെ വലിയ  നിര തന്നെയുണ്ടായിരുന്നു.2011ലാണ് ഖത്തര്‍ സര്‍ക്കാര്‍ പെട്രോളിന് ഇതിനു മുമ്പ് വില വര്‍ധിപ്പിച്ചത്. അന്ന് വിലയില്‍ 25 ശതമാനത്തിലധികമാണ് വര്‍ധിപ്പിച്ചത്. ഡീസലിനും മണ്ണെണ്ണക്കും അന്ന് വില വര്‍ധിപ്പിച്ചിരുന്നു. പിന്നീട് 2014 മെയ് ഒന്നിന് ഡീസലിന് 50 ശതമാനം വര്‍ധന വരുത്തി. പ്രാദേശിക കമ്പനികള്‍ക്ക് ലിറ്ററിന് 1.5 റിയാലായും സംയുക്ത സംരംഭങ്ങള്‍ക്ക് ലിറ്ററിന് 1.8 റിയാലുമായാണ് അന്ന് ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഖത്തര്‍ ആസ്ഥാനമല്ലാത്ത കമ്പനികള്‍ ലിറ്ററിന് ഒരു റിയാല്‍ നിരക്കില്‍ തന്നെ എണ്ണവില്‍ക്കുമെന്ന് വുഖൂദ് അന്ന് അറിയിച്ചിരുന്നു. ആഗോള തലത്തില്‍ എണ്ണ വിലയിടിഞ്ഞ പശ്ചാത്തലത്തില്‍ സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് ഉള്‍പ്പടെയുള്ള ജി.സി.സി രാജ്യങ്ങള്‍ ഇന്ധന വില വര്‍ധിപ്പിച്ചെങ്കിലും ഖത്തര്‍ വില വര്‍ധന ആലോചിക്കുന്നില്ളെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇപ്പോള്‍ വില വര്‍ധനവുണ്ടായിരിക്കുന്നത്. എണ്ണവരുമാനത്തിലുണ്ടായ കുറവിനത്തെുടര്‍ന്നുള്ള ധനകാര്യസമ്മര്‍ദമാണ് ഗള്‍ഫ് രാജ്യങ്ങളെ ഇന്ധന വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അറബ് പെട്രോളിയം  ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പറേഷന്‍ (അപികോര്‍പ്പ്) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ബഹ്റൈനിലും വില വര്‍ധിപ്പിച്ചിരുന്നു. ബഹ്റൈനില്‍ വര്‍ധിപ്പിച്ച പെട്രോള്‍ വില കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് നിലവില്‍ വന്നത്. അവിടെ ഡീസലിനും മണ്ണെണ്ണക്കും ജനുവരി ഒന്നു മുതല്‍ വില വര്‍ധിപ്പിച്ചിരുന്നു. യു.എ.ഇക്കും സൗദിക്കും പിന്നാലെയാണ് ബഹ്റൈനും വില വര്‍ധിപ്പിച്ചത്. 33 വര്‍ഷത്തിന് ശേഷമാണ് ബഹ്റൈനില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.  യു.എ.ഇയില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് പെട്രോള്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നത്.  24 ശതമാനം വര്‍ധനവാണ് അവിടെ ഉണ്ടായത്. ഒമാനില്‍ ഗാസോലിന്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.  സമീപഭാവിയില്‍തന്നെ ഇന്ധനവില വര്‍ധിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് കുവൈത്ത്. 
ആറ് മാസം മുമ്പാണ് ജല വൈദ്യുതി വകുപ്പായ കഹ്റമാ വെള്ളത്തിനും വൈദ്യുതിക്കും നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ജല-വൈദ്യുതി നിരക്കിലും രാജ്യത്ത് വര്‍ധനവുണ്ടായത്.  ഖത്തര്‍ ഗവണ്‍മെന്‍റ് തപാല്‍ വകുപ്പായ ക്യു പോസ്റ്റ് തങ്ങളുടെ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ വര്‍ധന വരുത്തി. ജനുവരി ഒന്നുമുതലാണ് ക്യു പോസ്റ്റിന്‍െറ എല്ലാ സേവനങ്ങളിലും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.