എക്സിറ്റ്: ആശങ്ക വേണ്ടന്ന് മന്ത്രാലയം 

ദോഹ: ഈ മാസം 14 മുതല്‍ നടപ്പാകാന്‍ പോകുന്ന രാജ്യത്തെ പരിഷ്ക്കരിച്ച തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സുപ്രധാന സംശയങ്ങള്‍ക്ക് സാമൂഹിക ക്ഷേമ-തൊഴില്‍ വകുപ്പ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നു. 
പുതുക്കിയ തൊഴില്‍ നിയമം പ്രവാസി തൊഴിലാളികള്‍ക്ക് ഏത് തരത്തില്‍ ഗുണമാകുമെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്ന് വരുന്നത്. എക്സിറ്റ് പെര്‍മിറ്റ് വിഷയത്തില്‍ നിലവിലെ സൗകര്യം പോലും ഇല്ലാതാകുമെന്ന അവസ്ഥയാണു ഉണ്ടാകാന്‍ പോകുന്നതെന്ന വ്യാപകമായ ആശങ്ക പ്രചരിക്കുന്നതിനിടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നത്. പുതിയ എക്സിറ്റ് നിയമം അനുസരിച്ച് പ്രവാസികള്‍ക്ക് തൊഴിലുടമയില്‍ നിന്ന് എക്സിറ്റ് ആവശ്യപ്പെടാനുള്ള സൗകര്യം നിലനിര്‍ത്തിയിട്ടുണ്ട്. തൊഴിലുടമ എക്സിറ്റ് നല്‍കുന്നില്ളെങ്കില്‍ പുതുതായി നിലവില്‍ വരുന്ന എക്സിറ്റ് പരാതി സമിതിക്ക് മുന്‍പില്‍ അപേക്ഷിക്കാം. 
ഇത് നേരിട്ടും രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും ഹുകൂമി സേവന കേന്ദ്രങ്ങള്‍ വഴിയോ ഹുകൂമി ഓണ്‍ലൈന്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. 
അപേക്ഷ ലഭിച്ച ഉടന്‍ തന്നെ സമിതി വിഷയം പഠിക്കുകയും പരാതിക്കാരന് ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ട ആളാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം നിലവിലെ തൊഴിലുടമയുമായി ബന്ധപ്പെട്ട് എക്സിറ്റ് നല്‍കാതിരിക്കാനുള്ള കാരണം ഉണ്ടോയെന്ന് അന്വേഷിക്കും.   ഈ കാരണം തികച്ചും നിലനില്‍ക്കുന്നതാണെങ്കില്‍ മാത്രമേ കമ്മിറ്റി തൊഴിലുടമയുടെ വാദം അംഗീകരിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ഈ കമ്മിറ്റി തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ എക്സിറ്റ് നല്‍കും. മറ്റൊരു പ്രധാന വസ്തുകത, നിലവിലെ തൊഴിലുടമയുടെ കീഴില്‍ നിന്ന് പുതിയ തൊഴിലുടമയുടെ അടുത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ തൊഴിലുടമയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിക്കേണ്ടതില്ല. 
എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ളെങ്കില്‍ നിലവിലെ ഉടമയില്‍ നിന്ന് അനുമതി വാങ്ങണം. എന്നാല്‍ നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ക്കും പ്രത്യേക അനുമതി വാങ്ങാതെ തൊഴിലുടമയെ മാറ്റാന്‍ സാധിക്കും.
 ചുരുങ്ങിയത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണമെന്ന് മാത്രം. 
ഏത് വിഭാഗത്തില്‍ പെട്ട തൊഴിലാളികളാണെങ്കിലും തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചതിന് ശേഷമേ പുതിയ സ്ഥലത്തേക്ക് മാറാന്‍ അനുമതി ഉണ്ടാകൂ. പുതിയ തൊഴില്‍ നിയമം പ്രവാസികള്‍ക്ക് ഏറെ സാധ്യതകള്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. 


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.