ദോഹ: ഖത്തറില്‍ മാര്‍ക്കറ്റിങ് ഇ-മെയിലുകള്‍ക്കും എസ്.എം.എസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി നിയമം കര്‍ശനമാക്കുന്ന ഡാറ്റാ പ്രൈവസി നിയമത്തിന്‍െറ കരട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ മാര്‍ക്കറ്റിങ് മെയിലുകളും എസ്.എം.എസുകളും അയക്കുന്ന കമ്പനികളും മറ്റും നിയമക്കുരുക്കില്‍ പെടാതിരിക്കണമെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട അവസ്ഥയായി. കരട് നിയമം ഉപദേശകസമിതിയുടെ (ശൂറ കൗണ്‍സില്‍) പരിഗണനക്കായി അയച്ചിരിക്കുകയാണ്. മുന്‍കൂട്ടി അനുവാദമില്ലാതെ ഒരാള്‍ക്ക് മാര്‍ക്കറ്റിങ്, മെസേജുകള്‍ അയക്കാന്‍ നിയമം അനുവദിക്കുന്നില്ല. കമ്പനികളില്‍ നിന്ന് മാര്‍ക്കറ്റിങ് മെസേജുകള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് ഉപഭോക്താക്കള്‍ കൃത്യമായി വ്യക്തമാക്കിയാലേ ഇവ അയക്കാന്‍ പറ്റൂ.
മറ്റു രാജ്യങ്ങളിലുളള ഇത്തരം നിയമങ്ങളുടെ ചുവടുപറ്റിയാണ് ഖത്തറിലും പുതിയ നിയമം വരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ തങ്ങള്‍ക്ക് പരിചയമില്ലാത്ത കമ്പനികളില്‍ നിന്ന് മെസേജുകള്‍ വരുന്നുവെന്ന ജനങ്ങളുടെ പരാതിക്ക് അറുതിയാവും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നതിനനുസരിച്ച് സ്വന്തം നമ്പര്‍ എഴുതി നല്‍കുന്നത് മൂലമാണ് പലര്‍ക്കും ആവശ്യമില്ലാത്ത മെസേജുകള്‍ ലഭിക്കുന്നതെന്ന് ഉരീദു നേരത്തെ വ്യക്തമാക്കിയിരുന്നു. ഫോമുകള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ ഉടന്‍ ഫോണ്‍നമ്പര്‍ സഹിതം വിവരങ്ങള്‍ നല്‍കും. ഈ നമ്പറുകളിലേക്ക് കടക്കാര്‍ സന്ദേശങ്ങള്‍ അയക്കുന്നത്. ഇത്തരത്തില്‍ നമ്പറുകള്‍ നല്‍കുന്നത് വലിയ ശൃംഖലയുളള കമ്പനികള്‍ക്കാണെങ്കില്‍ അവര്‍ തങ്ങളുടെ മറ്റു ശാഖകളിലേക്കും നമ്പറുകള്‍ നല്‍കുന്നു. ഇങ്ങനെ കമ്പനിയുടെ എല്ലാ സേവനങ്ങളെയും ഉല്‍പന്നങ്ങളെയും കുറിച്ചുളള സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഉരീദു ഉപഭോക്താക്കള്‍ക്ക് ‘Unsub Company Name’ എന്ന ഫോര്‍മാറ്റില്‍ 92600 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ച് ഇത്തരം മെസേജുകള്‍ക്ക് തടയിടാന്‍ കഴിയും.
ഉരീദുവിന്‍െറ മൊബൈല്‍ ആപ് ഉപയോഗിച്ചും ഇത്തരം സന്ദേശങ്ങള്‍ തടയാം.
വോഡഫോണിന്‍െറ ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ച്, വോഡഫോണ്‍ ഉപഭോക്താക്കള്‍ക്കും അനാവശ്യ എസ്.എം.എസുകള്‍ തടയാന്‍ വഴിയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി എസ്.എം.എസ് അയക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.