മൊബൈല്‍ ആപ് വഴി കമ്പനി  സ്ഥാപിക്കാന്‍ അനുമതി തേടാം

ദോഹ: വ്യാപാര വ്യവസായ മേഖലയുടെ വളര്‍ച്ച അനായാസം സാധ്യമാകും വിധം മൊബൈല്‍ ഫോണ്‍ വഴി ലോകത്തിന്‍െറ ഏതുകോണില്‍നിന്നും ഏതുസമയവും കമ്പനി തുടങ്ങാന്‍ സാധ്യമാകുന്ന ആപ്ളിക്കേഷന്‍ പുറത്തിറക്കി. സാമ്പത്തിക വാണിജ്യ മന്ത്രാലയമാണ് ആന്‍ഡ്രോയിഡ് ഫോണിലും ഐ ഫോണിലും ഉപയോഗിക്കാവുന്ന ആപ് വഴി കമ്പനി സ്ഥാപിക്കാന്‍ സഹായകമായ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചത്. 
പുതുതായി ബിസിനസ് സംരംഭങ്ങള്‍  തുടങ്ങുന്നവര്‍ക്കായി ലളിതമായ നടപടിക്രമങ്ങളാണ് ‘എംഇസി ഖത്തര്‍’ എന്ന പുതിയ ആപ്ളിക്കേഷനില്‍ ഒരുക്കിയിട്ടുള്ളത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തുടങ്ങുന്ന കമ്പനിയുടെ ഇനം, ഉടമകളുടെ എണ്ണം, വ്യാപാര സംരഭത്തിന്‍െറ പേര്, സ്വഭാവം തുടങ്ങിയ വിവരങ്ങളും ആവശ്യമായ രേഖകളും അറ്റാച്ച്മെന്‍റായി നല്‍കണം. ശേഷം രശീതി ലഭിക്കുകയും മന്ത്രാലയത്തില്‍ ഒറ്റത്തവണയുള്ള സന്ദര്‍ശനത്തിലൂടെ കമ്പനി ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്യും. രാജ്യത്തെ വാണിജ്യ വ്യവസായ മേഖലയുടെ വികസനത്തിന് പുതിയ ആപ് ഗുണകരമാകുമെന്നാണ് മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍. മന്ത്രാലയവുമായി വ്യാപാരികള്‍ക്ക് ആപ് വഴി എളുപ്പം ബന്ധപ്പെടാന്‍ കഴിയും. കൊമേഴ്ഷ്യല്‍ നെയിം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ആപ്ളികേഷന്‍ ഉപയോഗിക്കേണ്ടത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ എസ്.എം.എസും കണ്‍ഫര്‍മേഷന്‍ ഇ മെയിലും ലഭിക്കും.
ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും മറ്റു സാമ്പത്തിക കാര്യങ്ങളില്‍ തല്‍പരരായവര്‍ക്കും പരസ്പരം ബന്ധപ്പെടാനാകും വിധമുള്ള നിരവധി സ്മാര്‍ട്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കാണ് മന്ത്രാലയം ഈയിടെ തുടക്കമിട്ടിട്ടുള്ളത്. കൊമേഴ്സ്യല്‍ ലൈസന്‍സന്‍സുകളുടെ വിതരണവും പുതുക്കലും വ്യാപാരനാമങ്ങള്‍ അറിയല്‍, രേഖകള്‍ ലഭ്യമാക്കല്‍, ഉടമസ്ഥാവകാശം ലഭ്യമാക്കലും റദ്ദാക്കലും തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം ഇത്തരം ഇലക്ട്രോണിക് സേവനങ്ങള്‍ ഉപകരിക്കും. വ്യാപാര മേഖലയിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കുന്ന അറബ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച സേവനദാതാക്കള്‍ക്കുള്ള അവാര്‍ഡ് ഈയിടെ ഖത്തര്‍ സാമ്പത്തിക-വാണിജ്യമന്ത്രാലയത്തിന് ലഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.