ഖത്തറില്‍ സബ്സിഡി  ചരക്കുകള്‍ വില്‍പന നടത്തിയാല്‍ അഞ്ച് ലക്ഷം റിയാല്‍ പിഴ

ദോഹ: ഗവണ്‍മെന്‍റ് അനുവദിക്കുന്ന സബ്സിഡി ചരക്കുകള്‍ വില്‍പ്പന നടത്തിയാല്‍ അഞ്ച്ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുന്ന നിയമം വാണിജ്യ മന്ത്രാലയം പുറത്തിറക്കി.  ഇതിന് പുറമെ കടയുടമക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഈ നിയമം അനുശാസിക്കുന്നു. സബ്സിഡി ചരക്കുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചവര്‍ക്ക് മാത്രമേ സബ്സിഡി വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ അനുമതിയുള്ളൂ. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്ക് മാത്രമേ ഇത് സംബന്ധിച്ച ലൈസന്‍സ് അനുവദിക്കുകയുള്ളൂ. ലൈസന്‍സിന് അപേക്ഷിക്കുന്ന വ്യക്തി ഏതെങ്കിലും തരത്തിലുള്ള നിയമ നടപടിക്ക് വിധേയമാകാത്തവരായിരിക്കണം. ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെടുന്ന വ്യക്തിയും മേല്‍ പറഞ്ഞ രീതിയില്‍ സ്വഭാവ ശുദ്ധി ഉള്ള ആളായിരിക്കണം. ലൈസന്‍സ് കാലാവധി ഒരു വര്‍ഷമായിരിക്കുമെങ്കിലും പുതുക്കാവുന്നതായിരിക്കും. എന്നാല്‍ ലൈസന്‍സ് ഫീസ് നിശ്ചയിക്കുന്നത് വാണിജ്യ മന്ത്രിആയിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. സബ്സിഡി ചരക്കുകള്‍ നിശ്ചയിച്ച് നല്‍കിയതിലും കൂടുതല്‍ വിലക്ക് വില്‍ക്കുന്നതോ അതിന്‍െറ യഥാര്‍ത്ഥ അവകാശികള്‍ക്കല്ലാതെ വില്‍പ്പന നടത്തുകയോ ചെയ്താല്‍ കര്‍ശനമായ നിയമ ലംഘനമായി പരിഗണിച്ച് ശിക്ഷ നല്‍കും.  ലഭിക്കുന്ന ചരക്കുകള്‍ തൂക്കം കുറക്കുക, അനുവദിക്കുന്ന സാധനങ്ങള്‍ക്ക് പകരം വില കുറഞ്ഞ സാധനങ്ങള്‍ വില്‍ക്കുക, അനുവദിച്ച വിലയേക്കാള്‍ കൂടുതല്‍ വിലക്ക് വില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഗുരുതരമായ നിയമ ലംഘനമായിരിക്കും. സബ്സിഡി ചരക്കുകള്‍ യഥാ സമയം വില്‍ക്കാതെ പൂഴ്ത്തി വെക്കുകയോ സാധനങ്ങള്‍ ശേഖരിച്ചതിന് ശേഷം കട അടച്ചിടുകയോ ചെയ്ത് വില്‍പ്പന തടയാന്‍ പാടില്ല. ചരക്കുകള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ബില്ലുകള്‍ വാങ്ങേണ്ടതും സൂക്ഷിക്കേണ്ടതുമാണ്. ബന്ധപ്പെട്ട വകുപ്പില്‍ ഏത് സമയത്ത് പരിശോധനക്ക് വന്നാലും ബില്ലുകള്‍ കാണിക്കേണ്ടതാണ്. സബ്സിഡി ചരക്കുകളുടെ അവകാശികള്‍ വാങ്ങിയതിന് ശേഷം മറ്റൊരാള്‍ക്ക് ഒരു കാരണവശാലും വില്‍ക്കാന്‍ പാടുള്ളതല്ല. 
ഖത്തറിന് പുറത്തേക്ക് ഈ സാധനങ്ങള്‍ കയറ്റി അയക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ സ്ഥാപനത്തിന്‍്റെ ലൈസന്‍സ് മൂന്ന് മാസമോ സ്ഥിരമായോ റദ്ദ് ചെയ്യാന്‍ മന്ത്രാലയത്തിന് അനുമതി ഉണ്ടായിരിക്കും. 22 ഓളം ഖണ്ഡികകളിലായാണ് ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ വിശദീകരിക്കുന്നത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.