ദോഹ: സൗദി അറേബ്യയില്‍ നടക്കുന്ന ജി.സി.സി-അറബ് രാജ്യങ്ങളിലെ സായുധസേന സംഗമമായ ‘റാദ് അല്‍ ശമാലി’ല്‍ പങ്കെടുക്കായി ഖത്തര്‍ സായുധ സേനവിഭാഗം പുറപ്പെട്ടു. സൗദിയുടെ വടക്കന്‍ മേഖലയിലെ സൈനിക താവളമായ കിങ് ഖാലിദ് മിലിട്ടറി സിറ്റിയിലെ ഹഫര്‍ അല്‍ ബാതിനിലാണ് വിവിധ രാജ്യങ്ങളില്‍നിന്നത്തെുന്ന സേനാവിഭാഗങ്ങള്‍ സമ്മേളിക്കുക. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിന്‍െറ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ സൈനിക സംഗമങ്ങളിലൊന്നാണ് ‘റാദ് അല്‍ ശമാല്‍’. 20 അറബ്-സുഹൃദ് രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധ സേനകളാണ് ഇവിടെ സംഗമിക്കുക. വടക്കന്‍ ഇടിമുഴക്കം എന്നര്‍ഥം വരുന്ന ‘റാദ് അല്‍ ശമാല്‍’ എന്ന പേരില്‍ മൂന്നാഴ്ച നീളുന്ന സൈനിക സംഗമത്തിന്‍െറ ലക്ഷ്യം ജി.സി.സി അംഗരാജ്യങ്ങളിലെയും അറബ് ഇസ്ലാമിക രാജ്യങ്ങളിലേയും സേനാ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കല്‍, സേനകളുടെ മത്സരക്ഷമത വികസിപ്പിക്കല്‍, സേനയെ സജ്ജമാക്കല്‍, അത്യാധുനിക യുദ്ധക്കോപ്പുകളിലുള്ള പരിശീലനം എന്നിവയാണ്.
അതിനിടെ, സിറിയയില്‍ ഐ.എസിനെതിരായി യു.എസിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന സൈനികനീക്കത്തില്‍ പങ്കെടുക്കാന്‍ അറബ് സഖ്യസേന തീരുമാനിച്ചാല്‍ ഖത്തര്‍ സൈന്യം അതിന് സജ്ജമാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പ്രസ്താവിച്ചു. മ്യൂണിക്കില്‍ സുരക്ഷ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനും സഹോദര-സുഹൃദ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് സൈനിക സംഗമമെന്ന് സൗദിയിലേക്ക് തിരിക്കുംമുമ്പ് ഖത്തര്‍ സേന കമാന്‍ഡര്‍ മേജര്‍ റാഷിദ് സാലിഹ് അല്‍ ഹാജ്രി പറഞ്ഞു. കരസേന അഭ്യാസം, കമാന്‍ഡന്‍റ് തല പ്രകടനങ്ങള്‍, തന്ത്രപരമായ പ്രകടനങ്ങള്‍ എന്നിവയിലായിരിക്കും ഖത്തര്‍ സേന വിഭാഗം പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സൈന്യത്തിലെ കര-വ്യോമ വിഭാഗം സൈനിക പരേഡിലും പങ്കെടുക്കുന്നുണ്ട്. സൗദിയിലെ സഹോദന്‍മാരും അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ സഖ്യകക്ഷികളും അണിനിരക്കുന്ന സംഗമത്തിന്‍െറ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കാന്‍ ഇത്തരം സഹകരണങ്ങള്‍ പ്രാപ്തമാകുമെന്നും അല്‍ ഹാജ്രി പറഞ്ഞു.
2015 മാര്‍ച്ച് മുതല്‍ യമനിലെ വിമത ഹൂതി പോരാളികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സൈനിക നടപടിയില്‍ ഖത്തറും പങ്കുചേര്‍ന്നിരുന്നു. നിയമപരമായി അധികാരമേറ്റ യമന്‍ സര്‍ക്കാറിന് പിന്തുണ നല്‍കാനും തീവ്രപക്ഷ ഹൂതി മുന്നേറ്റത്തിന് തടയിടാനുമായി നടത്തിയ സൈനിക നീക്കത്തില്‍ സൗദിക്കും ഖത്തറിനുമൊപ്പം ബഹ്റൈന്‍, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളും സൈനിക നീക്കത്തില്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.