മുന്‍ സാംസ്കാരിക മന്ത്രിക്ക്  ‘മാന്‍ ഓഫ് ദ അറബ് ഹെറിറ്റേജ്’ പുരസ്കാരം

ദോഹ: ഈ വര്‍ഷത്തെ ‘മാന്‍ ഓഫ് ദ അറബ് ഹെറിറ്റേജ്’ പുരസ്കാരം മുന്‍ സാംസ്കാരിക-പൈതൃക വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിക്ക് സമ്മാനിക്കും. അറബ് കലാ-സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കുന്നവര്‍ക്കായി നല്‍കിവരാറുള്ളതാണ് പുരസ്കാരം. 
അബൂദബി ആസ്ഥാനമായ അറബ് സെന്‍റര്‍ ഫോര്‍ ടൂറിസം മീഡിയയാണ് (എ.സി.ടി.എം) അവാര്‍ഡിന്‍െറ പ്രായോജകര്‍. അറബ്യന്‍ ചരിത്രവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ വഹിച്ച പങ്ക് മുന്‍നിര്‍ത്തിയാണ് മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അവാര്‍ഡ് നല്‍കുന്നത്. നേരത്തെ യുനസ്കോ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ഖത്തറിന്‍െറ മത്സരാര്‍ഥിയായിരുന്നു അല്‍ കുവാരി. ഏഴ് വര്‍ഷത്തോളം  സാംസ്കാരിക വകുപ്പ് കൈകാര്യംചെയ്ത അല്‍ കുവാരി ഫ്രാന്‍സ്, യു.എസ്, യുനെസ്കോ, യു.എന്‍ എന്നിവിടങ്ങളില്‍ ഖത്തര്‍ സ്ഥാനപതിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
പുരസ്കാരം ബുഹമതി നേടിത്തരുന്നതിനൊപ്പം തന്നില്‍ പുതിയ ഉത്തരവാദിത്ത്വവും വിശ്വാസമവും അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രാദേശികമായും അറബ് ലോകത്തും കൂടാതെ അന്താരാഷ്ട്ര രംഗത്തും അറബ് പാരമ്പര്യ  പ്രചാരണത്തിന്‍െറ ചുമതല തന്നിലര്‍പ്പിതമാണെന്നും അദ്ദേഹം പറഞ്ഞു. സിറിയ, ഇറാഖ്, യെമന്‍, ലിബിയ എന്നിവിടങ്ങളില്‍ അറബ് സംസ്കാരത്തിനും പാരമ്പര്യത്തിനും കനത്ത നാശവും വെല്ലുവിളിയും നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, യുനസ്കോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ പൈതൃക സംരക്ഷണത്തില്‍ ഖത്തറിന്‍െറ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടുകയാണെന്ന് ഡോ. കുവാരി ചൂണ്ടിക്കാട്ടി. 
മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും ചരിത്രവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന രാജ്യവുമായ ഖത്തറിന് കൂടി അവകാശപ്പെട്ടതാണ് തന്‍െറ അവാര്‍ഡെന്നും കുവാരി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.