ആഭ്യന്തര മന്ത്രാലയം സേവനങ്ങള്‍ നല്‍കുന്ന  സ്വകാര്യ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നു

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിവിധ ഓണ്‍ലൈന്‍സേവനങ്ങള്‍ രാജ്യത്തെ വിവിധ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമാക്കാനായി മന്ത്രാലയത്തിന്‍െറ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന സ്വകാര്യകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 2011ലാണ് മന്ത്രാലയത്തിന്‍െറ ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായി കമ്പനികളില്‍നിന്നും വ്യക്തികളില്‍നിന്നുമായി നിശ്ചിത ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന 96 കേന്ദ്രങ്ങള്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയത്. കമ്പനികള്‍ക്ക് നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയോ അല്ളെങ്കില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ബുദ്ധിമുട്ടുകളോ ഇല്ലാതാക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ സഹായിക്കുന്നു. മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തന സമയം അവസാനിച്ചാലും ഇത്തരം കേന്ദ്രങ്ങളെ അഭയംതേടുന്നവര്‍ക്ക് തങ്ങളുടെ ഇടപാടുകള്‍ സാധ്യമാക്കാമെന്നും മന്ത്രാലയത്തിന്‍െറ ഉപകേന്ദ്രങ്ങളിലെ വര്‍ധിച്ച തിരക്ക് ഒഴിവാക്കാമെന്നതും കേന്ദ്രങ്ങളുടെ പ്രത്യേകതയാണ്. 
കമ്പനികളുടെ പല പ്രതിനിധികള്‍ ചെയ്തുപോരുന്ന ഇത്തരം ജോലികള്‍ കേന്ദ്രത്തിലെ കുറഞ്ഞ ജോലിക്കാര്‍ക്ക് ചെയ്തുതീര്‍ക്കാന്‍ പറ്റുമെന്നതും കമ്പനികള്‍ ഇവരെ ആശ്രയിക്കാന്‍ കാരണമാകുന്നു. ജീവനക്കാരുടെ വിസ ഇടപാടുകള്‍, റസിഡന്‍റ് പെര്‍മിറ്റ് വിതരണം, പുതുക്കല്‍, റദ്ദാക്കല്‍, എക്സിറ്റ് പെര്‍മിറ്റ്, കമ്പനി ഐ.ഡിയുടെ വിതരണം, സി.ആര്‍ പുതുക്കല്‍ എന്നിവയും ഗതാഗത സംബന്ധിച്ച വാഹന രജിസ്ട്രേഷന്‍, റോഡ് പെര്‍മിറ്റ്, ടെക്നിക്കല്‍ ചെക്കപ്പ്, ഡ്രൈവിങ് സ്കൂള്‍ രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍,  എന്നിവയും ഇത്തരം കേന്ദ്രങ്ങളിലൂടെ സാധ്യമാകും. കൂടാതെ ഫിംഗര്‍ പ്രിന്‍റിനായുള്ള രജിസ്ട്രേഷന്‍, സിവില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ട നടപടികള്‍ എന്നിവക്കും ഇത്തരം കേന്ദ്രങ്ങളുടെ സഹായം തേടാം. മന്ത്രാലയത്തിന്‍െറ ലൈസന്‍സിന് പുറമെ, തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും ചെയ്യുന്ന ഓരോ സേവനങ്ങള്‍ക്കുമുള്ള അംഗീകാരപത്രം ഇത്തരം സ്വകാര്യകേന്ദ്രങ്ങള്‍ കരസ്ഥമാക്കേണ്ടതുണ്ട്. 
നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും മന്ത്രാലയത്തിന്‍െറ നിര്‍ദേശങ്ങള്‍ക്കും അനുസൃതമായേ സ്വകാര്യ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാവൂ എന്നും ചെയ്യുന്ന സേവനങ്ങള്‍ക്ക് മന്ത്രാലയം നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനും സ്വകാര്യ കേന്ദ്രങ്ങള്‍ ബാധ്യസ്ഥരാണെന്നും ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ മുഹന്നദി (ടെക്നിക്കല്‍ ഡയറക്ടര്‍ ജനറല്‍ ഡയറക്ടറേറ്റ് ബോര്‍ഡേഴ്സ്, പാസ്പോര്‍ട്സ്) പറയുന്നു. 
കൂടാതെ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ അലംഭാവമോ സേവനങ്ങളിലെ വീഴ്ചകള്‍ക്കോ നിയമലംഘനങ്ങള്‍ക്കോ സേവനകേന്ദ്രങ്ങള്‍ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
വിവിധ കമ്പനികളുടെയോ, ഉപഭോക്താവിന്‍െറയോ അംഗീകാരമില്ലാതെ അവര്‍ക്കായുള്ള ഇടപാടുകള്‍ നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. ഓഫീസില്‍ തങ്ങളുടെ ലൈസന്‍സ് പ്രദര്‍ശിപ്പിക്കുക,  മൂന്ന് കമ്പ്യൂട്ടര്‍, ടെലിഫോണ്‍ ലൈന്‍, ഇന്‍റര്‍നെറ്റ്, ഫാക്സ്, മന്ത്രാലയത്തിന്‍െറ ഓണ്‍ലൈന്‍ സര്‍വീസ് ലഭ്യമാകുന്ന സോഫ്റ്റ്വെയര്‍, രേഖകള്‍ സൂക്ഷിക്കാനുള്ള സംവിധാനം, ഇ-ഗവണ്‍മെന്‍റ് സംവിധാനം (ഹുകൂമി)യുടെ വരിക്കാരാവുക, തപാല്‍ വകുപ്പുവഴി ഐ.ഡി കാര്‍ഡുകളും മറ്റും കൈപ്പറ്റി ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ള സംവിധാന എന്നിവയെല്ലാം ഇത്തരം കേന്ദ്രങ്ങള്‍ക്കുണ്ടായിരിക്കണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.