സ്വകാര്യ ട്യൂഷന് കൂച്ചുവിലങ്ങിടാന്‍  സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍

ദോഹ: സ്വകാര്യ ട്യൂഷന്‍ പൂര്‍ണമായി നിയന്ത്രിക്കാന്‍ സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ തീരുമാനം. ഈ അധ്യയന വര്‍ഷത്തിന്‍െറ രണ്ടാം പാദം മുതല്‍ സ്വകാര്യ ട്യൂഷന്‍ നിരോധിക്കുമെന്ന് പ്രാദേശികപത്രം അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘനം നടത്തുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനാണ് കൗണ്‍സിലിന്‍െറ തീരുമാനം. നിയമലംഘനം നടത്തുന്നവര്‍ക്ക് ആറുമാസത്തെ തടവും ലക്ഷം റിയാല്‍ പിഴയും വരെ ലഭിക്കും. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കാനുളള ജുഡീഷ്യല്‍ അധികാരങ്ങള്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി കൗണ്‍സിലിന്‍െറ കമ്യൂണിക്കേഷന്‍ തലവന്‍ ഹസന്‍ അല്‍ മുഹന്നദി അറിയിച്ചു. 
നിയമം നടപ്പിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്വകാര്യ ട്യൂഷന്‍ പ്രോല്‍സാഹിപ്പിക്കുന്ന വിധത്തിലുളള പഠനോപകരണങ്ങള്‍ പുറത്തിറക്കരുതെന്ന് പ്രസാധകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നവക്കെതിരെ നടപടി സ്വീകരിക്കാനും കൗണ്‍സിലിന് അധികാരമുണ്ട്. ആദ്യഘട്ടത്തില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍കാരെയാണ് കൗണ്‍സില്‍ ലക്ഷ്യമിടുക -അല്‍ മുഹന്നദി പറഞ്ഞു. 
വിവിധ മാധ്യമങ്ങളിലൂടെ പുതിയ നിയമത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കും. ട്യൂട്ടര്‍മാരുടെ സഹായമില്ലാതെ പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കും വിധം കൗണ്‍സിലിന്‍െറ വെബ്സൈറ്റില്‍ പാഠങ്ങളും വിശദീകരണങ്ങളും പ്രസിദ്ധീകരിക്കും. ചില വിഷയങ്ങളില്‍ പ്രയാസം നേരിടുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ സ്കുളുകളില്‍ തന്നെ സ്പെഷല്‍ ക്ളാസുകള്‍ സംഘടിപ്പിക്കും. 
ട്യൂഷനെ ആശ്രയിക്കുന്നതിന് പകരം വിദ്യാര്‍ഥികള്‍ സ്കൂളിലെ ക്ളാസില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കുട്ടികളില്‍ അലസതയുണ്ടാക്കുന്ന നടപടികള്‍ രക്ഷിതാക്കളും അവസാനിപ്പിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.