സാമ്പത്തിക വാണിജ്യ മന്ത്രാലയം ഉത്തരവ്: വാറന്‍റി കാലയളവില്‍ വാഹന ഉടമകള്‍ക്ക്  ഇഷ്ടമുള്ള ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണി നടത്താം

ദോഹ: വാഹനങ്ങളുടെ വാറന്‍റി കാലയളവില്‍ ഉടമകള്‍ക്ക് ഇഷ്ടമുള്ള ഗ്യാരേജുകളെ സമീപിച്ച് കേടുതീര്‍ക്കാനും സര്‍വീസ് നടത്താനും അനുവാദം നല്‍കുന്ന ഉത്തരവ് സാമ്പത്തിക വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ചു. ഇങ്ങനെ ചെയ്താലും വാഹനം വാങ്ങുമ്പോള്‍ ലഭ്യമായ വാറന്‍റി നഷ്ടപ്പെടില്ല. പുതുതായി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ലഭ്യമാകുന്ന വാറന്‍റിയും നിലവില്‍ കാലാവധി തീരാത്ത വാറന്‍റിയും നിലനില്‍ക്കുന്ന  വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണിക്കും സര്‍വീസിനുമായി ഇനി പ്രത്യേകം വര്‍ക്ക്ഷോപ്പുകള്‍ നിര്‍ദേശിക്കാന്‍ ഡീലര്‍മാര്‍ക്ക് അവകാശമുണ്ടാവില്ല. 
നേരത്തേ കമ്പനി ഡീലര്‍മാരുടെ അംഗീകൃത വര്‍ക്ഷോപ്പുകളില്‍ മാത്രം റിപ്പയര്‍ ചെയ്യാനേ ഉടമകള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. അനുഛേദം (4), 19-2006ാം നമ്പര്‍ നിയമപ്രകാരം ഡീലര്‍മാരുടെ കുത്തക അവസാനിപ്പിക്കുകയും രാജ്യത്ത് കച്ചവട മാത്സര്യം വര്‍ധിപ്പിക്കുകയുമാണ് പുതിയ നിര്‍ദേശത്തന്‍െറ ലക്ഷ്യം. ഇതിനായി മന്ത്രാലയം നിരവധി ഷോറൂമുകള്‍ സന്ദര്‍ശിക്കുകയും വാഹനത്തോടൊപ്പം നല്‍കുന്ന കൈപുസ്തകം പഠനവിധേയമാക്കുകയും ചെയ്തിരുന്നു. ഇവയില്‍ വാറന്‍റി സംബന്ധമായ അനേകം നിയന്ത്രണങ്ങള്‍ മന്ത്രാലയം കണ്ടത്തെിയിരുന്നു. സര്‍വീസിനായി പ്രത്യേകം വര്‍ക്ക് ഷോപ്പുകള്‍ നിര്‍ദേശിക്കുന്ന വാഹന ഡീലര്‍മാരുടെ നിര്‍ദേശങ്ങള്‍ തള്ളാനും മന്ത്രാലയം വാഹന ഉടമകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ 16001 എന്ന ഹോട്ട്ലൈന്‍ നമ്പറിലും info@mec.gov.qa ഇ മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ അപ്ളക്കേഷന്‍ വഴിയോ ബന്ധപ്പെടാം. 
വാഹനം സ്വന്തമാക്കുമ്പോള്‍ ലഭ്യമാകുന്ന വാറന്‍റി കാലാവധിയില്‍ വര്‍ക്ക്ഷോപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മൂന്നാമതൊരു ഗ്യാരേജിലാണ് സര്‍വീസ് നടത്തുന്നതെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ബില്ലുകളും കേടുപാട് തീര്‍ത്ത വിവരങ്ങളും സൂക്ഷിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വാഹന ഉടമകളുടെ താല്‍പര്യാര്‍ഥം, രാജ്യത്തെ 22-ഓളം വരുന്ന പ്രമുഖ കാര്‍ ഡീലര്‍മാര്‍ മന്ത്രാലയം നിര്‍ദേശിച്ച പുതിയ ഒമ്പതിന നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മന്ത്രിലായത്തിന് എഴുതിനല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ ഡീലര്‍മാരും തങ്ങളുടെ മാറ്റം വരുത്തിയ വാറന്‍റി നിര്‍ദേശങ്ങളും ഇതോടൊന്നിച്ച് അംഗീകാരത്തിനായി മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭാവിയില്‍ വാറന്‍റി സംബന്ധമായി നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ മന്ത്രാലയത്തിന്‍െറ  കച്ചവട മാത്സര്യ സംരക്ഷണ വിഭാഗത്തില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങിക്കേണ്ടതുമാണ്. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിച്ച പ്രത്യേക ഗുണമേന്മയുള്ള ഓയില്‍ ഫില്‍ട്ടറുകള്‍, യന്ത്രഭാഗങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍ എന്നിവ വാങ്ങി ഉപയോഗിക്കാന്‍ ഉടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വ്യാജ സ്പെയര്‍പാര്‍ട്സ് ഉപയോഗിച്ച് വാഹനത്തിന് തകരാര്‍ സംഭവിച്ചാല്‍ മാത്രമേ ഡീലര്‍മാര്‍ക്ക് വാറന്‍റി നിഷേധിക്കാന്‍ അവകാശമുള്ളൂ. 
ഇത്തരത്തിലാണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്ന് ഡീലര്‍മാര്‍ വാദമുന്നയിക്കുമ്പോള്‍ അതിന് ആനുപാതികമായ തെളിവുകളും ഇവര്‍ ഹാജരാക്കേണ്ടതായുണ്ട്.  കേടുപാടുകള്‍ തീര്‍ക്കാനായി നേരത്തെ കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ പ്രത്യേകമായി പണം ഈടാക്കാന്‍ ഡീലര്‍മാര്‍ക്ക് അവകാശമില്ല. 
മന്ത്രാലയത്തിന്‍െറ പുതിയ നീക്കം വ്യാപാരരംഗത്തെ  മത്സരക്ഷമത വര്‍ധിപ്പിക്കുകയും ഡീലര്‍മാരുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും സഹായമാകുമെന്ന് ഞായറാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.