അലപ്പോ: ഖത്തറിന്‍െറ നിലപാടിനും  കാരുണ്യത്തിനും പത്തരമാറ്റ് തിളക്കം

ദോഹ: സിറിയയിലെ അലപ്പോയില്‍ ഭരണകൂടത്താലും സൈനികരാലും ക്രൂരഹത്യക്ക് വിധേയരാക്കപ്പെടുന്ന മനുഷ്യസമൂഹത്തിനായി ഖത്തര്‍ ഭരണകൂടവും ജനതയും  നടത്തുന്ന ഇടപെടലുകള്‍ ലോകത്തിന് മുന്നില്‍ ശ്രദ്ധേയമാകുന്നു. ഓരോ ദിവസവും അതീവ ഗുരുതരാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെടുന്ന അലപ്പോയിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്ന ഖത്തര്‍ ഡിസംബര്‍ 18 ലെ തങ്ങളുടെ ദേശീയ ദിനാഘോഷംപോലും റദ്ദാക്കിക്കൊണ്ട് അലപ്പോയിലുള്ളവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. അതിനൊപ്പം അലപ്പോയിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണം,മരുന്ന് എന്നിവ എത്തിക്കാന്‍ തങ്ങളുടെ ജനങ്ങളോട് സാമ്പത്തിക സഹായം ചെയ്യാനും ഖത്തര്‍ ഗവണ്‍മെന്‍റ് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഖത്തറിലെ പൗരാണിക പ്രദര്‍ശന നഗരിയായ ‘ദര്‍ബസായി’ യില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. ജനം നല്‍കിയത് 245 ദശലക്ഷം കോടി ഖത്തര്‍ റിയാലായിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ഗവണ്‍മെന്‍റും നടത്തുന്ന അലപ്പോ ഐക്യദാര്‍ഡ്യ ആഹ്വാനം ജനം സ്വീകരിച്ചതാണ് ഈ ഭീമമായ തുക പിരിഞ്ഞ് കിട്ടാന്‍ കാരണമെന്നത് പകല്‍പോലെ വ്യക്തവുമാണ്. വിമതനീക്കം ശക്തിപ്പെട്ടിരുന്ന, സിറിയയിലെ അലപ്പോയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഭരണകൂടം ജനങ്ങളോട് ശത്രുക്കളെക്കാള്‍ ക്രൂരമായാണ് പെരുമാറിയിരുന്നത്. പ്രതിപക്ഷ പാര്‍ട്ടിക്കാരോടും അവരുടെ അനുയായികളോടും വൈരാഗ്യം ഉണ്ടാകുക എന്നും കഴിഞ്ഞ് സിവിലിയന്‍മാരെ കൊന്നൊടുക്കുക എന്ന അസ്വാഭാവികമായ ശൈലിയിലേക്കാണ് ബഷാര്‍ ഭരണകൂടം ചെന്നത്തെിയത്. ഇതിനെ ചെറുക്കാനും എതിര്‍ക്കാനും ലോകരാജ്യങ്ങളില്‍ നിന്നും കാര്യമായ ശ്രമം ഉണ്ടായില്ല എന്നതായിരുന്നു സത്യം. എന്നാല്‍ ഖത്തര്‍ നിരന്തരം അലപ്പോയിലെ കൂട്ടക്കുരുതിക്ക് എതിരെ സദാശബ്ദിച്ച് കൊണ്ടിരിക്കുകയാണ്. 2016  ജനുവരി  9 ന് 
സിറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടി ഖത്തര്‍ വിദേശകാര്യമന്ത്രി  ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്‍റ് ഇലബോ ഓസ്കാര്‍ റൊസേലി ഫെരേറ, യു.എന്‍ പൊതുസഭ പ്രസിഡന്‍റ് മോഗന്‍സ് ലെയ്കെറ്റോഫ് എന്നിവര്‍ക്ക് സന്ദേശമയച്ചിരുന്നു. സിറിയയിലെ സബദാനി, മദായ, ബുഗന്‍, ബ്ളുദന്‍ എന്നിവിടങ്ങളിലെ ജനങ്ങളെ വലച്ചുകൊണ്ടിരിക്കുന്ന ഉപരോധം സംബന്ധിച്ച് സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ജനുവരി 18 ന്  ഉപരോധത്താല്‍ ദുരിതംപേറുന്ന സിറിയയിലെ മദായ പ്രദേശത്തെ ജനങ്ങള്‍ക്ക് സഹായമത്തെിക്കാന്‍ ഖത്തര്‍ നിവാസികള്‍ കയ്യഴിഞ്ഞ് സംഭാവനകള്‍ നല്‍കണമെന്ന് ഖത്തര്‍ ചാരിറ്റി ആഹ്വാനം ചെയ്തതും ശ്രദ്ധേയ സംഭവമായിരുന്നു. യുദ്ധം കാരണം സിറിയയുടെ വിവിധ ഭാഗങ്ങളിലേക്ക്  പറിച്ചുമാറ്റപ്പെട്ട 1600 ഓളം പേര്‍ക്ക് ഖത്തര്‍ വ്യവസായിയുടെ നേതൃത്വത്തില്‍   ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റിയുമായി (ക്യു.ആര്‍.സി.എസ്) ചേര്‍ന്ന് 4.28 ദശലക്ഷം ഖത്തര്‍ റിയാല്‍ ചെലവില്‍ ‘ബിന്‍ സ്രയാ ചാരിറ്റബിള്‍ ടൗണ്‍’എന്ന പേരില്‍ പാര്‍പ്പിട കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളുമൊരുക്കാനുള്ള  ആരംഭം കുറിച്ചത് കഴിഞ്ഞ ഫെബ്രുവരി തുടക്കത്തിലായിരുന്നു.  സിറിയയിലെ ആക്രമണങ്ങള്‍ ഏറ്റുതളര്‍ന്ന  അലപ്പോ നിവാസികള്‍ക്ക് സഹായവാഗ്ദാനവും പിന്തുണയുമായി ഖത്തറിലെ സന്നദ്ധ സംഘടനകളായ ശൈഖ് ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസും (റാഫും) ശൈഖ് ഈദ് ബിന്‍ മുഹമ്മദ് ആല്‍ഥാനി ചാരിറ്റി ഫൗണ്ടേഷനും (ഈദ് ചാരിറ്റി) അതിശക്തമായ കാരുണ്യഹസ്തങ്ങളുമായി കഴിഞ്ഞ മെയില്‍ രംഗത്തത്തെിയിരുന്നു.  മറ്റൊരു ശ്രദ്ധേയ സംഭവം ഉണ്ടായത് , കഴിഞ്ഞ മെയ് ആദ്യവാരത്തിലായിരുന്നു.  അലപ്പോയില്‍ ഭരണകൂടത്തിന്‍െറ ഭീകരാക്രമണത്തിനിരയാകുന്നവര്‍ക്ക് ഒരുകൈ സഹായവുമായി ഖത്തറിലെ ഒരു ഡസനിലേറെ റസ്റ്റോറന്‍റുകള്‍ കൈകോര്‍ത്തു.  ഒരുദിവസത്തെ  മുഴുവന്‍ വരുമാനവും സിറിയയിലെ ദുരിതബാധിതര്‍ക്ക് നല്‍കിക്കൊണ്ടാണ് അവര്‍ സഹജീവികളോടുള്ള കാരുണ്യം പ്രകടമാക്കിയത്. അതിനൊപ്പം ഭരണകൂടം അന്താരാഷ്ട്ര വേദികളിലെല്ലാം ഉശിരോടെ സിറിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സംസാരിച്ച് കൊണ്ടിരുന്നു.
അലപ്പോയില്‍  മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കുരുതികളും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അറബ് ലീഗ് കൗണ്‍സില്‍ അടിയന്തിരമായി സ്ഥിരാംഗങ്ങളുടെ യോഗം വിളിച്ച് കൂട്ടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടതും ഖത്തര്‍ വിദേശ കാര്യ മന്ത്രി യു.എസ് വിദേശ സെക്രട്ടറി ജോണ്‍കെറിയോട് ദിവസങ്ങള്‍ക്ക് മുമ്പും ആവശ്യപ്പെട്ടിരുന്നു. ഖത്തര്‍ ലോകഭൂപടത്തില്‍ ഒരു കൊച്ച് രാജ്യമാണ്. എന്നാല്‍ അതുയര്‍ത്തി പിടിക്കുന്ന നീതിബോധവും, ലോകത്ത് സംഭവിക്കുന്ന തേര്‍വാഴ്ചകള്‍ക്കെതിരായ പ്രതിഷേധവും കാരണം, വലിയ രാജ്യങ്ങളെക്കാള്‍ വലിയ പ്രസക്തി ഖത്തറിനെ തേടിയത്തെുന്നുണ്ട് എന്നതാണ് വാസ്തവം.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.