ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയവ നന്നാക്കാന്‍ നല്‍കുമ്പോള്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

ദോഹ: സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുപാടുകള്‍ തീര്‍ക്കാനായി കൈമാറുമ്പോള്‍ ഇവയിലടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതായി ആശങ്ക. 
റിപ്പയറിങ്ങ് ഇനത്തില്‍ കുറഞ്ഞ നിരക്കാണ് പല അനുമതിയില്ലാത്ത സര്‍വീസ് സെന്‍ററുകളും ഷോപ്പുകളും ഈടാക്കുന്നതെന്നിരിക്കെ, അനുമതിയുള്ള സര്‍വീസ് കേന്ദ്രങ്ങളെ തഴഞ്ഞാണ് മിക്ക  ഉടമകളും ഇത്തരക്കാരെ സമീപിക്കുന്നത്.  ഉപകരണങ്ങളിലടങ്ങിയ സ്വകാര്യ ഫോട്ടോകളും വീഡിയോകളും നമ്പറുകളും മറ്റും ചോര്‍ത്തി ബ്ളാക്മെയില്‍ ചെയ്യുന്ന സംഭവവും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ പശ്ചത്താലത്തില്‍ സ്മാര്‍ട്ട്ഫോണുകളും മറ്റും സര്‍വീസിനായി നല്‍കുമ്പോള്‍ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കണമെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഖത്തര്‍ സി.ഐ.ഡി വിഭാഗം മൊബൈല്‍ സെയില്‍സ് ആന്‍റ് സര്‍വീസ് കേന്ദ്രങ്ങളില്‍നിന്ന് ഇത്തരത്തില്‍ ബ്ളാക്ക്മെയില്‍ ചെയ്യുന്നത് പതിവാക്കിയ 35 പുരുഷന്മാരെ അറസ്റ്റ് ചെയ്തത്. സ്ത്രീകളായിരുന്നു പ്രധാനമായും ഇവരുടെ ഇരകള്‍. സ്വകാര്യ ഫോട്ടോകളും വീഡിയോകളും ചോര്‍ത്തി ഫോണ്‍ ഉടമകളെ ഭീഷണിപ്പെടുത്തി പണം പറ്റുകയായിരുന്നു ഇവരുടെ തന്ത്രമെന്ന് ‘അല്‍ റായാ’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരങ്ങളുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഇത്തരം കേസുകള്‍  അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും പലരും വിമുഖത കാണിക്കുന്നതായി പത്രം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 
തട്ടിപ്പുനടക്കുന്ന മറ്റൊരു മേഖല ഇലക്ട്രോണിക് ഉപകരണങ്ങളിലെ അസ്സല്‍ പാര്‍ട്സുകള്‍ മറ്റി വിലകുറഞ്ഞ വ്യാജനെ  സ്ഥാപിക്കുകയെന്നതാണ്. ഉപഭോക്താവിന്‍െറ അറിവോടെയല്ലാതെ മാറ്റുന്ന ഒറിജിനലുകള്‍ നല്ല വിലക്ക് മറ്റു ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയെന്നതാണ് ചില കേന്ദ്രങ്ങള്‍ ചെയ്യുന്നത്. ഉപകരണങ്ങളുടെ ‘ഓതറൈസ്ഡ് സര്‍വീസ്’ കേന്ദ്രങ്ങള്‍ വഴി കേടുപാടുകള്‍ തീര്‍ക്കുന്നത് താരതമ്യേന പണച്ചെലവാകുമെങ്കിലും മികച്ചതായിരിക്കുമെന്നാണ് പല ഉപഭോക്താക്കളും പറയുന്നത്. വ്യാജ സ്പെയര്‍പാര്‍ട്സുകള്‍ പ്രതിഷ്ഠിക്കുന്നതിലൂടെ ഉപകരണങ്ങളില്‍ വീണ്ടും കേടുപാടുകള്‍ വരാന്‍ സാധ്യതയേറുമെന്നും അതിനാല്‍ ഇത്തരക്കാരെ സമീപിക്കുമ്പോള്‍ മുന്‍കരുതല്‍ വേണമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.