പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാത്ത അസഹിഷ്ണുത  വാദത്തോട് താല്‍പര്യമില്ല -സുനിത കൃഷ്ണന്‍

ദോഹ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ക്രൂരപീഡനങ്ങളോട് സമൂഹം വലിയ സഹിഷ്ണുത കാണിക്കുമ്പോള്‍, രാജ്യത്ത് സജീവമായ അസഹിഷ്ണുത വിവാദത്തോട് തനിക്ക് താല്‍പര്യമില്ളെന്ന് പത്മശ്രീ ജേതാവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുമായ ഡോ. സുനിത കൃഷ്ണന്‍. മതത്തിന്‍െറയും ഒരു തുണ്ട് ഭൂമിയുടെയും കാര്യം വരുമ്പോള്‍ മാത്രമാണ് അസഹിഷ്ണുത പുറത്തുവരുന്നത്. 
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന പീഡനങ്ങളും, ഇത്തരം സംഭവങ്ങളില്‍ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള സമൂഹത്തിന്‍െറ വിമുഖതയുമാണ് തന്നെ അലട്ടുന്നത്. 25 വര്‍ഷമായുള്ള തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ച പത്മ പുരസ്കാരം. അത് തിരിച്ചുകൊടുക്കാന്‍ താല്‍പര്യമില്ല. എങ്ങനെയാണ് തനിക്കത് ലഭിച്ചതെന്നും ആരാണ് തന്നെ നാമനിര്‍ദേശം ചെയ്തതെന്നും പുരസ്കാരം കിട്ടിയപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. ഞാന്‍ രാജ്യത്തിന് ദുഷ്പേര് ഉണ്ടാക്കുന്നയാളാണെന്ന് പറഞ്ഞവര്‍ തന്നെ ഇപ്പോള്‍ അംഗീകരിച്ചത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഫോക്കസ് ലേഡീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് ദോഹ ഐ.സി.സി മുംബൈ ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സരിത നായര്‍ വിഷയത്തില്‍ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. 
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്ത അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായമാണത്. 
അതിനോട് യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതിന്‍െറ പേരില്‍ താന്‍ സ്ത്രീവിരുദ്ധയാണെന്ന് പറയുന്നവര്‍ക്ക് അതും പറയാം. മറ്റു പല വിഷയങ്ങളിലും താന്‍ പറഞ്ഞതും എഴുതിയതും കേള്‍ക്കുകയോ വായിക്കുകയോ ചെയ്തതിലും എത്രയോ കൂടുതല്‍ ആളുകള്‍ ഇത് അറിഞ്ഞുവെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത്.
ഇസ്്ലാമിനെ ദുര്‍വ്യാഖ്യാനിച്ച് മതപുരോഹിതരും സമൂഹവും പല ദുര്‍വൃത്തികളും ചെയ്യുന്നുണ്ടെന്നാണ് ബോധ്യപ്പെടുന്നതെന്നും അവര്‍ പ്രതികരിച്ചു. 
മതത്തെ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇസ്ലാം സ്ത്രീവിരുദ്ധമാണെന്നുള്ള വ്യാപകമായ പ്രചാരണങ്ങളുടെ അടിസ്ഥാനം. ഭൂരിഭാഗം ഇസ്ലാം മത വിശ്വാസികള്‍ വസിക്കുന്ന ഹൈദരാബാദില്‍ ജീവിക്കുന്നയാള്‍ എന്ന നിലക്ക് മനസിലായത് ഇതാണ്. 
ഇസ്്്ലാമിനെ ശരിയായി വ്യാഖ്യാനിക്കാന്‍ ശക്തമായ ശ്രമങ്ങള്‍ വേണമെന്നും സുനിത കൃഷ്ണന്‍ പറഞ്ഞു. ഫോക്കസ് ഖത്തറിന്‍െറ വനിത വിഭാഗമായ ഫോക്കസ് ലേഡീസ് രൂപവല്‍കരണ പ്രഖ്യാപനം ഇന്ന് വൈകുന്നേരം 3.30 മുതല്‍ ദഫ്നയിലെ ഖത്തര്‍ സ്പോര്‍ട്സ് ക്ളബില്‍ നടക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ മെഡിക്കല്‍ അഫയേഴ്സ് വിഭാഗം മേധാവി ഡോ. ആയിഷ അല്‍ നുഐമി ഫോക്കസ് ലേഡീസിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം നടത്തും. 
ഫോക്കസ് ലേഡീസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സബിത അനീസ്, ഡയറക്ടര്‍ ജെസി ഹാഫിസ്, അസി. കോ ഓഡിനേറ്റര്‍ ദില്‍ബ മിദ്ലാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.